താളപ്പിഴ

രമണ്യേ...രമണ്യേ.. ഒന്നു വാതലു തൊറക്കെട്യേ

author-image
online desk
New Update
താളപ്പിഴ

രമണ്യേ...രമണ്യേ.. ഒന്നു വാതലു തൊറക്കെട്യേ

ഏച്ച്യേ..ഏച്ച്യേ..

വാതിലിൽ തട്ടും മുട്ടും പെരുകുന്നു.

വിളീം മുറുമുറുപ്പും തീവ്രമാവുകയാണ്.

ഒരു കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങിയിട്ടുണ്ട്.

കറണ്ടു പോയിട്ട് രണ്ടു ദിവസായി.അതൊരാശ്വാസമായി തോന്നിയിരുന്നു.ആരും കാളിംഗ് ബെല്ലടിച്ച്

സ്വരംകെടുത്തില്ലല്ലോ..

ഇപ്പോ അരിശോം വെറുപ്പും

കണ്ണിലേക്കു കയറുന്നു.കണ്ണു മങ്ങുകയാണ്.

വാതിലിന്റെ നിരീക്ഷണ ദ്വാരത്തിലൂടെ

നോക്കുമ്പോൾ

അഞ്ചാറു പേരെ കാണുന്നുണ്ട്.

ആണും പെണ്ണും..

മുറ്റത്ത് കരിപ്പാത്രങ്ങളും ചട്ടീം കലോം

പായും തലയിണേം കത്തീം കോടാലീം....

ദൈവമേ

- രമണ്യേച്ച്യേ....

- ഞങ്ങളും മനുഷേരു തന്ന്യാടീ മോളേ...

നീയൊന്ന് കതകു തൊറക്കെടിയേ...

തൊറന്നില്ലെങ്കിൽ അവറ്റകള്

എല്ലാം തകർത്ത് കയറിവരുമെന്നു തോന്നുന്നു.

അത്രയ്ക്കുണ്ട് ബഹളം.

എല്ലാം വെള്ളം കേറി നശിച്ചിട്ട് ഒാടിപ്പാഞ്ഞ്

വന്നതാവും..

കതകുതൊറക്കാത്ത കലിയ്ക്ക്

കൂട്ടം ചേർന്ന് ആക്രമിയ്ക്കും

മുടിയ്ക്കു കുത്തിപ്പിടിച്ച്

വലിച്ചിഴച്ച് ....

ഒടുവിൽ വൈകിട്ട് പുള്ളിക്കാരൻ വന്നുനോക്കുമ്പോൾ കണ്ണും തുറിച്ച്

വായും പൊളിച്ച് ചത്തുകിടക്കുന്നുണ്ടാവും..

ഇന്നലത്തെ പത്രത്തിലും കണ്ടു

അങ്ങനൊരു വാർത്ത

ഹോ...

പക്ഷേ

പുള്ളിക്കാരൻ പറഞ്ഞിരിക്കുന്നത് കതക്

തൊറക്കരുതെന്നാണല്ലോ.

- ഒറ്റയ്ക്കുള്ളപ്പോൾ ആരു വന്നു

വിളിച്ചാലും കതക് തുറക്കരുത് കേട്ടോ കഴുതേ

രാവിലെ പോവാനിറങ്ങുമ്പോൾ

എന്നും ഓർമപ്പെടുത്തും.

പക്ഷേ,ഇതുപോലെയുള്ള വിഷമസന്ധികളിൽ എന്തു ചെയ്യണമെന്ന്

പണ്ട് അമ്മ പറഞ്ഞതോർമ്മ വരുന്നു.

മുൻവാതിൽ തുറക്കരുത്.

കറിക്ക് അരിയുന്ന മൂർച്ചയുള്ള കത്തി എടുത്തോണം. ഒറ്റക്ക് ചെല്ലരുത്.

അടുക്കളവാതിൽ

തുറന്ന് അപ്രത്തെ ശാരദേച്ചിയെ കൂട്ടി

മെല്ലെ ഉമ്മറത്തെത്തി.കറിക്കത്തി

മറച്ചാണ് പിടിച്ചിരിക്കുന്നത്.

ശാരദേച്ചി ഇങ്ങനെ തുറിച്ചു നോക്കുന്ന

തെന്തിനാണെന്നറിയില്ല.

മുറ്റത്തെ ബഹളം ശമിച്ചിട്ടുണ്ട്.

ആരെയും കാണുന്നില്ല.

അവറ്റകളെവിടെപ്പോയി ഇത്രപെട്ടെന്ന്?

അല്ല,ഈ ശാരദേച്ചി എന്താ പിറുപിറുക്കുന്നത്?

- നട്ടപ്പിരാന്തിനൊത്ത് തുള്ളാൻ

എനിക്കു നേരമില്ലാ രമണിയേ....നീ

വെറുതെയിരിക്ക്....ഇബ്ടെ വാ

കൈയ്ക്കു പിടിച്ചു വലിച്ച് വീട്ടിലേക്ക്

കൊണ്ടുപോവാൻ നോക്കുകയാണ്.

ഈ ശാരദേച്ചീടെ ഒരു കാര്യം!

malayalam short story thalappizha