ദിനസരി

വിരസത പോലും പഴമചൂഴുമ്പോൾ വിഷാദം കറുത്ത കരിമ്പടം പുതയ്ക്കും

author-image
സീന ജോസഫ്
New Update
ദിനസരി

വിരസത പോലും പഴമചൂഴുമ്പോൾ

വിഷാദം കറുത്ത കരിമ്പടം പുതയ്ക്കും

ഇലയനക്കാതെ കാറ്റൊടുങ്ങിടും

വിറങ്ങലിച്ചു മരങ്ങൾ നിന്നിടും

ചിറകൊടിഞ്ഞ പക്ഷികൾ നിരന്തരം

തിരഞ്ഞിടുന്നു ചിതലരിച്ച നേരുകൾ

ചിതറിത്തെറിക്കുന്ന ചിന്തകൾ

ചിതയൊരുക്കുന്നു ജീവനിൽ

പകുതിമാഞ്ഞ പകലിനിന്നു

പതിവില്ലാത്ത പരിഭ്രമം

ഇനിയും വരാത്ത സന്ധ്യകൾ

ഇറയത്തുരുകും പ്രതീക്ഷകൾ

ഇരുളിൻ മറവിലുറങ്ങുവാൻ

ഇതളടയ്ക്കുന്നു പൂവുകൾ

മറവിയിൽ മെല്ലെ മായുന്നു

താരാട്ടുപാട്ടിന്റെ ശീലുകൾ

കാത്തിരുന്ന കാൽപ്പാടുകൾ

പതിഞ്ഞു കാണുന്നു പൊടിമണ്ണിൽ

പുരാതനമീ ജീവിതം വീണ്ടും

പതിയെ മുഖം കുനിയ്ക്കുന്നു

മെല്ലെപ്പടിയിറങ്ങുന്നു

ദൂരെ തിരകളാർക്കുന്നു...!

literature