ഓര്‍മ്മയിലെ വീടുമാറ്റങ്ങള്‍

By Rajesh Kumar.08 04 2019

imran-azhar

 

 

ഒ.വി.ഉഷ


കുട്ടിക്കാലത്തെ നേരിയ ഓര്‍മ്മയാണ്. ഞങ്ങള്‍ പാലക്കാട്ടെ കൊപ്പത്തു നിന്ന് മണലിയിലേക്ക് താമസം മാറുന്നു. ഞാനന്ന് തീരെ ചെറിയ കുട്ടിയാണ്. ഞങ്ങള്‍ക്ക് ഒരു പൂച്ചക്കുട്ടിയുണ്ട്. പിഗു എന്നാണ് പേര്. ഏട്ടന്‍ (ഒ.വി.വിജയന്‍) ആണ് പിഗു എന്ന് പേരിട്ടത്. ഒരു ഇക്കണോമിസ്റ്റിന്റെ പേരാണ്. ഏട്ടന്‍ അന്ന് ഇക്കണോമിക്‌സ് ബിരുദത്തിന് പഠിക്കുകയാണ്.


പിഗുവിനെ ഒരു കുട്ടയിലോ വട്ടിയിലോ അടച്ചാണ് പുതിയ താമസസ്ഥലത്തേക്ക് കൊണ്ടുപോയത്. എന്നാല്‍, ഇടയ്ക്ക് പിഗുവിനെ കാണാതായി. കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളില്‍ അന്നത്തെ യാത്രയും പിഗുവും പിഗുവിനെ കാണാതായപ്പോഴുള്ള പരിഭ്രമവുമാണ് അവ്യക്തമായി മനസ്സില്‍ നിറയുന്നത്. ഏട്ടനും ചേച്ചിക്കും പൂച്ചകളെ ഏറെ ഇഷ്ടമായിരുന്നു. ആ 'പൂച്ച സ്‌നേഹം' എനിക്കും കിട്ടി.

 

 

ഞങ്ങള്‍ താമസിച്ച കൊപ്പത്തെ വീടിനെക്കുറിച്ച് വലിയ ഓര്‍മ്മയില്ല. എന്റെ ബാല്യകാല ഓര്‍മ്മകള്‍ മണലിയിലെ വീടുമായി ബന്ധപ്പെട്ടുള്ളതാണ്. നിറയെ പാടശേഖരങ്ങളൊക്കെയുള്ള നാടായിരുന്നു മണലി.


ഏട്ടനും ഞാനും തമ്മില്‍ 18 വയസ്സിന്റെ വ്യത്യാസമുണ്ട്, ചേച്ചിയുമായി 14 വയസ്സിന്റെയും. എന്റെ പഠനവുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത് മധുരയിലെ സ്‌കൂളാണ്. ഏട്ടന് മധുരയില്‍ ജോലി കിട്ടി. അങ്ങനെയാണ് ഞാനും അമ്മയും ഏട്ടനോടൊപ്പം മധുരയിലേക്ക് പോയത്. അവിടെ ഞങ്ങള്‍ താമസിച്ച സ്ഥലത്തിന്റെ പേരോ ഞാന്‍ പഠിച്ച സ്‌കൂളിന്റെ പേരോ ഓര്‍മ്മയില്ല. ഓല മേഞ്ഞ, പരമ്പുകൊണ്ട് ക്ലാസ് മുറികള്‍ തിരിച്ചിട്ടുള്ള ഒരു ചെറിയ സ്‌കൂള്‍. സ്‌കൂളിനെയും അവിടുത്തെ മാഷിനെയും എനിക്ക് വളരെയധികം ഇഷ്ടമായി. കുട്ടികളെ നന്നായി സ്‌നേഹിക്കുന്ന, കുട്ടികള്‍ക്ക് ഇഷ്ടം തോന്നുന്ന പ്രകൃതം. ഞാന്‍ തമിഴ് അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങി. മാഷ് വളരെ ക്ഷമയോടെ പഠിപ്പിക്കും. മാഷ് തമിഴിലാണ് പറയുന്നതെങ്കിലും സ്‌നേഹത്തിന്റെ ഭാഷയ്ക്ക് പെട്ടെന്ന് ആശയവിനിമയം സാധ്യമാണല്ലോ!

 


അവിടുത്തെ പഠനം അധികനാള്‍ തുടരാനായില്ല. എന്നെ സ്‌കൂളിലേക്ക് കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും ആരും ഉണ്ടായിരുന്നില്ല. അങ്ങനെ പഠനം നിര്‍ത്തി. കുറച്ചുമാസങ്ങളേ മധുരയില്‍ താമസിച്ചുള്ളൂ. പിന്നീട് മണലിയിലേക്ക് തിരിച്ചുവന്നു. മണലിയിലെ വീട്ടിനടുത്തുള്ള സ്‌കൂളിലായി പിന്നീടുള്ള പഠനം.


അഞ്ച് വയസ്സില്‍ അച്ഛനാണ് എഴുത്തിനിരുത്തിയത്. ചടങ്ങിനു വേണ്ടി മാത്രം. അപ്പോഴേക്കും ഞാന്‍ നന്നായി അക്ഷരങ്ങളൊക്കെ പഠിച്ചിരുന്നു. വീട്ടിലിരുന്നാണ് പഠിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം ഏട്ടന്‍ പറഞ്ഞു, ഞാന്‍ ആദ്യം പഠിച്ച ഇംഗ്ലീഷ് അക്ഷരം 'എന്‍' ആണെന്ന്. ഏട്ടന്‍ 'ദി ഹിന്ദു' ദിനപ്പത്രം വായിക്കുമ്പോള്‍ പഠിപ്പിച്ചതാണ്. അങ്ങനെ അടുക്കും ചിട്ടയും ഇല്ലാതെയാണ് അക്ഷരങ്ങള്‍ പഠിച്ചത്. അറിയാവുന്ന മലയാളം വച്ച് അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ ചില പുസ്തകങ്ങള്‍ വായിച്ചുതുടങ്ങി.
കൂട്ടുകൂടാന്‍ സമപ്രായക്കാരായ കുട്ടികളൊന്നും ഇല്ലാത്തതിനാല്‍ ഒറ്റയ്ക്കായിരുന്നു ബാല്യം. ഏട്ടനും ചേച്ചിയുമായി നല്ല പ്രായവ്യത്യാസവും ഉണ്ട്. വീടിന് ഇരുവശത്തും വിശാലമായ പാടശേഖരങ്ങളാണ്. തൊട്ടടുത്ത് കൂടെ കളിക്കാന്‍ കുട്ടികളൊന്നുമില്ല. അങ്ങനെയാണ് പുസ്തകങ്ങളുമായി ചങ്ങാത്തം തുടങ്ങിയത്. വീട്ടിലെ മുതിര്‍ന്നവര്‍ വായിക്കും. അതുകണ്ട് ഞാനും വായിക്കാന്‍ തുടങ്ങി.


ഏട്ടന്‍ കുറച്ചുകാലം കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ ജോലി ചെയ്തു. ഞാനന്ന് മൂന്നാം ക്ലാസില്‍ ആണ്. ഞാനും അമ്മയും ഏട്ടനൊപ്പം കോഴിക്കോട്ടേക്കുപോയി. അവിടെ പ്രോവിഡന്‍സ് സ്‌കൂളിലായി എന്റെ പഠനം. ആ സമയത്ത് എന്റെ കാല്‍മുട്ടില്‍ ഒരു കുരു വന്നു. അത് പൊട്ടി വ്രണമായി. അതോടെ സ്‌കൂളില്‍ പോകാനാവാതെ പഠനം മുടങ്ങുന്ന അവസ്ഥയിലായി. സ്‌കൂളില്‍ പോകില്ലെന്ന് വാശിപിടിച്ച് ഞാനും. മൂന്നു മാസത്തോളം ഞങ്ങള്‍ കോഴിക്കോട് ഉണ്ടായിരുന്നു. സ്‌നേഹമുള്ള ഒരു സിസ്റ്റര്‍ അന്ന് പ്രോവിഡന്‍സ് സ്‌കൂളില്‍ അധ്യാപികയായി ഉണ്ടായിരുന്നു. സിസ്റ്ററെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സിസ്റ്റര്‍ പറയുന്നതെന്തും അനുസരിക്കും. നന്നായി പഠിക്കണമെന്നും തോന്നിത്തുടങ്ങി. എന്നാല്‍, ഏട്ടന് സ്ഥലംമാറ്റം ഉണ്ടായതോടെ പാലക്കാട്ടേക്കു വന്നു.


നാലാം ക്ലാസില്‍ അവസാനത്തെ രണ്ടു മാസം ഞാന്‍ പഠിച്ചത് പാലക്കാട് കല്ലേപ്പുള്ളിയിലെ സ്‌കൂളിലാണ്. ആറാം ക്ലാസില്‍ മോയന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. ആറാം ക്ലാസ് മുതലാണ് കുറച്ചുകൂടി ഗൗരവത്തോടെ പഠിക്കാന്‍ തുടങ്ങിയത്. അപ്പോഴൊരു പ്രശ്‌നം, കണക്കിന് ഒട്ടും അടിസ്ഥാനമില്ല, വളരെ പ്രയാസം. മാസപ്പരീക്ഷയില്‍ കണക്കിന് എനിക്ക് പൂജ്യം മാര്‍ക്ക് കിട്ടി. കണക്ക് അധ്യാപിക ചേച്ചിയെയും പഠിപ്പിച്ചിട്ടുള്ളയാളാണ്. ടീച്ചര്‍ വേദനയോടെ പറഞ്ഞു: 'നീ ശാന്തയുടെ പേര് ചീത്തയാക്കുമല്ലോ കുട്ടീ...' എനിക്കും വിഷയം തോന്നി. ഒരിക്കലും കണക്ക് പഠിക്കാനാവില്ലെന്ന തോന്നലും ഉണ്ടായി. പിന്നീട് എങ്ങനെയൊക്കെയോ ഒരുവിധം പഠിച്ചെടുത്തു.

 


സാഹിത്യവുമായി ബന്ധപ്പെട്ട ആദ്യ ഓര്‍മ്മ നാലാം ക്ലാസിലെ പാര്‍ത്ഥസാരഥി എന്ന പാഠഭാഗമാണ്. സത്യത്തില്‍ എന്റെ ഗുണം കൊണ്ടല്ല ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. കുട്ടിക്കാലത്ത് കളിക്കാനാരുമില്ല, അതുകൊണ്ട് വായനയിലേക്കു തിരിഞ്ഞു. വീട്ടില്‍ സാഹിത്യാന്തരീക്ഷമുണ്ടായിരുന്നെന്നും പറയാനാവില്ല. ഒരു സാധാരണ വീട്. അമ്മ നന്നായി വായിക്കുമായിരുന്നു. ഉച്ചയൂണിനു ശേഷം കിടന്നുകൊണ്ടാണ് അമ്മയുടെ വായന. അമ്മയും ചേട്ടനും ചേച്ചിയും പതിവായി മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കും. ഇതെല്ലാം എനിക്കും വായിക്കാനുള്ള പ്രചോദനമായി.


അമ്മ ധാരാളം കഥകള്‍ പറഞ്ഞുതരുമായിരുന്നു. രാമായണം, മഹാഭാരതം, തെന്നാലി രാമന്‍ കഥകള്‍, നബി, ക്രിസ്തു, ബുദ്ധന്‍ എന്നിവരെക്കുറിച്ചുള്ള കഥകള്‍ ഇതെല്ലം അമ്മ പറഞ്ഞുതന്നു. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ചേച്ചി കഥകള്‍ പറഞ്ഞുതരാന്‍ തുടങ്ങി. ടഗോറിന്റെ കഥകള്‍, വാള്‍ട്ടര്‍ സ്‌കോട്ടിന്റെ കഥകള്‍, ചരിത്രകഥകള്‍ തുടങ്ങിയവ. കാണുന്ന സിനിമകളുടെ കഥകളും ചേച്ചി പറഞ്ഞുതന്നു. എന്റെ കുട്ടിക്കാലത്ത് ചേട്ടന്‍ സജീവമായി ഞങ്ങളുടെ കൂടെയില്ല.

 

ആദ്യം വായിച്ച പുസ്തകം ശ്രീകൃഷ്ണ ചരിതം മണിപ്രവാളമാണ്. എംടിയുടെ രക്തം പുരണ്ട മണല്‍ത്തരികള്‍ വായിച്ചു. ഉമ്മാച്ചു, ചെമ്മീന്‍, അഭിഞ്ജാനശാകുന്തളത്തിന്റെ തര്‍ജ്ജമ, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, ബഷീറിന്റെയും കേശവദേവിന്റെയും കൃതികള്‍ എന്നിവയും വായിച്ചു. ഏട്ടന്റെ ചെറുകഥകളും വായിച്ചു.


മാതൃഭൂമിയില്‍ വരുന്ന കഥകളും കവിതകളും പതിവായി വായിച്ചു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മാതൃഭൂമിയുടെ ബാലപക്തിയില്‍ അംഗമായി. ബാലപംക്തിയാണ് എന്റെ എഴുത്തിനെ രൂപപ്പെടുത്തിയത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി കവിത അച്ചടിച്ചുവരുന്നതും ബാലപംക്തിയിലാണ്.

 

OTHER SECTIONS