പ്രൊഫസറുടെ ഭാര്യ

By RK.04 10 2021

imran-azhar

കഥ

 

പ്രൊഫസറുടെ ഭാര്യ

 


അമല്‍

 

മലയാളം പ്രൊഫസര്‍ക്ക് ഒരഫയറുള്ള കാര്യം കോളേജിലെ പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ പ്രൊഫസറുടെ പേര് കേള്‍ക്കുമ്പോഴേ എല്ലാവരിലും ഒരു കള്ളച്ചിരി വിടരും. ഡല്‍ഹിയിലെ ജെഎന്‍യുവിലൊരു സെമിനാറിന് പോയപ്പോ കണ്ട് മുട്ടിയ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയാണ് ആളെന്ന് പ്രഫസറുടെ ഹിന്ദിയില്‍ ധാരാളം ബിരുദങ്ങള്‍ നേടിയിട്ടുള്ള ഭാര്യയോട് പ്രൊഫസറുടെ തന്നെ ഡിപ്പാര്‍ട്ട്‌മെന്റിലുള്ള അധ്യാപകരാണ് ആദ്യം പറഞ്ഞത്. ഉത്തരേന്ത്യയിലേക്ക് മാസാമാസം ടൂര്‍ പോകുന്ന പ്രൊഫസര്‍ കേന്ദ്രീയവിദ്യാലയയിലെ ഹിന്ദി ടീച്ചറായ ഭാര്യയെ ഒരു തവണയെങ്കിലും ഒപ്പം കൂട്ടിയോ, അതാണ്..

 

അവര്‍ ചോദിച്ചതില്‍ എന്താണ് തെറ്റ്? പ്രൊഫസറുടെ ഭാര്യ തറയില്‍ ചടഞ്ഞിരുന്ന് ചുറ്റും നോക്കി. കുറച്ചു മുന്‍പും പ്രിന്‍സിപ്പല്‍ വിളിച്ചിരുന്നു. 'ടീച്ചറേ കാണാതായി എന്നതിന് മരണപ്പെട്ടു എന്നല്ല അര്‍ത്ഥം' കിട്ടാവുന്ന സകല ലീവുകളും എടുത്തു കഴിഞ്ഞു. ഇനി സഹായിക്കാന്‍ കഴിയില്ല. ഇങ്ങനെ വീട്ടില്‍ അടച്ചുപൂട്ടി ഇരുന്നാല്‍ പ്രൊഫസര്‍ തിരിച്ചു വരുമോ. അയാള്‍ പോയിട്ട് എത്രയോ മാസങ്ങളായി. ഇനി നോക്കിയിരുന്നിട്ട് കാര്യമില്ല. ടീച്ചര്‍ ടീച്ചറുടെ കാര്യം നോക്ക്. എന്തായാലും ഇന്ന് സ്‌കൂളീന്ന് കുറച്ച് ടീച്ചേര്‍സ് അങ്ങോട്ട് വരുന്നുണ്ട്, അവരെ കാണുമ്പോള്‍ ഒരാശ്വാസം കിട്ടും. നാളെ മുതല്‍ ആ പഴയ സ്മാര്‍ട്ട് ഷാര്‍പ്പ് ടീച്ചറായി ഇങ്ങ് വന്നേക്കണം.

 

അവര്‍ ശരിയെന്ന് മൂളി.

 

വന്ന ടീച്ചേഴ്‌സ് ഇനി പറയാന്‍ ഒന്നുമില്ല. പ്രൊഫസര്‍ ആ ഹിന്ദിക്കാരിയുമായി സുഖിക്കുമ്പോ നീയെന്താ പൊട്ടിയെപ്പോലെ, അവര്‍ ആക്രോശിച്ചു. പരാതി അന്വേഷിച്ച് വലഞ്ഞ പോലീസിന് ഫോണ്‍ അവസാനം സ്വിച്ച്ഡ് ഓഫ് ആയത് ബനാറസില്‍ വച്ചാണെന്ന് മാത്രമേ കണ്ടെത്താന്‍ പറ്റിയിട്ടുള്ളൂ. അത് പോരേ. പിന്നെ പ്രൊഫസറെ അറിയാവുന്ന പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപിക പ്രഫസറെ ഈയിടെ കണ്ടിട്ടില്ല എന്ന് ഉറപ്പിച്ച് പറയുന്നത് വിശ്വസിക്കണ്ട. അത് കേട്ട് പോലീസ് പത്തി മടക്കി. കഷ്ടം. രണ്ടിനെയും പിടിച്ച് തുണിയുരിഞ്ഞ് റോഡിലൂടെ നടത്തണം. അതാ വേണ്ടത്. ഒരു പൊളിറ്റിക്കല്‍ സയന്‍സ്‌കാരി. ഫൂ. പെണ്ണുങ്ങളെ വിശ്വസിക്കരുത്, ടീച്ചേര്‍സ് പറഞ്ഞു 'പ്രത്യേകിച്ച് ആവശ്യത്തില്‍ക്കവിഞ്ഞ ബുദ്ധിയുള്ളവളുമാരെ'.

 

ചവറും കരിയിലയും മൂടിയ മുറ്റവും എച്ചില്‍ ഒട്ടിയ പാത്രങ്ങള്‍ കെട്ടി മറിയുന്ന അടുക്കളയും പൊടിയും വലയും മുഷിഞ്ഞ തുണികളും നിറഞ്ഞ മുറികളും കണ്ട് അവര്‍ സഹതപിച്ചു. നിങ്ങള്‍ക്ക് കുട്ടികളും ബന്ധുക്കളും ഇല്ലാത്തത് ഭാഗ്യം. നീ എന്താ ഇങ്ങനെ, ഞങ്ങള്‍ വല്ലതും ആയിരിക്കണം, ഈ സ്വാതന്ത്ര്യം ആഘോഷിച്ചു കൂത്താടിയേനെ. ഒരു മലയാളം പ്രൊഫസര്‍, പോകാന്‍ പറയെടി. സ്‌കൂളില്‍ വരാമെന്ന ഉറപ്പും വാങ്ങി പോകാന്‍ ഇറങ്ങവേ അധ്യാപികമാരില്‍ ഒരാള്‍ തന്നെയാണ് നല്ലൊരു വേലക്കാരിയെ വച്ച് ഇതൊക്കെ ശരിയാക്കാന്‍ നഗരത്തിലെ പ്രശസ്ത എജന്‍സിയുടെ നമ്പര്‍ നല്‍കിയത്. നഗരത്തിലെ പേരുകേട്ട ഈ എജന്‍സി അവരുടെയെല്ലാം വീട്ടില്‍ അങ്ങേയറ്റം വിശ്വസ്തകളായ വേലക്കാരികളെ നല്‍കി പേര് നന്നായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ്. നന്നായി എതിര്‍ത്തെങ്കിലും ഒടുവില്‍ ടീച്ചര്‍മാരുടെ സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങി പ്രൊഫസറുടെ ഭാര്യ ഏജന്‍സിയിലേക്ക് വിളിച്ചു. അവര്‍ വാട്‌സ്ആപ്പില്‍ അയച്ച പ്രൊഫൈലുകളില്‍ നിന്ന് ഒരാളെ ഉറപ്പിച്ചു. പറഞ്ഞ അഡ്വാന്‍സ് ട്രാന്‍സ്ഫര്‍ ചെയ്തു.

 

പിറ്റേന്ന് രാവിലേ തന്നെ വളരെ ചെറുപ്പക്കാരിയായ വേലക്കാരിയെ ഏജന്‍സി പ്രതിനിധി ടീച്ചര്‍ക്ക് മുന്നില്‍ ഹാജരാക്കി. കറുത്ത് മെലിഞ്ഞ രൂപം. തിളങ്ങുന്ന കണ്ണുകള്‍. പറയേണ്ട താമസം കഴുത്തിലെ കരിമണിമാല തെരുപ്പിടിച്ച് പറയാത്ത ജോലി കൂടി ചെയ്യുന്ന ഊര്‍ജ്ജസ്വലത. അധികം സംസാരിക്കുന്ന പ്രകൃതമല്ല. ആ നേരം കൂടി കഠിനമായി അധ്വാനിക്കും. കുഴപ്പമില്ല, ടീച്ചര്‍ മാറി നിന്ന് അവള്‍ക്ക് നല്ല മാര്‍ക്ക് തന്നെ നല്‍കി. വീട് കരിയിലയും പൊടിയും മാറി ചൂട് വെള്ളത്തില്‍ കുളിച്ച് ആഹാരം പാകം ചെയ്ത് കഴിച്ച് ഒന്നുറങ്ങി ഉണര്‍ന്നപ്പോഴേക്കും നല്ല ഉഷാറായി. വീടിന്റെ കവിളത്ത് സൂര്യന്‍ ഒരുമ്മ കൊടുത്തു.

 

പ്രൊഫസറുടെ ഭാര്യ മുഖത്തെ ദുഃഖം തുടച്ച് പുറത്ത് പോകാന്‍ ഒരുങ്ങി. ആദ്യം തന്നെ പഴയ സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കി ആക്രിക്കടയില്‍ നല്‍കാനാണ് പോയത്. വട്ടിയും ചട്ടിയും കുട്ടയുമൊക്കെ കെട്ടിയ കൂട്ടത്തില്‍ തുരുമ്പ് ഒട്ടും നക്കിയിട്ടില്ലെങ്കിലും പഴയ വെട്ടുകത്തിയും കോടാലിയും കൂന്താലിയുമൊക്കെ അവര്‍ എടുത്തിട്ടു. അതെല്ലാം വേലക്കാരി വലിച്ച് കുറച്ചു മുന്‍പേ അവള്‍ കുളിപ്പിച്ച് കുട്ടപ്പനാക്കിയ കാറിന്റെ ഡിക്കിയിലേക്ക് വച്ചു.

 

'പഴയതെല്ലാം പോട്ടേ, എല്ലാം നമുക്ക് നാളെ പോയി പുതിയത് വാങ്ങാം' കാര്‍ സ്റ്റാര്‍ട്ട് ചെയ്യവേ ടീച്ചര്‍ ചിരിച്ചു. താന്‍ വന്നതിന് ശേഷം ആദ്യമായിട്ട് അവര്‍ ചിരിച്ചത് കണ്ട് വേലക്കാരിയുടെ മനസ്സില്‍ വസന്തം വന്നു. എന്ത് ഭംഗിയുള്ള ചിരിയാണ്. അവള്‍ അകത്തേക്ക് കയറി. ഇനി എന്ത് ജോലി ചെയ്യും. സകല ജോലികളും തീര്‍ത്തു കഴിഞ്ഞു. സ്റ്റോര്‍ റൂമില്‍ ലോഷന്റെയും ഡെറ്റോളിന്റെയും പുതുപുത്തന്‍ കുപ്പികള്‍ കുറേ കണ്ടത് ഓര്‍ത്തു. എല്ലാം കഴുകി വൃത്തിയായി സൂക്ഷിക്കുന്നത് ഇഷ്ടമുള്ള ആളാകണം ടീച്ചര്‍. ഒന്നും ചെയ്യാതിരുന്ന് ശീലമില്ല. നോക്കുമ്പോള്‍ ചുവരിലെ ഫോട്ടോകള്‍ കണ്ടു. പൊടിയുണ്ട്. വെള്ളം തൊട്ട് വലിച്ചത് പോലെ പാടുകളും. അതെല്ലാം ഒന്ന് പൊടി തുടച്ച് വക്കാമെന്ന് തീരുമാനിച്ചു. മിക്കതും പ്രൊഫസറും ടീച്ചര്‍ ഭാര്യയും ഏതെങ്കിലും ക്ഷേത്രത്തിന്റെയോ പള്ളിയുടെയോ ദര്‍ഗ്ഗയുടെയോ മുന്നിലോ അകത്തോ ക്യാമറയിലെക്ക് തുറിച്ചുനോക്കി നില്‍ക്കുന്നതാണ്. എന്തൊരു ചേര്‍ച്ചയാണ് രണ്ട് പേരും. ഒരു ഹിന്ദിയും മലയാളവും. വെളുത്ത് തടിച്ച സുന്ദരനാണ് സാര്‍. ഏത് പെണ്ണ് കണ്ടാലും ഒന്ന് നോക്കിപ്പോകും. ആ കട്ടി മീശക്ക് കൊടുക്കണം കയ്യടി. എന്തൊരു കണ്ണുകള്‍. ഹോ ടീച്ചറും ഒട്ടും മോശമല്ല. ആപ്പിളിന്റെ നിറമാണ് ടീച്ചര്‍ക്ക്. കവിളില്‍ നഖം കൊണ്ട് കുത്തിയാല്‍ പിങ്ക് രക്തം പൊടിയും. ഈ ഫോട്ടോയില്‍ ചുവന്ന പട്ടുടുത്ത അവരെക്കാണാന്‍ രാജകുമാരിയെപ്പോലെയുണ്ട്. അവള്‍ ഫോട്ടോയില്‍ തന്റെ കറുത്ത വിരലുകള്‍ കൊണ്ട് തഴുകി.

 

ഫോട്ടോകള്‍ തുടച്ച ശേഷം നിര്‍ത്താതെ ചുവരുകള്‍ വഴി നിലത്തേക്ക് ഇറങ്ങി. ബക്കറ്റില്‍ ഡെറ്റോള്‍ വെള്ളവും കൊണ്ട് വച്ച് വെളുത്തൊരു ടവ്വല്‍ കൊണ്ട് തറ തുടച്ചു തുടങ്ങി. ചുവരിനോട് ചേര്‍ന്ന് കിടക്കുന്ന വമ്പന്‍ സോഫ വലിച്ചിട്ട് നീങ്ങുന്നില്ല. എന്തൊരു സോഫ- അവള്‍ കൈ നീട്ടി അതിനടിയില്‍ നനഞ്ഞ ടവ്വല്‍ ഓടിക്കവേ ഒന്ന് രണ്ട് രുദ്രാക്ഷങ്ങള്‍ ഉരുണ്ട് വന്നു. കൊള്ളാമല്ലോ, അവള്‍ ആയിരം തമരുകള്‍ കുഴി വീഴ്ത്തിയ പാറക്കല്ലുകള്‍ പോലെയുള്ള അവ കൈവെള്ളയില്‍ വച്ച് നോക്കി.

 

നല്ല പരിചയം.

 

എവിടെയാണ് ഇത് മുന്‍പ് കണ്ടത്. ഇന്ന് തന്നെ. ഇപ്പോള്‍.

 

അവള്‍ ആലോചിച്ചു, അതെ ഇപ്പൊ തുടച്ചു തൂക്കിയ ഫോട്ടോ. അവള്‍ പോയി അതെടുത്ത് നോക്കി. പാവം പ്രൊഫസര്‍. വെളുത്ത ജൂബ്ബയുടെ പുറത്തേക്ക് കഴുത്തില്‍ നിന്നും രുദ്രാക്ഷമാലയുടെ ഒരു വളവ് വീണ് കിടക്കുന്നത് ക്യാമറയിലെക്ക് നോക്കാനുള്ള തത്രപ്പാടില്‍ ശ്രദ്ധിച്ചിട്ടില്ല. വേറെ പിന്നെവിടെയാണ് ഇത് കണ്ടത്, അവള്‍ മനസിനെ തുടച്ചു. എന്തൊരു മറവിയാണ്. വീടിന് പിന്നില്‍ അട്ടിയട്ടിയായി കിടന്നിരുന്ന ചപ്പും ചവറും തൂത്ത് കൂട്ടവേ ഇത് പോലെ രണ്ടോ മൂന്നോ രുദ്രാക്ഷക്കഷ്ണങ്ങള്‍ പലയിടത്ത് നിന്നായി കിട്ടിയിരുന്നല്ലോ.

 

ഒരെണ്ണം അടുക്കളക്ക് പുറത്തെ പടിക്ക് കീഴെ നിന്ന്...

 

ഒന്ന് പുറകുവശത്തെ പ്ലാവിനും തെങ്ങുകള്‍ക്കും മാവിനും വാഴകള്‍ക്കും കീഴെക്കണ്ട പഴയ കക്കൂസിന് പിന്നില്‍നിന്ന്...

 

പിന്നൊന്ന് അതിനും പിന്നിലുള്ള മതിലിനടുത്ത് കണ്ട കക്കൂസ് കുഴിയുടെ സ്ലാബിന് സമീപം...

 

പാവം പ്രൊഫസര്‍, പൊട്ടിയ മാലയുമിട്ട് പല്ലും തേച്ച് പറമ്പ് ചുറ്റിക്കാണും. അത് ചിലരുടെയൊരു ശീലമാണ്. അവള്‍ അറിയാതെ കഴുത്തിലെ കരിമണി മാലയില്‍ തെരുപ്പിടിച്ചു.

 

നിലം തുടച്ച് തിളക്കിയിട്ടും അവള്‍ക്ക് മതിയായില്ല. ഇനി ഫര്‍ണിച്ചറുകള്‍ ഒന്ന് തുടച്ചു വക്കാം. കസേരയുടെ കാലു തുടക്കവേ കണ്ട കറുത്തൊരു പാടില്‍ ടവ്വല്‍ ഉരച്ചപ്പോള്‍ അത് തവിട്ട് നിറമായി തുണിയിലേക്ക് പടര്‍ന്നു കയറി. ഹേയ്, ചോരയൊന്നുമല്ല.

 

ചെറിയ വല കണ്ടപ്പോള്‍ അവള്‍ കസേര മലര്‍ത്തിയിട്ട് തുടയ്ക്കാന്‍ തുടങ്ങി. കൂടുതല്‍ കറുത്ത പൊട്ടുകള്‍ കണ്ടു. എല്ലാം തവിട്ടായും ചുവപ്പായും അതിക്രമിച്ചുകയറി വെളുത്ത ടവ്വലിനെ വേറൊരാളാക്കി മാറ്റി.

 

ബക്കറ്റിലേക്ക് ടവ്വല്‍ പിഴിഞ്ഞ ദ്രാവകം തളിക്കവേ വിറയലോടെ അവള്‍ ഉറപ്പിച്ചു, രക്തം തന്നെയാണ്.

 

അവളുടെ അടിവയറ്റില്‍ നിന്നും ഒരു തീനദി മുകളിലേക്ക് ഒഴുകാന്‍ തുടങ്ങി.

 

അപ്പോള്‍ മുറ്റത്തേക്ക് ഒരു കാറ് വന്നതിന്റെ പതിഞ്ഞ ഒച്ച കേട്ടു.

 

*********

 

പിറ്റേന്ന് പ്രൊഫസറുടെ ഭാര്യ തന്നെയാണ് ഏജന്‍സിയിലെക്ക് വിളിച്ചത് 'നിങ്ങള്‍ അയച്ച വേലക്കാരിക്ക് എന്തോ ഇവിടം ഇഷ്ടമായില്ല എന്ന് തോന്നുന്നു. അവള്‍ വാരിക്കെട്ടി പോയി. മുന്‍പ് നിന്ന വീടുകളില്‍ ഇങ്ങനെ തന്നെ ആയിരുന്നോ. പറയുന്നതല്ല, പറയാത്ത ജോലികള്‍ ചെയ്യാനാണ് അവള്‍ക്ക് താല്‍പര്യം. അത് ഞാനൊന്ന് പറഞ്ഞു പോയി. അല്ലാതെ ഒന്നുമുണ്ടായിട്ടില്ല'

 

'ഓക്കെ മാഡം ഞങ്ങള്‍ അന്വേഷിച്ച് ഉടന്‍ തന്നെ തിരികെ വിളിക്കാം' ഫോണില്‍ സംസാരിച്ച ഏജന്‍സി പ്രതിനിധി പറഞ്ഞു.

 

'നിങ്ങള്‍ അവളെ വഴക്കൊന്നും പറയണ്ട, ഞാന്‍ നിങ്ങളെ വിളിച്ച് കാര്യം അറിയിച്ചു എന്നേയുള്ളൂ. എന്തായാലും താങ്ക്‌സ്' അവര്‍ ഫോണ്‍ വച്ചു. നിലത്ത് നിന്നും പെറുക്കിയെടുത്ത കരിമണിമാലയുടെ മുത്തുകള്‍ അവരൊരു ചില്ലുഗ്ലാസിലിട്ടു. പിന്നെ പതിയെ ടീപ്പോയിലിരുന്ന ഫ്‌ലാസ്‌കില്‍ നിന്നും അതിലേക്ക് ആവി പറക്കുന്ന കോഫി പകര്‍ന്നു. തിളച്ച വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്ന കാപ്പിപ്പൊടിയുടെ മനംമയക്കുന്ന ഗന്ധത്തില്‍ കണ്ണുകള്‍ മുറുകെയടച്ച് പ്രൊഫസറുടെ ഭാര്യ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു.

 

 

 

 

OTHER SECTIONS