അപര്‍ണയുടെ ചിലങ്കകള്‍ക്ക് കാരുണ്യത്തിന്റെ താളം

By Online Desk .08 01 2019

imran-azhar

 

 

തിരുവനന്തപുരം: കലാപരമായ കഴിവുകള്‍ക്ക് കാരുണ്യത്തിന്റെ വെളിച്ചം പകരാന്‍ അപര്‍ണ സതീശന്‍. നര്‍ത്തകിയും എന്‍ജിനീയറുമായ അപര്‍ണ കലയിലൂടെ ലഭിക്കുന്ന പണം സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ ആരംഭിച്ച പദ്ധതിയാണ് സംയോഗ. പിതാവ് സതീശന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച ഈ പദ്ധതിയിലൂടെ രോഗികള്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും തങ്ങളാല്‍ കഴിയുന്ന സഹായമെത്തിക്കുകയാണ് അപര്‍ണ.

 

3-ാം വയസ്സില്‍ ചിലങ്ക കെട്ടിയ അപര്‍ണ ഇപ്പോള്‍ ബാഗ്ലൂരിലുള്ള വൈജയന്തി കാശിയുടെ കീഴിലാണ് കുച്ചുപ്പുടി പഠിക്കുന്നത്. ഇതിനിടെ അമേരിക്കയില്‍ 'ട്രാന്‍സ്‌ഫോര്‍മിങ് ലൈഫ് ത്രൂ ഡാന്‍സ്' എന്ന ആശയത്തിനും അപര്‍ണ രൂപം നല്‍കി. തുടര്‍ന്ന് കേരളത്തിലും സംയോഗ ഫൗണ്ടേഷന് കീഴില്‍ നൃത്തപരിപാടികള്‍ ആരംഭിച്ചു. നൃത്തപരിപാടികള്‍ നടത്തുന്നത് സൗജന്യമായാണ്. താല്‍പര്യമുളളവര്‍ക്ക് സംയോഗയുടെ ഫണ്ടിലേക്ക് പണം നല്‍കാവുന്നതാണ്. കേരളത്തിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് നാട്ടില്‍ നൃത്തപരിപാടികള്‍ നടത്തി സംയോഗയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നത്.

 

അമേരിക്കയില്‍ താമസിക്കുന്ന ലുക്കീമിയ ബാധിച്ച ഒരു കുട്ടിക്കും ക്യാന്‍സര്‍ ബാധിച്ച മറ്റൊരാള്‍ക്കും നൃത്തപരിപാടികളിലൂടെ സഹായം ചെയ്യാന്‍ സംയോഗയിലൂടെ കഴിഞ്ഞെന്ന് അപര്‍ണ പറയുന്നു. കേരളത്തില്‍ ഓട്ടിസം ബാധിച്ച ഒരു കുട്ടിക്കും സഹായം ചെയ്യാന്‍ അപര്‍ണയ്ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന പിതാവ് സതീശനില്‍ ലഭിച്ച ആശയങ്ങളില്‍ നിന്നാണ് നൃത്തത്തിലൂടെ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാന്‍ അപര്‍ണ തീരുമാനിച്ചത്. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി അവരാല്‍ കഴിയുന്ന രീതിയിലുള്ള സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ പല മാറ്റങ്ങളും സമൂഹത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അപര്‍ണ പറഞ്ഞു.

 

സംയോഗയുടെ നൃത്തപരിപാടികള്‍ക്കായി ഡോ. സഹാന സെല്‍വ ഗണേഷും അപര്‍ണയ്‌ക്കൊപ്പമുണ്ട്. കലയിലുള്ള താല്‍പര്യം കൊണ്ടാണ് സംയോഗയുമായി ചേര്‍ന്ന് നൃത്തപരിപാടി നടത്താന്‍ സഹാന ചെന്നൈയില്‍ നിന്നെത്തിയത്. സര്‍ഗ്ഗാത്മകമായ കഴിവുകളെ സാമൂഹ്യസേവനത്തിലൂടെ അര്‍ത്ഥവത്താക്കുകയാണ് അപര്‍ണ സംയോഗ ഫൗണ്ടേഷനിലൂടെ നടത്തുന്നത്.

 

 

 

OTHER SECTIONS