നൊമ്പരവള്ളികള്‍ .....

മിഴിനീരുണങ്ങി കരടുകെട്ടി, കണ്ണില്‍ നിന്‍നിഴലനക്കം, മനമുടഞ്ഞ് നിറംമങ്ങും ഏകാന്തരാവില്‍ ഈശയനമുറി കൊ

New Update
നൊമ്പരവള്ളികള്‍ .....

മിഴിനീരുണങ്ങി കരടുകെട്ടി, കണ്ണില്‍ നിന്‍നിഴലനക്കം,

മനമുടഞ്ഞ് നിറംമങ്ങും ഏകാന്തരാവില്‍

ഈശയനമുറി കൊടുംതടവറ!

ഒട്ടുംവന്നുകൂടരുത് ആര്‍ക്കും ഈവിധം ജന്മം!

വൈധവ്യം എരിയും വേദന, കടിച്ചമര്‍ത്തുകില്‍

ഹയ്യോ, കരളുപൊട്ടിക്കടഞ്ഞൂ നെഞ്ചകം!

ഒരോര്‍മ്മത്തുണ്ടുപോലും പെയ്തുവാര്‍ക്കാന്‍

ഇല്ല ഇമയിലിന്നുബാക്കി, നീ പോയതില്‍ പിന്നെ

കഴിച്ചു ഒരുവര്‍ഷം, സദാനിനച്ചു ഞാന്‍നിന്നെമാത്രം!

നീയുള്ളപ്പോള്‍ ശ്രീയെഴുന്നൊരൊറ്റയാന്‍

തിടമ്പ് എഴുന്നള്ളി കണ്‍മുമ്പിലെന്നപോലല്ലേ?

നാലാള്‍ക്കിവള്‍ എന്തുവേദി, ശുഭ, സൗഭാഗ്യയാള്‍!

വിധിയെത്ര ക്രൂരവിനോദി, എടുത്തൊരുനാള്‍

കുങ്കുമത്തിരുനെറ്റി, ഇനി അവിടെന്റെ

വര്‍ണ്ണസിന്ദൂര മണിച്ചിമിഴുകമഴ്ന്നുപോയ്!

പടനയിക്കുവാന്‍ ഇണയുണ്ടെങ്കിലെപ്പോഴും

പെണ്‍കിടക്ക ഒരു വരേണ്യസാമ്രാജ്യം,

അനാഥമിപ്പോളെന്റെ മണ്‍തടം എങ്ങ് കോട്ടകൊത്തളം?

വീര്‍പ്പടക്കും ഈ മുറിയില്‍നിന്നെ ഉയിര്‍കൊണ്ട

നാളുകള്‍, ദേ ചില്ലിട്ടചിത്രം, ചുവര്‍ചുണ്ടില്‍ നിന്റെ

പുഞ്ചിരി, ജന്നല്‍പ്പാളിനീക്കി അകന്നു അകാലസ്വപ്നം!

അടുത്തഫ്‌ലാറ്റില്‍ നിന്നൊഴിഞ്ഞു പോയ്

മധുരമായവാക്കുകള്‍, കാഴ്ചമുട്ടി

വിയര്‍ത്തുഞാന്‍ എത്രദു:ഖം ഒരാള്‍ ഒറ്റയാവല്‍!

മകനങ്ങ് യു.എസ്സില്‍, വിരുന്ന് പോല്‍മധുരം

ആ ഫോണ്‍വിളി! ജീവപാശം: മോള്‍ക്കുപ്രാരാബ്ദ്ധം!

അവള്‍ എന്നകലെയല്ലാതെതന്നെ.

ഇവിടമായിരുന്നെന്റെ ലോകം, ഈ കുഞ്ഞുവീട്,

നിനക്ക് വച്ചുവിളമ്പുവാന്‍ വെമ്പിഞാന്‍ അടുക്കള,

തന്നു എന്തും അന്നിഷ്ടമോടെ നിനക്ക് തിന്നുവാന്‍!

പൂനിലാവലകള്‍കണ്ടു പാരിജാത മൊട്ടുകള്‍,

കണ്‍മിഴിച്ചുണര്‍ന്നപോല്‍ നിത്യം നിന്റെ

കാലടി ഉണര്‍ന്ന് വന്ദിച്ചുകൃത്യം ഞാന്‍പുലരിയില്‍!

ഇടയിലേത് രാശിയിലെന്‍ നിയതിവികലമായ്?

മലവേടന്‍ ഉറയിലൂരും ഒരമ്പിനാല്‍ വീഴ്ത്തി,

അരിഞ്ഞുമെയ്പാതി, അടര്‍ന്നുചില്ലയില്‍ ആണ്‍കിളി!

പ്രായമേറി എന്നോ കിടക്കപറ്റിക്കിടക്കുംന്നാള്‍

എന്നരികിലാ വിരലോടികളിക്കും: ഹോ ഊഷര ചിന്തകള്‍,

എല്ലാംവിഫലം ഇതീശ്വരനിശ്ചയം!

ഇവിടം നീയുറങ്ങും ഓര്‍മ്മവിട്ടിറങ്ങുവാന്‍

എനിക്കാവതില്ല, വെളിയിലില്ല കാഴ്ചകള്‍,

കണ്ടമുഖങ്ങള്‍ പലതും എന്തോമറന്നുപോയ്!

പലരാലും പറഞ്ഞുകേട്ടു 'കാലംമായ്ക്കും ഏതുപാടും'

പക്ഷേ മായ്ക്കുവാനാകാത്തചിലതുണ്ട്,

ജീവനില്‍ പടര്‍ന്ന നീ എന്‍നൊമ്പരവള്ളികള്‍!

nombara vallikal