പുരാവസ്തുക്കൾ

By Online Desk.30 10 2019

imran-azhar
 
 
സീന ജോസഫ് 

പുരാവസ്തുക്കൾ എനിക്കെന്നും ഏറെ ഇഷ്ടമായിരുന്നു !
ഉപയോഗിച്ചുപയോഗിച്ചു നിറവും ചേലും
മങ്ങിപ്പോയൊരു ജീവിതമാണിതിലൊന്നാമത്.


എന്നും ഒരേ വിരസക്കാഴ്ചകൾ സമ്മാനിക്കുന്ന,
ചുറ്റും ചുളിവുകൾ വീണ രണ്ടു തിമിരക്കണ്ണുകളുണ്ട്.
ഇരുൾക്കാടുകളിൽ പുതുമയുടെ മിന്നാമിന്നി തിരയുന്ന,
തീർത്തും ചുളിവുകൾ വീഴാത്ത ഒരു മനസുമുണ്ട്.

ഒരുപാട് നടന്നിട്ടും ഒത്തിരി തേഞ്ഞിട്ടും പരാതി ഇല്ലാതെ
ഇന്നും കൂടെ നടക്കുന്ന ഒരു ജോഡി ചെരുപ്പുണ്ട്.
ഇരുകൈകൊണ്ടും മുറുകെപ്പിടിച്ച് ഊതിയാറ്റിക്കുടിക്കാൻ
വക്കുപൊട്ടിയ ഒരു പഴയ ചൈനക്കോപ്പയുമുണ്ട്.

നിറം മങ്ങിപ്പഴകിയിട്ടും മുഖം തുടയ്ക്കാനെന്നപോൽ
ഇന്നും കൂടെക്കൊണ്ടു നടക്കുന്ന ഒരു തൂവാലയുണ്ട്.
പണ്ടെന്നോ അതു സമ്മാനിച്ചൊരു സൗഹൃദത്തിൻ
ഇലഞ്ഞിപ്പൂമണം അതിലിപ്പോഴും ഇഴകലർന്നിട്ടുണ്ട്.

ഓർമ്മകൾക്കു പതിയെപ്പതിയെ തെളിച്ചം കുറയുമ്പോൾ
അക്ഷരങ്ങൾക്കെങ്ങിലും മിഴിവു കൂട്ടാൻ
കൂടെക്കൂട്ടിയൊരു കുറുമ്പൻ കണ്ണടയുണ്ട്.
അക്ഷരതെളിച്ചങ്ങൾ ഓർമ്മകളിലേക്കു കൂടി
വെളിച്ചം തെളിച്ചേക്കുമെന്നൊരു വ്യാമോഹവുമുണ്ട്.

ഓർക്കാപ്പുറത്ത് പദമിടറുമ്പോൾ കൈകളിൽ താങ്ങായി
പനീർപ്പൂപടം പതിച്ച ഒരു ഊന്നുവടി എപ്പോഴും കൂടെയുണ്ട്.
നീയിപ്പോൾ ഇടറുമെന്ന് അറിയാമായിരുന്നു എന്ന്
കണ്ണിൽ മിന്നാതെ മിന്നുന്ന ഒരു ചിരി ചാരെയുമുണ്ട്.

ഞാനും നീയുമിപ്പോൾ പുരാവസ്തുക്കളെങ്കിലും
നമുക്കിടയിൽ ചിരപരിചിതത്വത്തിൻ ഇഴയടുപ്പമുണ്ട്.
പുരാവസ്തുക്കൾ എനിക്കെന്നും ഏറെ ഇഷ്ടമായിരുന്നു,
ഉരുകിത്തീരാറായ ഈ ജീവിതത്തോട് ഇത്രമേൽ
സ്നേഹം തോന്നുവാൻ വേറെന്തു കരണമാണുള്ളത്?!!
 
 
 

OTHER SECTIONS