ശേഷക്രിയ

ഇരുള്‍ വീണ ഇടനാഴിയില്‍ പൊലിഞ്ഞ കിനാക്കളുണ്ട്,വീശിയടിച്ച കാറ്റില്‍ കൊഴിയാന്‍ മറന്നവ,മഴയില്‍ കുതിര്‍ന്ന് മണ്ണോട് ചേരേണ്ടത്

author-image
Rajeev Ravi
New Update
ശേഷക്രിയ

ഇരുള്‍ വീണ ഇടനാഴിയില്‍ പൊലിഞ്ഞ കിനാക്കളുണ്ട്,വീശിയടിച്ച കാറ്റില്‍ കൊഴിയാന്‍ മറന്നവ,മഴയില്‍ കുതിര്‍ന്ന് മണ്ണോട് ചേരേണ്ടത്

ആര്‍ത്തലച്ചു പെയ്യുന്ന മഴ നനയാന്‍ കൊതിക്കുന്ന മനസ്സ് ശലഭമായി പാറി പറക്കാന്‍ മോഹിക്കുന്നു

വര്‍ണ്ണങ്ങള്‍ വിരുന്നുവരുന്ന സായാഹ്നത്തിൽ പുഞ്ചിരിപൊഴിക്കുന്ന സൂര്യനോട് വിടപറയണം,നിലാവിനെ പടികയറിവരുന്ന വിരുന്നുകാരനായ് സ്വീകരിക്കണം,കാതില്‍ കിന്നാരം ചൊല്ലി അത്താഴമൊരുക്കണം

ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങളെ ഒരിക്കലും തിരികെ വരാത്തവണ്ണം നഷ്ടങ്ങളുടെ ചെകുത്താനെറിഞ്ഞു കൊടുക്കണം

ഉത്തരമില്ലാത്ത ചോദ്യങ്ങളെ പെറ്റു കൂട്ടുന്ന മനസ്സ് തേടുന്നത് ശൂന്യത നിറഞ്ഞ മരുഭൂമിയാണ്, തനിച്ചായിപ്പോയവരുടെ വാസസ്ഥലം

സങ്കടങ്ങള്‍ പെരുമഴയായി പെയ്തിറങ്ങുമ്പോഴും

ഒരുതരി വെളിച്ചം എവിടെയോ ഒളിച്ചിരിക്കുന്നു,കനലെരിയുന്ന കാഴ്ചകള്‍ ഉത്തരമില്ലാതെ എന്നെ പൊതിയുന്നു

വഴികളെല്ലാം ആരോ താഴിട്ട് പൂട്ടിയതും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നതും വിഡ്ഢിയായ എന്‍െറ വിധിയാവാം

പരാജിതനായ മനസ്സ് നൊമ്പരങ്ങളുടെ ഭാണ്ഡവും പേറി തീർത്ഥയാത്രയ്ക്കൊരുങ്ങുന്നു

തന്‍െറ കിനാവിന്‍െറ ശേഷക്രിയക്കായ്

നദിക്കരയില്‍ കര്‍മ്മം നടത്തി,പുനര്‍ജന്മത്തിലെങ്കിലും

കിനാക്കള്‍ക്ക് മോക്ഷപ്രാപ്തി കൈവരിക്കാൻ...

malayalam poem sheshakriya