അപരിചിതരുടെ വണ്ടി

By Mohandas Cheruvally.21 10 2019

imran-azhar

 

 

ഒന്നു മൃദുവായ് മന്ദഹസിപ്പതുമൊ
രപരാധമായ് മാറുന്നുവോ, ശങ്കിച്ചവൻ
മിഴികൾ മെല്ലെമാറ്റിപ്പിന്നിലേക്കോടും
വഴിയോരപ്പച്ചകൾ നോക്കുന്നു വെറുതെ....

 

മുതിർന്നിട്ടില്ലൊന്നുമറിയാത്തവനിവൻ
മുഖത്ത് ശൂന്യമൊരുനോട്ടമെറിയുന്നൂ
പുതുസൗഹൃദത്തൈയ്യിനെവേരോടെ
പിഴുതെറിയുന്ന താതൻ, എതിർ യാത്രികൻ

 

കണ്ണുകൾ പാതിപൂട്ടി യതിവിചിത്ര
പ്പൊയ് നിദ്രതൻ തത്രപ്പാടിൽ വീണു
കരയും ചക്രത്താളവട്ടത്തിലുലയവേ
ദൂരത്തിൻ മടുപ്പറിയുന്നെൻ കവി മനം

 

അപരിചിതർ മാത്രമാണീ വണ്ടിയിൽ
എവിടെ നിന്നെങ്ങോട്ട് നീളുന്നു യാത്ര
യതു നിനവിലേതുമോരാത്ത യാത്രികൾ
മിഴികളറിയാതിടയവേ പിടയുവോർ

 

തൊട്ടു തൊട്ടിരിക്കുവോർ വേർപ്പിന്റെ
യൊട്ടലിൽ മേനിച്ചൂരും ചൂടുമറിയുവോർ
എത്രയെറെയടുത്തെന്നാലത്രയും ദൂരെ
ഗോപ്യം ചിന്തകളയൊളിക്കുവോർ

 

അകലമസഹ്യമെങ്കിലും അനിവാര്യം യാത്ര
കവിയൊളികണ്ണാൽ എതിർസീറ്റുനോക്കവേ
കവിതപ്പുസ്തകത്തിൽ നിന്നുയരും പ്രസാദം
അകളങ്ക ഹാസം, കവിതാ കുതൂഹലം.

 

കവിയാണിദ്ദേഹം ഞാനറിയും നന്നായ് ..കുട്ടി
പരിചയപ്പെടുത്തുന്നെന്നെ താതനോ
പറയാനരുതാത്ത ഭാവത്തിൽ ജാലക
പ്പഴുതിലൂടകലേക്കെറിയുന്നു കണ്ണുകൾ!


മോഹൻദാസ് ചെറുവള്ളി.

 

OTHER SECTIONS