ഭിക്ഷാംദേഹി

By Rajeev Ravi.11 10 2019

imran-azhar

 

 

വിരല്‍തുമ്പില്‍ നിന്നുതിർന്നു പതിക്കുന്ന നീർമണിത്തുള്ളിയായ് ഞാന്‍,വേനലും വര്‍ഷവും സാക്ഷിയാക്കി ചിതറുന്ന സ്വപ്നങ്ങൾ നെയ്തെടുത്തു


ചിരകാലവീഥികള്‍ വിജനമായ്,ദൂരെ പെയ്യുന്ന നിലാമഴ കണ്ടാര്‍ത്തിപൂണ്ട് എന്നിലെ ഉള്‍ത്തടം,കനിവ് തേടുന്ന ചിന്തകള്‍ എന്നെ വട്ടമിട്ടു പറക്കുന്നു


വിഡ്ഢിയായ മനസ്സ് സ്വയം പഴിക്കുന്നു,
കനലുകള്‍ വഴിമാറാത്ത ജീവിതവഴിയില്‍ ഇടറാതെ പാദങ്ങള്‍ ചലിപ്പിക്കുവാന്‍ പാഴ്ശ്രമങ്ങള്‍ നടത്തുന്നു


കോപത്താല്‍ ചുട്ടെടുക്കുന്ന വാക്കുകള്‍ക്ക് കനലിന്‍െറ ആവരണമുണ്ട്, അവ ആലിപ്പഴം പൊഴിക്കുന്ന മഴയെ വാരിപ്പുണരട്ടെ

കാലത്തിന്‍ വരുതിയില്‍ തീര്‍ത്ത കളിക്കളമായ് മനസ്സ്,വീണുടഞ്ഞ കിനാക്കൾ ചുവര്‍ചിത്രരേഖയായ് മാഞ്ഞിടുന്നു


വർണങ്ങളെല്ലാം പോയ് മറഞ്ഞ്, ആത്മാവ് മാത്രം ശേഷിക്കുന്നൊരെന്നെ നോക്കി പരിഹസിക്കുന്നു എന്നിലെ മോഹങ്ങളും


ഇന്ന് ഞാൻ വെറുമൊരു ഭിക്ഷാംദേഹി ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ നൊമ്പരച്ചുമടുമായി മരണത്തിന്റെ പറുദീസയിലേക്കൊരു യാത്ര പോകയാണ്


എനിക്കായിനിയും തുറക്കാത്ത സ്വർഗ്ഗത്തിന്റെ പടിവാതിലിൽ മുട്ടിവിളിക്കാൻ

 

OTHER SECTIONS