അവസ്ഥാന്തരങ്ങൾ

മരണത്തിലേക്കെന്നപോലെയാണ്‌ അയാൾ അടിതെറ്റി വീണത്‌

author-image
Seena Joseph
New Update
അവസ്ഥാന്തരങ്ങൾ

മരണത്തിലേക്കെന്നപോലെയാണ്‌

അയാൾ അടിതെറ്റി വീണത്‌

വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്‌

അയാൾ കണ്ണുകൾ തുറന്നത്‌

പ്രേതാലയം പോലെ പാതി പണിതീർന്ന വീട്‌

കഴുക്കോലുകൾ ഭാഗംവയ്ക്കുന്ന ആകാശം

ഞെട്ടിവിറച്ച്‌ ഓടിമറയുന്ന മിന്നൽപ്പിണരുകൾ

ചേറിൽപ്പുതഞ്ഞ്‌ അയാളുടെ പാതിമെയ്‌!

ഇനിയെന്തു വേണമെന്നറിയാതെ മരവിച്ച പ്രജ്ഞ

നെഞ്ചിനുമേലെ ഭാരമുള്ള കല്ലുപോലെ, നിലച്ചുപോയ സമയം

ഇറങ്ങിപ്പോയവൾ പെരുവഴിയിലുപേക്ഷിച്ച

പുരയ്ക്കുള്ളിലെ വെളിച്ചം ദിക്കുമുട്ടി കെട്ടുപോകുന്നു!

അയൽപ്പക്കത്ത്‌ അവൾ മറന്നു വച്ച

കുരുന്നിന്റെ ഏങ്ങൽ അമ്മയെത്തേടുന്നു

ആർത്തലച്ചുപെയ്ത്‌ മഴ അരിശം തീർക്കുന്നു

അന്നോളം അമ്മയാവാൻ അറിയാതിരുന്നവൻ

ആ മഴയിൽ വെന്തുപാകമാവുന്നു!

malayalam poem avasthantharangal