ചിലങ്ക

By രാജേഷ്‌ പനയന്തട്ട.09 02 2021

imran-azhar

 

 

ഓമൽക്കിനാക്കൾ ഒളിതൂകി മനസ്സിലെത്തും
ഈ നീലരാവിൽ മലർവാടിയിൽ ശാന്തലോലം
വെണ്ണക്കൽമണ്ഡപവിളക്കു തെളിഞ്ഞിടുമ്പോൾ
കേൾക്കുന്നു ദൂരെയൊരു പാദസരക്കിലുക്കം

 

മൗനക്കരിംമുകിൽ ഉടഞ്ഞു നിലത്തു വീഴേ
ഏതോ നതാംഗി പതിയെപ്പതിയെക്കിലുങ്ങും
സ്വർണച്ചിലങ്കയു മണിഞ്ഞു സുഹാസമോടീ
ആട്ടക്കളത്തിൽ നിറമഞ്ജുള നൃത്തമാടെ
പ്രാണന്റെ സൂക്ഷ്മരസബിന്ദുവിലൂർന്നിറങ്ങും
ആനന്ദനൂപുര സുധാവർഷധാരയിന്നീ
ഏകാന്തരാത്രിയിലമൃതവിപഞ്ചി മീട്ടേ
ഹായെത്ര കാൽത്തളകളോർമ്മകളിൽച്ചിരിപ്പൂ
മെല്ലെക്കൊലുസ്സിൻ മണിയൊന്നിളകേത്തുടുക്കും
നീലോല്പലങ്ങൾ വിടരുന്നൊരിളം മനസ്സും
മന്ദാക്ഷമോടെ ചിരിതൂകിയെൻ ഹൃത്തിൽ ലാസ്യം
രാഗാബ്ജമൊട്ടുകൾ വിടർത്തിയ കോമളാംഗീ
കാലങ്ങളെത്ര തരസാ മറയുന്നു പക്ഷേ
ഉള്ളത്തിലിന്നുമുണരുന്ന ചിലങ്കനാദം
കൗമാരമോഹമതനന്തനഭസ്സിൽ മേയും
പട്ടങ്ങൾ പോലെയതിലില്ലൊരു ശങ്ക തെല്ലും
അജ്ഞാത മേതൊരു കരങ്ങളിൽ കാലചക്രം
ഓടുന്നു വേഗതയിൽ പോർക്കുതിരക്കുതിപ്പായ്
ജന്മാന്തരത്തിൻ പൊരുൾ തേടിടുമാത്മയാത്രാ-
മാർഗ്ഗത്തിൽ തീർത്ഥജലധാര നിലാവിലെങ്ങോ
ദൂരെത്തെളിഞ്ഞു കുളിരേകി വിളിച്ചിടുമ്പോൾ
മായാവിമോഹിത കരത്തിലബോധ ശൂന്യം
എല്ലാംമറന്നുസുഖസുപ്തിയിലാണ്ടുമിന്നീ
ശൈലത്തിൽ ഗാഢമനുഭൂതിയിലൂർന്നു വീഴേ
വാസന്തപൗർണ്ണമിയിൽ പുഞ്ചിരി തൂകി നിൽക്കും
ഹൈമാചലത്തിലുണരുന്ന ചിലമ്പു താളം
ദേഹത്തിൽ ദേഹിയിലലിഞ്ഞു സഹസ്രഹർഷം
ചക്രങ്ങൾ തോറുമൊഴുകുന്നു പരാഗഗന്ധം !

 

OTHER SECTIONS