പുഴയും അവളും

By Seena Joseph .19 12 2019

imran-azhar

 

 

പഴയതൊക്കെ എണ്ണിപ്പറഞ്ഞ്‌ പുഴ കരയുകയായിരുന്നു
നാളേറെക്കൂടിയാണ്‌ അവർ തമ്മിൽ കാണുന്നത്‌
അറിഞ്ഞുപെയ്ത മഴയുടെ മറക്കുടയ്ക്കുള്ളിൽ
അവളും കണ്ണീരടക്കാൻ പാടുപെട്ടു.


അവൾ പോയ ശേഷം പുഴയെ കേൾക്കാൻ
ആരുമുണ്ടായിരുന്നില്ലത്രേ!
അപ്പോഴാണ്‌ പുഴയുടെ നെഞ്ചിൽ വീഴുന്ന
മഴത്തുള്ളികൾ തിളച്ചുമറിയുന്നതവൾ കണ്ടത്‌.
മഴകൊണ്ട്‌ മറച്ചുപിടിച്ച അവളുടെ മനസ്സും
തിളച്ചു തൂവുകതന്നെയായിരുന്നു!


ഇവിടെയാണവൾ കുട്ടിക്കാലത്തിന്റെ
കൊച്ചു സങ്കടങ്ങൾ കഴുകിക്കളഞ്ഞത്‌
കവിളിൽ ചുവപ്പിട്ട കൗമാരസ്വപ്നങ്ങൾ ഒഴുക്കിവിട്ടത്‌
ഒരുകുടക്കീഴിൽ സ്വപ്നം നെയ്തു നടന്നു നീങ്ങുന്ന
യൗവ്വനങ്ങൾ കണ്ട്‌ വെറുതെ കൊതികൊണ്ടത്‌.


പുഴയ്ക്കും പറയാനേറെയുണ്ടായിരുന്നു
കാറ്റിലാടുന്ന ആറ്റുവഞ്ചികൾ കൂട്ടുകാരായത്‌
വായാടിപ്പെണ്ണുങ്ങളുടെ പരദൂഷണക്കഥകേട്ട്‌ ചിരിച്ചത്‌
വെയിലിൽ മദിച്ചുനിൽക്കുന്ന കരിമ്പാറക്കൂറ്റനെ പ്രണയിച്ചത്‌


തന്റെ ആഴങ്ങളിൽ, ഒരു കുഞ്ഞുജീവൻ പൊലിഞ്ഞപ്പോൾ
പുഴ ഒഴുകാൻ മറന്ന് നിശ്ചലമായത്‌
കടന്നു പോകുമ്പോഴൊക്കെയും അച്ഛൻകണ്ണുകളിൽ
എരിഞ്ഞ പകയിൽ പുഴ വരണ്ടുണങ്ങിപ്പോയത്‌
അമ്മക്കണ്ണുകൾ ഒഴുക്കിയ കണ്ണുനീരിൽ
പുഴയുടെ ഹൃദയം വെന്തുപോയത്‌.


ഈയിടെയായി നിത്യവും മദംപൊട്ടിക്കലിപൂണ്ട്‌
കലങ്ങിയൊഴുകുന്ന പുഴയെ സ്വപ്നംകണ്ട്‌
ഞെട്ടിയുണരാൻ തുടങ്ങിയപ്പോഴാണ്‌
അവൾ ഈ മടക്കയാത്രയ്ക്കൊരുങ്ങിയത്‌.


ഇപ്പോൾ അവളും പുഴയും പരസ്പരം
കണ്ണിൽ കണ്ണു നട്ടിരിക്കുകയാണ്‌
മൗനവേഗങ്ങളിൽ മഴയുടെ താളങ്ങളിൽ അവർ വീണ്ടും
നെഞ്ചിടിപ്പറിഞ്ഞ്‌ ഒഴുകിക്കൊണ്ടിരിക്കുകയാണ്‌!

OTHER SECTIONS