കൗസല്യ

By Online Desk.27 Mar, 2018

imran-azhar
 
 
 
 
കുട്ടൻ നായര് പുലിവാല് പിടിച്ചു. ഭാര്യ കൗസല്യക്ക് തങ്ങളുടെ നാല്പതാം വിവാഹ വാർഷികത്തിൽ അവൾ ആഗ്രഹിച്ച ഒരു സ്മാർട്ട് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തു. മക്കൾ ശാലുവും ദീപുവും വിവാഹിതരായി സ്വന്തം കുടുംബങ്ങൾ കെട്ടിപ്പടുത്തപ്പോൾ കൗസല്യ പിന്നെയും വിഷണ്ണയായി. അവരെ കെട്ടിച്ചയക്കുന്നതു വരെ അവർക്കു ഒന്ന് തുമ്മണമെങ്കിൽ കൂടി അമ്മയുടെ അനുവാദം വേണ്ടിയിരുന്നു. ദീപുവിന് വരുന്ന പെണ്ണ് അത്യാവശ്യം മോഡേൺ ആയിരിക്കണം, ശാലുവിന്റെ  ചെക്കൻ കുറച്ചു ഹോംലി ആയിരിക്കണം ഇതെല്ലാം കൗസല്യയുടെ കണക്കുകൂട്ടലുകളായിരുന്നു. ഒന്നും പിഴച്ചില്ല. പക്ഷെ ഒരിടത്തു അവർക്കു പിഴച്ചു. മക്കൾ ചിറകുകളടിച്ചു പറന്നപ്പോൾ അമ്മക്കൂട്ടിലെ ചൂടും ചൂരും അവർ മറന്നു. 
ഭർത്താവ് ഭാര്യക്ക് പുത്ര തുല്യനെന്ന പഴയ സംസ്കൃത ചൊല്ല് അർത്ഥവത്താക്കിയില്ലെങ്കിലും മക്കൾ പോയതിൽപ്പിന്നെ നായര് കൗസല്യയുടെ കാഴ്ചപ്പാടിൽ മകനായി മാറി. മറ്റു ചില സമയങ്ങളിൽ കൗസല്യ നായരുടെ മകളായും മാറി. ദശരഥൻ കൈകേയിക്ക് വരം കൊടുത്തതു പോലെ കുട്ടൻ നായര് കൗസല്യക്ക് കൊടുത്ത വാഗ്ദാനം പാലിച്ചു. ഒരു സെൽ ഫോൺ. മിസ്റ്ററിന്റെ ഈ സ്നേഹം കൂട്ടുകാരുടെ ഇടയിൽ വൈറലായി. 
 
തന്റെ പത്നി കാളൻ വച്ചാൽ അവിയൽ പോലിരിക്കും. അവിയൽ കാളൻ പോലെയും. വേലക്കാരി രാധാമണിയുടെ കൈപ്പുണ്യം കൊണ്ട് നായർക്ക് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. വച്ചതു രാധാമണിയെങ്കിലും ഉത്പന്നങ്ങൾ ടേബിളിൽ പ്രെസെന്റ് ചെയ്യുന്ന കൗശലം കൗസല്യക്ക് മാത്രം അവകാശപ്പെട്ടതാണ്. വിളമ്പുമ്പോൾ കൗസല്യ ഒന്ന് തൊട്ടും തൊടാതെ കാറ്റിനെപോൽ ഒന്ന് ചേർന്ന് നിന്ന് കുട്ടൻ നായരെ കൺ പുരികത്താൽ കയ്യിലെടുക്കും. എന്നിട്ടു പറയും "വൃത്തിയില്ല അസത്തിന്. എല്ലാത്തിനും എന്റെ കൈ തന്നെ വരണം." 
 
"കാലത്തെ കാപ്പി വൈകിയപ്പോ നായര് അടുക്കളയിലേക്കു എത്തി  നോക്കി. കുട്ടൻ നായര് പാത്രം കഴുകുന്ന രാധാമണിയോട് ചോദിച്ചു  " കാപ്പി കിട്ടിയില്ലല്ലോ, കൗസു എവിടെ ?"  "ചേച്ചി സെൽഫി എടുക്കുകയാ" വേലക്കാരി അടുക്കള പ്പുറത്തേക്കു  കൈ ചൂണ്ടി. 
ഇതുവരേം കാണാത്ത ഭാവ ഭേദങ്ങളിൽ കൗസു ക്യാമറക്കു നേരെ പോസു ചെയ്യുന്നത് കണ്ടു. എന്നിട്ടും ആ മുഖത്ത് ഒരു തൃപ്തിയില്ലായ്മ. "കുട്ടേട്ടാ..എനിക്ക് ഐ-ഫോൺ മതി. ഇതൊരു ക്ലാരിറ്റി പോരാ." അവരെടുത്ത ഫോട്ടോ കണ്ട് ഭാര്യയുടെ സൗന്ദര്യത്തിൽ ഉണ്ടായിരുന്ന തെല്ലൊരു മതിപ്പും പോയിക്കിട്ടി. കമലദളത്തിലെ മോഹൻലാലിൻറെ ഡയലോഗ് ഓർമ്മ വന്നു "ഒള്ളതല്ലേ വരൂ.ക്യാമറയും കണ്ണാടിയും കള്ളം പറയില്ല."           
പ്രഭാത ഭക്ഷണം കഴിഞ് കുട്ടൻ നായർ ദേവകിയെ വിളിച്ചു. 'അമ്മ ദേവൂന്റെ കൂടെയാണ്. കിടപ്പിലായിട്ടു അഞ്ചു വർഷമായി. ഓസ്റ്റോ പൊറോസിസ് എന്ന  വാർധക്യത്തിൽ എല്ലുകൾ പൊടിയുന്ന അസുഖം. പല ഡോക്ടർമാരെയും കാണിച്ചു. ഒന്നും ഫലംകണ്ടില്ല. ദേവകിയുടെ അടുത്തു ഇരുട്ടു മുറിയിൽ  'അമ്മ അവസാനമെത്തുന്ന വിരുന്നുകാരനു വേണ്ടി കാത്തു കിടന്നു. "ഏട്ടൻ വരണം" ദേവു പറഞ്ഞു. 'അമ്മ കൗസല്യയെ കാണണം എന്ന് ആംഗ്യം കാട്ടുന്നു. ചുവരിൽ പതിച്ചിരിക്കുന്ന  ശ്രീരാമന്റെ ഫോട്ടോ കാട്ടിയാൽ മനസ്സിലാക്കാം 'അമ്മ ഉദ്ദേശിക്കുന്നത് കൗസല്യയെ ആണെന്ന്. രാമ ഭക്തയായ 'അമ്മ. "കൗസല്യ" ഒരു പേരിൽ ഒന്നും തന്നെയില്ല. കുട്ടൻ നായർ മനസ്സിലാക്കിയ പാഠം. 
"ഇന്നാള് പോയതല്ലേയുള്ളു കുട്ടേട്ടാ അമ്മയെ കാണാൻ"  ഫോണിൽ നിന്നും കൈയെടുക്കാതെ കൗസല്യ മൊഴിഞ്ഞു. പോയെ പറ്റൂ. കടുത്തു പറഞ്ഞാൽ അവൾ വരില്ല. "പോവാം നമുക്ക്, വേഗം തിരിച്ചുവരാം" കുട്ടൻനായർ പറഞ്ഞു. കൗസല്യ പറഞ്ഞു "വൈകുന്നേരം പോകാം". സമ്മതിക്കാതെ വഴിയില്ല. 
വൈകുന്നേരം പോകാൻ ഒരുങ്ങുമ്പോളെക്കും ഫോൺബെൽ അടിച്ചു. ദേവുവിന്റെ അലർച്ച "ഏട്ടാ എല്ലാം തീർന്നു. വേഗം വരുമോ?"
കൗസുവിനെയും കൂട്ടി ദേവുവിന്റെ വീട്ടിലേക്കു കാറിൽ പറന്നെത്തി. മുറ്റത്തു കൈവിരലിൽ എണ്ണാൻ മാത്രം ആളുകൾ. അവർക്കിടയിലൂടെ അമ്മയുടെ അടുത്തെത്തി. അമ്മേ...അമ്മയുടെ മകനെത്തി. അപ്പോൾ   കൗസല്യ മരിച്ചു കിടക്കുന്ന അമ്മയോടൊപ്പം സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു. കൂടെ നിന്ന ബന്ധുക്കളെയും കൂടെ ചേർത്ത് നിർത്തി പലരുടെയും പോസുകൾ.. കൃത്രിമമായ ഭാവഹാദികൾ. 
 
മണിക്കൂറുകൾകടന്നു പോയി. ആശ്വസിപ്പിക്കാൻ എത്തിയവരേക്കാളും ഏറെ പേർ ആശ്വസിച്ചവർ. വൃദ്ധർ, ചലിക്കുന്ന ക്യാമറയിലെ പാഴ് ഷോട്ടുകൾ. പ്രകൃതി ഡിലീറ്റ് ചെയ്ത "ഓഫ്സീൻ പ്രെസെൻസുകൾ."
പിറ്റേന്ന് കൗസല്യ ഫോണിൽ അമ്മയുടെ ഫോട്ടോയിൽ വന്ന "ലൈക്സും" "ആർ. ഐ. പി" യുമെല്ലാം കാണിച്ചത് വികാര രഹിതനായി കുട്ടൻ നായർ കണ്ടു. കൗസല്യ പറഞ്ഞു "കുട്ടേട്ടൻ ശ്രദ്ധിച്ചോ, നമ്മുടെ മക്കൾ ഒരാൾ പോലും അമ്മയുടെ മരണം അറിഞ്ഞതായി ഭാവിച്ചില്ല. എല്ലാവര്ക്കും ഞാൻ മെസ്സേജ് അയച്ചിരുന്നു." കൗസല്യ പെട്ടെന്നു മ്ലാനിയായി. 
"എനിക്ക് ഇനി ഫോൺ വേണ്ട കുട്ടേട്ടാ..നമ്മളും ഒരിക്കൽ അനാഥ ശവങ്ങളാകും. ലോകം വളരുകയാണ്. മനുഷ്യത്വം ചുരുങ്ങുകയും. കുട്ടേട്ടന്റെ കണ്ണീർ പകർത്താൻ ഈ ക്യാമറക്കു കഴിയും. പക്ഷെ അത് തുടക്കാൻ എന്റെ കൈകൾ തന്നെ വേണം. കൈവിരൽത്തുമ്പിൽ ഉണരുകയും ഉലയുകയും ചെയ്യുന്ന ഛായാചിത്രങ്ങളാണിതിൽ. ആത്മാവില്ലാത്ത അക്ഷര വിന്യാസങ്ങളും. നന്മക്കായി മാത്രം ഉപയോഗിക്കുന്ന കുട്ടിയേട്ടന്റെ കൈയിൽ ഇതിനു മാറ്റേറട്ടെ ..."   
കുട്ടൻ നായർ കൗസല്യയുടെ കുറ്റബോധം നിറഞ്ഞ കണ്ണുകളിലേക്കു നോക്കി. എന്നിട്ടയാൾ കാതോർത്തു.  'അമ്മ പോകാറു ണ്ടായിരുന്ന  അടുത്തുള്ള ശ്രീരാമ ക്ഷേത്രത്തിൽ നിന്നും കൗസല്യ സുപ്രഭാതം  കാതിൽ ഒഴുകിയെത്തി. അമ്മയുടെ പുഞ്ചിരിച്ചു മുഖം പാൽനിലാവായി അയാളുടെ മനസ്സിൽ ഉദിച്ചുയർന്നു. അയാൾ ഭാര്യയെ നെഞ്ചോട് ചേർത്ത് പിടിച്ചു.    
 
 
ലക്ഷ്മി വിജയകുമാർ
8754563808
lakshmivijay1947@gmail.com

OTHER SECTIONS