ചെണ്ട

By Methil Satheesa.08 10 2019

imran-azhar

 

 

പ്രപഞ്ചമതമൊരു 'പ്ലാവിൻമുട്ടി'യി-
ലുള്ളം നിറയുമോരോങ്കാരം
കാലം കുറുകെ കോർത്തുമുറുക്കി-
യൊരിടം വലം തല കവിയുന്നു
പ്രണവം പേറും കലയുടെ പ്രതലം
നാദലയശ്രുതി സാധകം
ചമ്പയിലിമ്പം ചമ്പടവട്ട-
ക്കൊട്ടിന് കമനീയാരവം !!
മന്ദാരക്കോൽ കാലമുരുട്ടി
തരികിട തരികിട തക്കിട്ട
താളമളന്നു കരേറിക്കൊണ്ടേ
തന്തിത്തക്ക തരികിടതോം
ഉയിരിൻ നാദമുയർന്നു തുകലിൽ
തുയിലുണരുന്നൊരു തളരസം
അഞ്ചിത മോഹന നിറപഞ്ചാരിയിൽ
സഞ്ചിത രസലയ സാമസുഖം
മർമ്മമറിഞ്ഞു പ്രമാണിച്ചും കര-
വിരുതുകൾ കോലിൽ പാണ്ടിയിടും
ഇണ്ടലകറ്റിക്കൊണ്ടുംകൂടി-
ക്കൊട്ടിപ്പറയുന്നൊരു ചെണ്ട
കാലം മുറുകി കൊണ്ടാടുമ്പോൾ
ആദിയനന്തം താളമിടും
ദിക്കുകളെട്ടും കോലുകൾ നീട്ടും
കലയിടുമാകെയിലത്താളം
ഹൃത്താളങ്ങളിലെന്നും ദ്രുതഗതി
ചലനാത്മകമാണെൻ ചെണ്ട
'പതിനെട്ടിന്നും' മേലെ പലമുഖ
സുഖതര വാദ്യശ്രീയായി
ബ്രഹ്മമളന്നു വിരാജിപ്പൂ...
നമ്മളിലുള്ളൊരു ചെണ്ട !!
നമ്മളിലുള്ളം നിറയും ചെണ്ട

 

മേതിൽ സതീഷ

OTHER SECTIONS