ചിലന്തികളോട് സംസാരിക്കുന്ന പെണ്‍കുട്ടി

അവളുടെ പേര് ഫര്‍ഹാന എന്നായിരുന്നു. വിളറിയ വെളുപ്പില്‍ ചന്ദ്രകാന്തക്കല്ലുപതിച്ച കണ്ണുകള്‍. കടുംനിറത്തിലുള്ള ശിരോവസ്ത്രത്തിന് ഇടയിലൂടെ ചെമ്പു കയറിയ മുടിയിഴകള്‍ വരണ്ട കാറ്റില്‍ അലസമായി സദാ പാറിക്കളിച്ചു. കൗമാരത്തിന്റെ അവസാന നാളുകളെ തികഞ്ഞ ശാന്തതയോടെ വരവേല്‍ക്കുന്ന ശരീരഭാഷ.

author-image
RK
New Update
ചിലന്തികളോട് സംസാരിക്കുന്ന പെണ്‍കുട്ടി

കഥ

മോബിന്‍ മോഹന്‍

അവളുടെ പേര് ഫര്‍ഹാന എന്നായിരുന്നു. വിളറിയ വെളുപ്പില്‍ ചന്ദ്രകാന്തക്കല്ലുപതിച്ച കണ്ണുകള്‍. കടുംനിറത്തിലുള്ള ശിരോവസ്ത്രത്തിന് ഇടയിലൂടെ ചെമ്പു കയറിയ മുടിയിഴകള്‍ വരണ്ട കാറ്റില്‍ അലസമായി സദാ പാറിക്കളിച്ചു. കൗമാരത്തിന്റെ അവസാന നാളുകളെ തികഞ്ഞ ശാന്തതയോടെ വരവേല്‍ക്കുന്ന ശരീരഭാഷ.

മഴപോലെ പെയ്തിറങ്ങിയ ബോംബുകള്‍ എല്ലാം തകര്‍ത്തപ്പോള്‍ കൈക്കുഞ്ഞായിരുന്ന അവളെയും കൊണ്ട് അവളുടെ അമ്മ നഗരത്തില്‍ നിന്നും ഗ്രാമത്തിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് ഓടി പോന്നതാണ്. ഗായകനായിരുന്ന അവളുടെ അച്ഛനെ നഗരം പിടിച്ചടക്കിയവര്‍ അവളുടെ മുന്നിലിട്ടാണ് വെടിവെച്ചുകൊന്നത്.

പിന്നീടുള്ള രാത്രികാലങ്ങളില്‍ അതൊരു സ്വപ്നമായി അവളുടെ ഉറക്കം കെടുത്തി.

അബ്ബാ.. അബ്ബാ... എന്നു വിളിച്ച് അവള്‍ പുലര്‍ച്ചെ വരെ വിതുമ്പി.

ഗ്രാമത്തില്‍ ബാര്‍ലി പാടങ്ങള്‍ അതിരിടുന്ന ഒരു താഴ് വാരത്തായിരുന്നു അവളുടെ വീട്. വീടിന്റെ പിന്നിലായി ഉരുളക്കിഴങ്ങ് അവര്‍ കൃഷി ചെയ്തിരുന്നു. കറുപ്പ് പാടങ്ങളിലെ ലഹരിക്കാറ്റ് വടക്കുനിന്നും ഇടയ്ക്ക് വീശിക്കൊണ്ടേയിരുന്നു.

അവളുടെ അമ്മയുടെ സഹോദരന്‍ ഒരു ആട്ടിടയനായിരുന്നു. തന്റെ ആടുകളെയും കൊണ്ട് അയാള്‍ മലകളും അടിവാരങ്ങളും കയറിയിറങ്ങി പല നാടുകളില്‍ അലഞ്ഞുതിരിഞ്ഞ് ശൈത്യകാലമാകുമ്പോള്‍ ഗ്രാമത്തില്‍ എത്തും. ദായി എന്നാണവള്‍ അയാളെ വിളിച്ചിരുന്നത്. അവളുടെ വീട്ടില്‍ നിന്നും കുറച്ചകലെ എന്നോ വറ്റിപ്പോയ ഒരു പുഴയുടെ വക്കത്തായിരുന്നു അയാളുടെ വീട്. അയാള്‍ മനോഹരമായി റബാബ് വായിക്കുമായിരുന്നു. ശൈത്യകാലത്ത് ഗ്രാമത്തിലെത്തുമ്പോള്‍ തന്റെ പഴയ റബാബ് പൊടി തട്ടിയെടുത്ത് അതിന്റെ തന്ത്രികളില്‍ വിരലുകളോടിച്ച് അയാള്‍ മനോഹര സംഗീതം പൊഴിക്കുമായിരുന്നു. സായന്തനങ്ങളില്‍ പുഴയോരത്ത് ആഴികൂട്ടി അതിനടുത്തിരുന്ന് റബാബ് മീട്ടുമ്പോള്‍ ചുറ്റും കൂടുന്ന ആടുകള്‍ നിശബ്ദരായി സംഗീതം കേട്ടു നില്‍ക്കുമായിരുന്നു.

ഉറക്കം നഷ്ടപ്പെട്ട ഒരു രാത്രിയില്‍ റബാബിന്റെ സംഗീതം അവളുടെ കാതുകളില്‍ മുഴങ്ങി. ദായിയും തന്നെപ്പോലെയാണ്, ഉറക്കം വളരെ കുറവുള്ളയാളാണ്.

പാട്ട് കേള്‍ക്കരുതെന്നും പാടരുതെന്നും ആരോടും സംസാരിക്കരുതെന്നും അവളുടെ അമ്മ ഉപദേശിച്ചിരുന്നു. വരികളൊന്നും അറിയില്ലെങ്കിലും അമ്മ കേള്‍ക്കാതെ അവള്‍ മൂളി പാടുമായിരുന്നു.

അമ്മ നല്ല ഉറക്കത്തിലാണ്. അവള്‍ കട്ടിലില്‍ നിന്നും പതിയെ എഴുന്നേറ്റ് ദായിയുടെ സംഗീതത്തിന് ചെവിയോര്‍ത്ത് നടന്നു. ദേവദാരു മരങ്ങളും ഓക്കുമരങ്ങളും ചൂരല്‍ച്ചെടികളും വശങ്ങളില്‍ ഇടതൂര്‍ന്നു വളര്‍ന്ന വഴിയിലൂടെയായിരുന്നു അവളുടെ നടത്തം. പെട്ടെന്നാണ് ഒരു ചോദ്യം കേട്ടത്.

'നീ എങ്ങോട്ടു പോകുന്നു'

ശബ്ദം കേട്ടിടത്തേയ്ക്ക് ഭയത്തോടെ അവള്‍ തിരിഞ്ഞു നോക്കി.

അതൊരു ചിലന്തിയായിരുന്നു. ശിഖരങ്ങള്‍ക്കിടയില്‍ വല നെയ്യുകയായിരുന്നു അത്. അവള്‍ ചുറ്റിനും നോക്കി. മറ്റു മരങ്ങളുടെ ശിഖരങ്ങളിലും നിരവധി ചിലന്തികള്‍ വല നെയ്യുന്നു. കൗതുകത്തോടെ അവള്‍ അത് നോക്കിയിരിക്കുമ്പോള്‍ ചിലന്തി വീണ്ടും ചോദിച്ചു.

'കേട്ടില്ലേ, നീ എവിടെ പോകുന്നു''

''ഞാന്‍... വെറുതെ'

റബാബിന്റെ സംഗീതം മൃദുലമായി കേള്‍ക്കാം. അതാസ്വദിച്ചു കൊണ്ട് അവള്‍ വല നെയ്യുന്നത് നോക്കി രസിച്ചുനിന്നു.

'എത്ര മനോഹരമായാണ് നിങ്ങള്‍ വല നെയ്യുന്നത് '

ചിലന്തി അവളെ നോക്കി ചിരിച്ചശേഷം വീണ്ടും വല നെയ്യുവാന്‍ തുടങ്ങി.

സൂര്യരശ്മികള്‍ മഞ്ഞിനിടയിലൂടെ വ്യാപിക്കാന്‍ തുടങ്ങി. ചിലന്തിവലയിലെ ഹിമകണങ്ങള്‍ വജ്രം പോലെ വെട്ടിത്തിളങ്ങി. ദേവദാരുമണമൊഴുകുന്ന കാറ്റില്‍ വലകള്‍ ഇളകിയാടി. റബാബിന്റെ സംഗീതത്തിന് അവള്‍ വിരലുകളില്‍ താളം പിടിച്ചു.അപ്പോഴാണ് മറ്റൊരു ചിലന്തി പറഞ്ഞത്,

'ശബ്ദമുണ്ടാക്കരുത് പെണ്ണേ... ഇരകള്‍ വഴി മാറിപ്പോകും'

'ഞാന്‍ പോകുന്നു... നിങ്ങള്‍ വല നെയ്യുന്നത് കാണാന്‍ എല്ലാ ദിവസവും ഞാന്‍ വന്നോട്ടെ... ' അവള്‍ ചോദിച്ചു.

ചിലന്തികള്‍ സമ്മതം മൂളി.

അങ്ങനെ വല നെയ്യുന്നത് കാണാന്‍ എല്ലാ ദിവസവും അവള്‍ എത്തി.

ഒരിക്കല്‍ ഒരു ചിലന്തി ചോദിച്ചു

'ആരാണ് അവിടെ പാടുന്നത് '

'അത് എന്റെ ദായിയാണ്.. എത്ര മനോഹരമായാണ് പാടുന്നത് അല്ലേ '

അവള്‍ പറഞ്ഞു.

ചിലന്തികള്‍ വീണ്ടും വല നെയ്യുവാന്‍ തുടങ്ങി. ഇരകള്‍ വന്നു വീഴുമ്പോള്‍ ആര്‍ത്തിയോടെ അടുക്കുന്ന ചിലന്തികള്‍ അവയെ ഭക്ഷിക്കാനൊരുങ്ങുമ്പോള്‍ മാത്രം അവള്‍ കണ്ണടയ്ക്കും. അല്ലാത്ത സമയങ്ങളില്‍ അവര്‍ അവളോട് സംസാരിച്ചു കൊണ്ടേയിരുന്നു.

എല്ലാ ചിലന്തികളും ഒരുമിച്ച് ഒരു വലിയ വല നെയ്യാന്‍ ഒരിക്കല്‍ തീരുമാനിച്ചു. വല നെയ്തെടുക്കാന്‍ ദിവസങ്ങളെടുക്കും. ആ മനോഹര കാഴ്ച കാണാന്‍ അവള്‍ അതിയായി ആഗ്രഹിച്ചു.

വലയുടെ പണി പൂര്‍ത്തിയാകാറായ ഒരു ദിവസം ചിലന്തി അവളോട് പറഞ്ഞു.

'നാളെ പുലര്‍ച്ചെ നീ വരൂ.. അപ്പോഴേയ്ക്കും ഈ വലിയ വല നെയ്തു തീര്‍ന്നിരിക്കും'

അവള്‍ക്ക് വലിയ സന്തോഷമായി. അന്നു രാത്രി അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആദ്യ സൂര്യരശ്മികള്‍ ബാര്‍ലി പാടങ്ങളില്‍ പതിച്ച നിമിഷം അവള്‍ ഒരു ആട്ടിന്‍കുട്ടിയെ പോലെ ചിലന്തികളുടെ അടുത്തേയ്ക്ക് ഓടി.

പക്ഷേ ചിലന്തികളെയൊന്നിനെയും അവള്‍ അവിടെ കണ്ടേയില്ല.

വലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രക്തത്തുള്ളികള്‍ക്കൊപ്പം തന്ത്രികള്‍ പൊട്ടി തകര്‍ക്കപ്പെട്ട റബാബ് കണ്ട് പേടിച്ചരണ്ട അവള്‍ ഒരു വരണ്ട കാറ്റായി മാറി.

story Malayalam