അമ്മക്കളം

By കൃപ അമ്പാടി.25 09 2020

imran-azhar

1.
തലയ്ക്കുചുറ്റും
നക്ഷത്രങ്ങളുള്ള അച്ഛൻ,
ഞണ്ടുകൾ കിറുങ്ങിനടക്കുന്ന
തോട്ടുവരമ്പത്ത്
തലകീഴായിക്കിടക്കുന്ന
കാഴ്ച കാണാതിരിക്കാൻ
പുത്തനുടുപ്പിട്ട്
അമ്മവീട്ടിലേക്കുള്ള
പലായനം മാത്രമായിരുന്നോണം.

2.
ഒട്ടിയ കവിളുകളുള്ളമ്മ
ഇലയിട്ട്
വിളമ്പാൻ നേരം
പടിപ്പുരയുടെ
ആദ്യപടിയിൽ നിന്ന്
നിലതെറ്റിവീണ്
തൊണ്ട ചൊറിയുന്നൊരു
കഷ്ണമാകും അച്ഛൻ.

3.
വൈകിയാണെങ്കിലും
'' എൻ്റെച്ഛൻ വന്നമ്മേ ''
എന്ന കനലാറലായിരുന്നു
എനിക്കെന്നുമോണം.

4.
ചവിട്ടിത്താഴ്ത്തിയ മുറ്റത്ത്
തുമ്പയായിമുളച്ചമ്മ
കൈ പിടിച്ചപ്പോൾ
ഒറ്റയ്ക്കിരുന്നു പൂക്കളമിട്ടച്ഛൻ
''അമ്മ വരില്ലച്ഛാ" എന്ന
വാക്കേറ്റുനരച്ച്
ഉണ്ണാതെയുറങ്ങി.

 

~ കൃപ അമ്പാടി

 

=================================

മഴത്തോറ്റം : രചന , അവതരണം പി.കെ ഗോപി VIDEO :-

 

OTHER SECTIONS