അജി എസ് ആര്‍ എമ്മിന് വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ വിദ്യാജ്യോതി പുരസ്‌കാരം

By Web Desk.02 09 2022

imran-azhar

 


തിരുവനന്തപുരം: വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ വിദ്യാജ്യോതി പുരസ്‌കാരം അജി എസ് ആര്‍ എമ്മിന്. ശിവവഗിരി എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി, എസ് എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുന്ന അജി എസ് ആര്‍ എം, സാമൂഹ്യ രാഷ്ട്രീയ രംഗത്തും വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ചാരിറ്റി സെന്ററിന്റെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

 

കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബി ടെക് ബിരുദം നേടിയ അജി എസ് ആര്‍ എം, വര്‍ക്കല കാണവിള വീട്ടില്‍ എസ് ആര്‍ എം സുശീലന്റെയും ഡി സുശീലയുടെയും മകനാണ്. കുട്ടികാലം മുതല്‍ ശ്രീ നാരായണ പ്രസ്ഥാനവുമായി ബന്ധം പുലര്‍ത്തുന്നു. എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്‌മെന്റിലൂടെ 1995 ലാണ് നേതൃത്വ രംഗത്തേക്ക് കടന്നുവന്നത്.

 

കഴിഞ്ഞ പത്ത് വര്‍ഷമായി ശിവഗിരി എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്ന അജി എസ് ആര്‍ എം, നെടുങ്കണ്ട ശ്രീ നാരായണ ട്രെയിനിങ് കോളേജ്, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശിവഗിരി എസ് എന്‍ കോളേജ് എന്നീ സ്ഥാപനങ്ങളുടെ മാനേജ്മന്റ് പ്രതിനിധിയുമാണ്.

 

2016 ലും 2021 ലും വര്‍ക്കല നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. നോവലിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. മിഴാവൊലി, അരുമന വീടിന്റെ ആരൂഢം എന്നീ രണ്ട് നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 മാര്‍ച്ചില്‍ വര്‍ക്കലയില്‍ നടന്ന ചിത്രക്കൂട് ചിത്രപ്രദര്‍ശനത്തില്‍ 84 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഭാര്യ ദിവ്യ സോമന്‍ അജി. ഏക മകള്‍ സൗപര്‍ണ്ണിക അജി.

 

 

OTHER SECTIONS