അമ്മാന്‍

By RK.03 10 2021

imran-azhar

അമ്മാന്‍

 

കഥ

 

സുരേഷ് കുമാര്‍ വി.

 

ചടങ്ങിന്റെ അവസാന ഭാഗമായി. അമ്മായി മാത്രം കട്ടിലില്‍ നിന്നെഴുന്നേറ്റിട്ടില്ല.

 

ഇന്നലെയായിരുന്നു. ഭക്ഷണം കഴിച്ചുകിടന്നതാണ്. പെട്ടെന്നങ്ങ് എഴുന്നേറ്റു. ഉടനെ തന്നെ ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞു. പിടീന്നെത്തിയ്ക്കുകയും ചെയ്തു. കാറുണ്ടല്ലൊ... ആളുമുണ്ട്. പാതി ദൂരം വരെ വര്‍ത്താനം പറഞ്ഞിരുന്നതാണ്. അനങ്ങല്ലെ മിണ്ടല്ലെ എന്നൊക്കെ മുരളി പറഞ്ഞതാണ്. കേട്ടില്ല.

 

ഇത്രയും ഒഴുക്കോടെ അമ്മാന്‍ വര്‍ത്താനം പറയുന്നത് ആദ്യമായി കേള്‍ക്കുകയായിരുന്നു. കീഴടിത്താഴത്തൂന്ന് പിന്നേയും കുറേ പോകണം, നാലുകോടി ചെറുപുഷ്പത്തിലെത്തുവാന്‍.

 

'ഒന്നൂല്ലട മുരളി' എന്നു പിറുപിറുത്തു കൊണ്ടിരുന്നു. വെള്ളം കുടിച്ചു. ചിലപ്പോള്‍ നന്നായി വിയര്‍ത്തു. ഏസിയിടുവാന്‍ പറഞ്ഞു. പിന്നെ ഓഫാക്കുവാനും. ഓണമിങ്ങടുത്തുവല്ലൊ എന്നു വെപ്രാളപ്പെട്ടു. ചീനഭരണികളൊക്കെ കഴുകി വയ്ക്കണമെന്നായി ശാഠ്യം. കപ്പ എലി കൊണ്ടു പോകുന്നതിനെക്കുറിച്ചായി പിന്നീടു വര്‍ത്തമാനം. എപ്പോഴോ ഉറങ്ങി. ഉറങ്ങട്ടെ എന്ന് മുരളിയും വിചാരിച്ചു.ചെറുപുഷ്പത്തിലെത്തി, സ്‌ട്രെച്ചറിലേക്കെടുത്തപ്പോഴേയ്ക്കും തണുത്തു കഴിഞ്ഞിരുന്നു. മുരളിയുടെ മടിയില്‍ കിടന്നായിരുന്നു! അനന്തിരവന്‍ അതു ഭാഗ്യമായി കരുതുന്നു. മക്കള്‍ രണ്ടു പേരും പുറത്താണ്. അമ്മാന്, പക്ഷേ മുരളിയെയായിരുന്നു ഇഷ്ടം. തട്ടിന്‍പുറത്തു കയറുവാനും, വെറകുപുരയിലെ മൂര്‍ഖനെ പിടിക്കുവാനും, പുതിയ കക്കൂസുകുഴി കുഴിക്കുവാനും...

 

മുരളിയില്ലെങ്കില്‍ പിന്നെ മൗനം. ഇറയത്തിരുന്ന് വെറുതെ മൂത്ത അടയ്ക്കയില്‍ ചുണ്ണാമ്പു തേച്ചു കടിച്ചു പൊട്ടിച്ചങ്ങനെയിരിക്കും.

 

അമ്മാനോടൊപ്പം പുറംപണിക്കൊക്കെ ഒപ്പത്തിനൊപ്പം നിക്കും. പണിം കഴിഞ്ഞ് ആളോടൊപ്പമുള്ള കഴിപ്പാണ് ഗംഭീരം. ചാറില്ലാത്ത അവിയല്‍ പച്ച വെളിച്ചെണ്ണയൊഴിച്ചത്, തേങ്ങാച്ചമ്മന്തി, മുറിച്ചു വച്ച തൈര്... അമ്മാന്റെ ഊണുകഴിക്കലൊരു കാഴ്ചയായിരുന്നു. മുരിങ്ങക്ക വലിച്ചൂറ്റി ഇലയുടെ വശത്തേക്കു വെയ്ക്കും. കറിവേപ്പിലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അരപ്പ് വലിയ ഉല്‍സാഹത്തോടെ നക്കിയെടുക്കും. കണ്ടു നില്‍ക്കുന്നവര്‍ വിശപ്പില്ലേലും, അകത്തോട്ടു നോക്കി ഇച്ചേയിയേ... ഇച്ചിരി എനിക്കു കൂടി വിളമ്പിക്കോളൂ എന്നു പറഞ്ഞുപോകും. അമ്മായിയോടു മാത്രം മിണ്ടത്തില്ലായിരുന്നു. പണ്ടെങ്ങാണ്ട്, അമ്മായിയുടെ അനിയന്‍ ഒരു വള കൊണ്ടു പോയതാണ്. പണയം വെയ്ക്കാന്‍. തിരികെ തന്നില്ല. എന്നു മാത്രമല്ല ചോദിച്ചപ്പോ വായിവന്നതൊക്കെ വിളിച്ചു പറയുകേം ചെയ്തു. അതിനു ശേഷം ഭാര്യയും ഭര്‍ത്താവും നേര്‍ക്കുനേര്‍ നിന്നിട്ടില്ല. കഞ്ഞി വിളമ്പിയതു വിളിച്ചു പറഞ്ഞാല്‍ വന്നു കഴിക്കും. കഞ്ഞി വിളമ്പി എന്ന് അമ്മായിം പറയില്ല. പകരം മുരളിയേ... എന്നൊരു നീട്ടിവിളിയാണ്. അത്ര തന്നെ. എന്തിനും ഒരു പ്രശ്‌നപരിഹാരമെയുണ്ടായിരുന്നുള്ളൂ ആ വീട്ടില്‍. മുരളി.

 

അച്ഛനെ ഓര്‍മ്മയില്ല. അമ്മ മരിക്കുമ്പോള്‍ മുരളിക്ക് രണ്ടര വയസ്സായിരുന്നു. അതു കൊണ്ട് അമ്മയേയും ഓര്‍മ്മയില്ല.
മുരളിക്ക് ആരുമില്ലേയിനി...

 

തൂമ്പായും മറ്റും പട്ടടയ്ക്കടുത്തേക്ക് കൊണ്ടുവെച്ചു തിരിഞ്ഞപ്പോഴാണത് ശ്രദ്ധിച്ചത്. ഇറയത്ത് ഉമ്മറക്കോണി ചാരി ആരോ ഇരിക്കുന്നുണ്ട്.'ആരാ...?'

 

അവര്‍ പെട്ടെന്നെഴുന്നേറ്റു. അപ്പോഴേക്കും അവരുടെ കൂടെ വന്നയാള്‍ മുരളിയുടെ കൈപിടിച്ചു...

 

'അവര്‍ കൂട്ടുകാരായിരുന്നു... '

 

ഇറയത്ത്, നിലവിളക്കിലെ ഒറ്റത്തിരി ഇടറാതെ നിന്നു.

 

ഭിത്തിയില്‍, ആയിരത്തി തൊള്ളായിരത്തിയമ്പതിലെ തൃക്കൊടിത്താനം എച്ച്എസ്സ് പത്താം ക്ലാസ്സു ബാച്ചിന്റെ ചിത്രം.മുരളി അവരുടെ പിന്നാലെ വേഗം നടന്നു ചെന്നു.

 

'അല്ല... പേരു പറഞ്ഞില്ല..'

 

മറുപടിയുണ്ടായില്ല.തൃക്കൊടിത്താനത്താണോ വീട്...? കുഞ്ഞു ലക്ഷമിയെന്നാണോ പേര്. ? 'ഒന്നിനും മറുപടി കിട്ടിയില്ല. അവര്‍ക്കു പടികള്‍ ഇറങ്ങുവാന്‍ ബുദ്ധിമുട്ടുണ്ടന്ന് മുരളിക്ക് തോന്നി. സഹായിക്കാന്‍ തുനിഞ്ഞതാണ്. പക്ഷേ, അപ്പോഴേയ്ക്കും കൂടെ വന്നയാള്‍ അവരെ അടുക്കിപ്പിടിച്ച് പടികള്‍ ഇറങ്ങിത്തുടങ്ങിയിരുന്നു...

 

കൂടുതല്‍ പ്രഭയോടെ വെയില്‍ തെളിഞ്ഞു. മുല്ലപ്പൂക്കള്‍ പോലെ മഴയും. മഴയും വെയിലും ഒന്നിച്ചു വന്നാല്‍ കുറുക്കന്റെ കല്ല്യാണമാണ്. കുട്ടിയായിരുന്നപ്പോള്‍ അമ്മാന്‍ പറഞ്ഞത് മുരളി ഓര്‍ത്തു.

 

കത്തിത്തീരുന്ന വിറകുമുട്ടികള്‍, തട്ടിയും മാറ്റിയിട്ടും മുരളി ചിതയ്ക്കു ചുറ്റും നടന്നു. അമ്മാന്‍ പണ്ടു പഠിപ്പിച്ചു തന്ന സന്ധ്യാനാമം, അയാള്‍ തണുത്ത വിറക്കുന്ന ശബ്ദത്തില്‍ ചൊല്ലിക്കെണ്ടിരുന്നു. രാമപാദം ചേരണേ... മുകുന്ദരാമ പാഹിമാം ...

 

 

OTHER SECTIONS