അത്യഹം

ചൂലിൽ നിന്ന് ഈർക്കിലുകൾ കൂട്ടമായി വലിച്ചൂരി അമ്മെയെന്നെ തല്ലാനോടിക്കുന്നതിനിടയിലാണ് കുട്ടിമോളേച്ചി അങ്ങോട്ട് കുതിച്ചെത്തുന്നത്. കുട്ടിമോളേച്ചിക്ക് ഭ്രാന്തായിരുന്നു. തേപ്പുപണിക്കിടയിൽ ഹെൽപ്പറായെത്തിയ ഒരു പെണ്ണിനൊപ്പം കുമാരേട്ടൻ പൊറുതി തുടങ്ങിയതോടെയാണ് അവരുടെ നിലതെറ്റിയത്. കുണ്ടിയും മുലയും നിറവുമെല്ലാം വശീകരണകാരണങ്ങളായി എണ്ണിപ്പെറുക്കിപ്പറഞ്ഞ് പിന്നെയും ഏറെനാളവർ ഓടിയോടിക്കരഞ്ഞു. അമ്മ അവരോട് സഹതപിച്ചു. എന്നാൽ എനിക്കവർ ആശ്വാസമായി. ഓല മറച്ച കുളിമുറിയിൽ അമ്മ കുളിക്കുമ്പോൾ, അപ്പുറത്തെ വീട്ടിലെ മാവിൽ ആരെങ്കിലും വലിഞ്ഞു കയറുന്നുണ്ടോയെന്നു നോക്കാൻ നിയോഗിക്കപ്പെടാറുള്ള എന്റെ തീവ്രാപമാനങ്ങൾ ഭ്രാന്തിയുടെ പൊതുസമ്മതമായ പതിതത്വത്താൽ നേർപ്പിക്കപ്പെട്ടു.

author-image
സനൽ ഹരിദാസ്
New Update
അത്യഹം

ചൂലിൽ നിന്ന് ഈർക്കിലുകൾ കൂട്ടമായി വലിച്ചൂരി അമ്മെയെന്നെ തല്ലാനോടിക്കുന്നതിനിടയിലാണ് കുട്ടിമോളേച്ചി അങ്ങോട്ട് കുതിച്ചെത്തുന്നത്. കുട്ടിമോളേച്ചിക്ക് ഭ്രാന്തായിരുന്നു. തേപ്പുപണിക്കിടയിൽ ഹെൽപ്പറായെത്തിയ ഒരു പെണ്ണിനൊപ്പം കുമാരേട്ടൻ പൊറുതി തുടങ്ങിയതോടെയാണ് അവരുടെ നിലതെറ്റിയത്. കുണ്ടിയും മുലയും നിറവുമെല്ലാം വശീകരണകാരണങ്ങളായി എണ്ണിപ്പെറുക്കിപ്പറഞ്ഞ് പിന്നെയും ഏറെനാളവർ ഓടിയോടിക്കരഞ്ഞു. അമ്മ അവരോട് സഹതപിച്ചു. എന്നാൽ എനിക്കവർ ആശ്വാസമായി. ഓല മറച്ച കുളിമുറിയിൽ അമ്മ കുളിക്കുമ്പോൾ, അപ്പുറത്തെ വീട്ടിലെ മാവിൽ ആരെങ്കിലും വലിഞ്ഞു കയറുന്നുണ്ടോയെന്നു നോക്കാൻ നിയോഗിക്കപ്പെടാറുള്ള എന്റെ തീവ്രാപമാനങ്ങൾ ഭ്രാന്തിയുടെ പൊതുസമ്മതമായ പതിതത്വത്താൽ നേർപ്പിക്കപ്പെട്ടു. എന്നോളമോ അൽപമധികമോ മാത്രം പ്രായമുള്ള കുട്ടികൾ അമ്മയെ നോക്കി രസിക്കുന്ന വൈകുന്നേരങ്ങളിൽ, പലഹാരമില്ലായ്മ വിഷാദകേന്ദ്രമാക്കിയ എന്റെ ചുണ്ടുകൾ അടഞ്ഞുതന്നെയിരുന്നു.

അവസാനമായി ബിഗ് ബസാറിൽ പോയപ്പോഴാണ് കാലമേറെക്കഴിഞ്ഞ് കുമാരേട്ടനെ അടുത്തു കാണുന്നത്. ബസാറിന് തൊട്ടടുത്തുള്ള പെട്ടിക്കടയിൽ സിഗരറ്റ് വാങ്ങാൻ ചെന്നതായിരുന്നു ഞാൻ. (ഉൽപ്പന്ന ധാരാളിത്തവും ധാരാളികളായ ഉപഭോക്താക്കളും നിറഞ്ഞ അത്തരമിടങ്ങളിൽ ഈയടുത്തുവരെയും ഞാൻ അന്യവത്കരിക്കപ്പെടുമായിരുന്നു. ഏലിയനേഷനെ പുകച്ച് പുറത്തുചാടിക്കാനുള്ള ശ്രമമാകട്ടെ അവയോടൊത്തുള്ള ഒരു പതിവും) "എന്താ ഇവ്ടെ ? നെനക്ക് ഷോഡ വേണാ" എന്നെ കണ്ടപാടെ കുമാരേട്ടൻ ചോദിച്ചു. ഞാൻ ഷോഡ വാങ്ങിക്കുടിച്ചു. പകുതിയോളം കുടിച്ചെത്തിച്ചപ്പോഴേക്കും അതിൽ ഉപ്പിട്ടു തന്നശേഷം പുള്ളി പോയിക്കളഞ്ഞു.

ശേഷം സ്കൂട്ടറിനകത്തു വച്ചിരുന്ന പേഴ്സെടുക്കാൻ നടന്ന എന്റെ പുറകേ കടക്കാരൻ അലറിവിളിച്ചു വന്നു. "പൈസ തരാണ്ട് കൊറേ പേരിങ്ങനെ മുങ്ങണ് ണ്ട്. ആഹാ ഓഹോ" എന്നൊക്കെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.ഞാനെന്തോ തർക്കിക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തു. അയാളോടുള്ള വിരോധത്താലോ എന്റെ പർച്ചേസിംഗ് കപ്പാസിറ്റി തെളിയിക്കാനായോ എന്നോർമയില്ല, ഞാനന്ന് ഒരു പായ്ക്കറ്റ് സിഗരറ്റുകൂടി വാങ്ങി.

കുട്ടിമോളേച്ചിയെ ആരൊക്കെയോ ചേർന്ന് ഒറ്റക്കു താമസിച്ചിരുന്ന ആ ഓലവീട്ടിൽ നിന്ന് കൊണ്ടുപോയി. ഒരു മഴക്കാലത്തിനൊടുവിൽ അവർ തിരിച്ചു വന്നു. മഴയിൽ തകർന്ന പുരയോക്കെ പൊളിച്ചു നീക്കി, പുറകിലെ കുന്നിടിച്ച് മണ്ണുകൊണ്ടുവന്ന് അതിനാൽ അവർ ഒരു വീട് പണിതെടുത്തു. അവരവിടെ ജീവിച്ചു.അടുത്ത മഴക്കാലത്തിൽ അതും തകർന്നു. അച്ഛനും തോഴന്മാരും ആ ദുരന്തഭൂമിയിൽ ചാരായം വാറ്റി. അമ്മ പതിവുപോലെ പ്രാക്കു തുടർന്നുപോന്നു. വഴക്കമില്ലായ്മയോടുള്ള നിരന്തരമായ സഹജീവനം നിർമിച്ച രോഷം 'ലഹരിക്ക് അറ്റമുണ്ടോ' എന്ന അച്ഛന്റെ അന്വേഷണത്തെ ത്വരിതപ്പെടുത്തി. എന്റെ അന്വേഷണങ്ങൾ എന്നിലേക്കുതന്നെ വികസിച്ചുകൊണ്ടുമിരുന്നു. "വൈരുദ്ധ്യങ്ങളിലിങ്ങനെ തിങ്ങും വൈകൃതമാമീ ഉലകത്തിൽ" എന്ന ചങ്ങമ്പുഴയുടെ വരി ഏറെക്കാലം എന്റെ ബോധാബോധങ്ങളിൽ ഉടക്കി നിന്നത് അങ്ങനെയാണ്. എങ്കിലും വായനയെ വായനയായി മാത്രം കാണുന്ന ഭൂരിപക്ഷ യുക്തികളുടെ ആധിപത്യത്താൽ അത് വിഭജിത യാഥാർത്ഥ്യങ്ങളുടെ സാധൂകരണമായി വളർന്നില്ല. യുക്തിഭദ്രവും സമാനവുമായ ഒരു മനുഷ്യ ചിന്തക്കായി പിന്നെയും ഞാനെന്നെത്തന്നെ അബോധപൂർവ്വം അലയാനയച്ചു. ഒടുവിൽ ഒരു പാതി ഭ്രാന്തനിൽ ഞാൻ സ്വയം കണ്ടെത്തുകയും ചെയ്തു. കാഫ്കയെ വായിച്ചു തീർന്നതിന്റെ പിറ്റേന്നായിരുന്നു അതുണ്ടായത്.

മോഹനേട്ടനെ എനിക്ക് നേരത്തേയറിയാം. ഞാൻ പഠിച്ച അതേ കോളേജിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പഠിച്ചിറങ്ങിയയാൾ.

കിണറു പണിക്ക് പോയി കിട്ടുന്ന കാശുകൊണ്ട് 'നേവി കട്ട്' പാക്കറ്റോടെ വാങ്ങി ഷർട്ടിന്റെ പോക്കറ്റിൽ വച്ച് പ്രദർശനം നടത്തിയിരുന്ന വിദ്യാർത്ഥി. സമ്പന്ന ഗൃഹങ്ങളിൽ ഹോം ട്യൂഷനുകൾക്കായി കയറിയിറങ്ങിയവൻ. ഇന്നത്തെ അരവട്ടന് വിശേഷണങ്ങൾ ഇനിയുമുണ്ട്."മോഹനേട്ടാ.. ഞാനിന്നലെ മ്മടെ കാഫ്കയെ വായിച്ചു. ഭയ്ങ്കര അസ്വസ്ഥതാല്ലേ പുള്ളീനെ വായിക്കുമ്പോ"

- വരികൾ വളർത്തിയ നിരാശയെ മുഖഭാവമാക്കി മാറ്റി ഞാൻ പറഞ്ഞു.

"നീയേതാ വായിച്ചേ? മെറ്റമൊർഫൊസിസാ"

"അല്ല. ട്രയല്. മറ്റത് മുൻപ് വായ്ച്ചതാ"

"ആ ട്രയല്.. ന്ന്ട്ട്.. നെനക്കെന്താ മന്സ്സ്ലായേ?"

ഞാൻ കഥ പറയാനാരംഭിച്ചു.

ഈർഷ്യയോടെ തടുത്ത് മോഹനേട്ടൻ തുടർന്നു.

"എങ്ങ്ന്യാടാ അത് തൊടങ്ങണത്? നോവലേ.."

"അതിപ്പൊ തൊടക്കംന്ന് പറയുമ്പൊ...!"

"ഞാൻ പറയാടാ തൊടക്കം.. ജോസഫ് കെ രാവിലെ കട്ടിൽ നിന്ന് ഉണർന്നു നോക്കുമ്പോൾ ബെഡ് കോഫിയുമായെത്താറുള്ള പതിവു പരിചാരിക വന്നിട്ടില്ല.

പകരം വന്നതോ.. രണ്ട് പോലീസുകാർ"

"ആ.. അതന്ന്യാ തൊടക്കം"

"അതന്ന്യാന്നാ.. നീയെന്തൂട്ടാണ്ടാ വായിച്ചേ.. എടാ.. പതിവു പരിചാരിക വന്നില്ലാന്ന്.. ഏത്!! ഏത്!! നിനക്ക് മനസ്സിലായാ.. ആരാണ്ടാ ലവനപ്പൊ.. മ്മടെ ജോസഫ് കെ.. "

എന്റെ നെറ്റിയിൽ വിയർപ്പു പടർന്നു.

ഞാൻ ആ മുഷിഞ്ഞ മനുഷ്യനോട് അൽപം കൂടി ചേർന്നിരിക്കാൻ ശ്രമിച്ചു.

ഏതോ നിലയിൽ സ്വയം നീതീകരിക്കപ്പെട്ടതായി എനിക്കുതോന്നി.

അതു ശ്രദ്ധിച്ചാവണം, "നീ മലയാളല്ലേ പഠിക്കണേ!" എന്നയാൾ ചോദിച്ചു.

"അതേ" എന്ന മറുപടി കേട്ട് അയാൾ അട്ടഹസിച്ചു : "നീ ഇവിട്ത്തെ സാഹിത്യക്കാരെപ്പോലെ കഥയൊക്കെ എഴുതണട്ടാ...

പേര് ഞാൻ പറഞ്ഞേരാ.. 'ഉൽസവപ്പിറ്റേന്ന്', 'പെറാത്ത പെണ്ണ്', 'കറുത്തവാവ്'.. വേറെ വേണാ?"

കാലം കടന്നുപോയി. ഞാനൊന്നുമെഴുതിയില്ല.

നീലവെളിച്ചത്തിന്റെ ഗർഭപാത്രത്തിൽ അപരനേയോ അപരയേയോ പ്രതീക്ഷിച്ച് ചുരുണ്ടിരിക്കുക മാത്രം ചെയ്തു.

athyaham