ചോരച്ചുവപ്പുള്ള സൂര്യകാന്തിപ്പൂക്കള്‍

By RK.05 10 2021

imran-azhar

ചോരച്ചുവപ്പുള്ള സൂര്യകാന്തിപ്പൂക്കള്‍

 

കഥ

 

ബാബുരാജ് കളമ്പൂര്‍

 


ആയിരം കാലുകളുള്ള വലിയൊരു തേരട്ടയെപ്പോലെ മൗനം ഇഴഞ്ഞു നീങ്ങുന്ന കറുത്ത വഴിയിലേക്ക്, ഒരു ട്രാന്‍സ്‌ഫോര്‍മറിന്റെ പിന്നില്‍ നിന്നാണ് അവന്‍ ഇറങ്ങി വന്നത്. ദൂരെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ തളര്‍ന്ന വെളിച്ചത്തിലേയ്ക്കു കമിഴ്ന്നു കിടക്കുന്ന നിഴലുകളിലൊന്നില്‍ മറ്റൊരു നിഴലായി അവന്‍ നിന്നു. വിജനമായ വഴിയില്‍ എങ്ങോട്ടോ ധൃതിയില്‍ പോകുന്ന കാറ്റും അലഞ്ഞു നടക്കുന്ന ചില തെരുവുനായ്ക്കളും മാത്രം.


'' ഇന്ത നടു രാത്തിരിയിലെ ബൈക്കില തനിയാ പോകവേണ്ടാ തമ്പീ.. ഇന്നേക്ക് ഇങ്കെ തങ്ങുങ്ക.. നാളേക്ക് കാലെയിലെ പോകലാം.. ' പുറപ്പെടുന്നതിനു മുമ്പ് മാരിമുത്തു നാടാര്‍ പലതവണ പറഞ്ഞ വാക്കുകള്‍ അജയന്‍ ഓര്‍ത്തു. നാടാരുടെ ശബ്ദത്തില്‍ അപ്പോള്‍ അജ്ഞാതമായൊരു ഭയവും നിഴലിച്ചിരുന്നു.

 

' ആമാം തമ്പീ.. അന്ത റൂട്ടിലെ നൈറ്റ് പോകാമ ഇരുക്കറതുതാന്‍ നല്ലത്. മണി പന്ത്രണ്ടാച്ച്.. രൊമ്പ ഡേഞ്ചറാന ഏരിയാ ..' നാടാരുടെ അനുജന്‍ പെരുമാളും അയാള്‍ക്കു മുന്നറിയിപ്പുകൊടുത്തു.


കേട്ടിട്ടുണ്ട് ..കഴിഞ്ഞ കുറെ നാളുകളായി പത്രത്തില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരാറുമുണ്ട്. തിരക്കൊഴിഞ്ഞ വഴിയില്‍ അവര്‍ കാത്തു നില്ക്കും. ബൈക്ക് യാത്രക്കാരോട് ലിഫ്റ്റ് ചോദിക്കും. പാതിരാവില്‍ വഴിയിലൊറ്റപ്പെട്ടു പോയവരോട് ദയതോന്നി ചിലര്‍ അവരെ വണ്ടിയില്‍ കയറ്റും.

 

അതോടെ തീര്‍ന്നു ..! അവരുടെ ജീവിതത്തിന്റെ വെളിച്ചമത്രയും ഒരു സൂചിമുനയിലേയ്ക്കാവാഹിച്ച് ക്രൂരമായ ഒരു പൊട്ടിച്ചിരിയോടെ, ഇരുട്ടിലേക്കവര്‍ ഓടിമറയും.

 

എയ്ഡ്‌സ് രോഗികളാണത്രെ. സമൂഹത്തിന്റെ ഒറ്റപ്പെടുത്തലില്‍ ജീവിതം മടുത്തവര്‍.. .തങ്ങള്‍ക്കു നഷ്ടപ്പെട്ട ആനന്ദം മറ്റുള്ളവര്‍ക്കും നിഷേധിക്കണമെന്ന ക്രൂരമായ വാശിയുമായി അലയുന്നവര്‍.

 

സഹതാപം തോന്നി ലിഫ്റ്റു കൊടുത്ത ബൈക്ക് യാത്രക്കാരന്റെ പിന്നിലിരുന്ന് അവര്‍ കീശയില്‍ നിന്ന് സിറിഞ്ച് പുറത്തെടുക്കും.. പിന്നെ, സ്വന്തം ശരീരത്തില്‍ നിന്ന് രക്തമെടുത്ത് മുന്നിലിരിക്കുന്ന ആളുടെ ശരീരത്തില്‍ കുത്തിവയ്ക്കും. എല്ലാം നൊടിയിടയിലാണ്.


പെട്ടന്നുള്ള വേദനയില്‍ പുളഞ്ഞ് അയാള്‍ വണ്ടി നിറുത്തുമ്പോള്‍, ' എയ്ഡ്‌സ് രോഗികളുടെ ലോകത്തേക്കു സ്വാഗതം..' എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഇരുട്ടിലേയ്ക്കവര്‍ ഓടിമറയും. കഴിഞ്ഞ കുറെ മാസങ്ങള്‍ക്കിടയില്‍ എത്ര സംഭവങ്ങള്‍. നൂലിഴയില്‍ രക്ഷപ്പെട്ട എത്ര പേരുടെ അനുഭവസാക്ഷ്യങ്ങള്‍.

 

മനസ്സില്‍ മാരിമുത്തു നാടാരുടെ വാക്കുകള്‍ മുഴങ്ങുന്നു. രാത്രി പുറപ്പെടേണ്ടിയിരുന്നില്ല.. മനസ്സ് കുറ്റപ്പെടുത്തുന്നു.
പക്ഷെ.. നിറഗര്‍ഭിണിയായ ഭാര്യയെ മദിരാശി നഗരത്തിലെ ഒറ്റമുറി വീട്ടില്‍ തനിച്ചാക്കി തിനിക്കെങ്ങനെ അവിടെ കഴിയാനാവും..?


അവളിപ്പോള്‍ തന്നെക്കാത്ത്.ചുമരിലെ ചെറിയ ജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കി നില്ക്കുകയാവുമെന്ന് അജയനോര്‍ത്തു.


പുറത്തെ അവസാന വെളിച്ചവും കെടുത്തി ഗേറ്റും പൂട്ടി, ഹൗസ് ഓണര്‍ യശോദ തോമസ് ഉറക്കം പിടിച്ചിട്ടുണ്ടാവും. വൈകിയെത്തിയാല്‍ ബൈക്ക് പുറത്തു വച്ച്,ചാഞ്ഞു നില്ക്കുന്ന മുരിങ്ങ മരത്തില്‍ പിടിച്ചു കയറി മതില്‍ ചാടിക്കടക്കണം. ഉതിര്‍ന്നു കിടക്കുന്ന മുരിങ്ങയിലകളെ സാക്ഷിയാക്കി രാവിലെ യശോദ തോമസിന്റെ വിചാരണയെ നേരിടണം. എല്ലാം സഹിച്ചേ പറ്റൂ. മുന്നൂറു രൂപ വാടകയില്‍ ഒരു താമസ സ്ഥലം മദ്രാസ് നഗരത്തില്‍ മറ്റെവിടെ കിട്ടാന്‍. അജയന്‍ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് വണ്ടി റോഡിനു നടുവിലൂടെ ഓടിച്ചു കൊണ്ടിരുന്നു.


ട്രാന്‍സ്‌ഫോര്‍മറിന്റെ നിഴലില്‍ നിന്ന് അയാള്‍ മുന്നോട്ടു വരുന്നു. ശിവാജി ഗണേശനും കമലഹാസനും ചേര്‍ന്നു നില്ക്കുന്ന തേവര്‍ മകന്‍ സിനിമയുടെ കൂറ്റന്‍ കട്ടൗട്ടിനടിയില്‍ നിന്ന് കയ്യുയര്‍ത്തുന്ന അവനെ വണ്ടിയുടെ വെളിച്ചത്തില്‍ അജയന്‍ വ്യക്തമായി കണ്ടു. കറുത്തു മെലിഞ്ഞ ഒരു യുവാവ്. കയ്യില്‍ ഏതോ തുണിക്കടയുടെ പരസ്യമുള്ള ഒരു പ്ലാസ്റ്റിക് സഞ്ചി. അവന്‍ ദൈന്യഭാവത്തില്‍ കൈ കൂപ്പി തൊഴുതുനില്ക്കുന്നു.


ഇതൊക്കെ അഭിനയമാണ്. വണ്ടി നിര്‍ത്തരുത് .. അജയന്റെ ജാഗരൂകമായ മനസ്സ് വണ്ടിയുടെ വേഗം കൂട്ടി. വണ്ടി അവനെക്കടന്ന് മുന്നോട്ടു നീങ്ങി.

 

ഇടയ്ക്ക്, ഏതോ ഒരുള്‍ പ്രേരണയാല്‍ അജയന്‍ തിരിഞ്ഞു നോക്കി.രണ്ടു കൈകളും തലയില്‍ വച്ച്, എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ റോഡില്‍ തളര്‍ന്നിരിക്കുകയാണയാണവന്‍. വേദനകള്‍ കൂട്ടിക്കുഴച്ചുണ്ടാക്കിയ മനുഷ്യരൂപംപോലെ.
അജയനപ്പോള്‍ , ഇരുട്ടിലേക്കു തുറന്നു വച്ച മിഴികളുമായി കാത്തു നില്ക്കുന്ന തന്റെ ഭാര്യയെ ഓര്‍ത്തില്ല.
ഒരു സൂചിത്തുമ്പിലൂടെ തന്റെ സിരകളിലേയ്ക്ക് പടര്‍ന്നു കയറിയേക്കാവുന്ന മാരക വൈറസുകളെപ്പറ്റി ഓര്‍ത്തില്ല. പ്രതീക്ഷയുടെ അവസാനത്തെ നക്ഷത്രവും പൊലിഞ്ഞ് ചുറ്റും പരന്ന ഇരുളില്‍ തളര്‍ന്നിരിക്കുന്ന ആ മനുഷ്യനെ മാത്രം കണ്ടു. ആരോ പിടിച്ചു വലിച്ചതുപോലെ അയാള്‍ വണ്ടി തിരിച്ചു.

 

തിരിച്ചു വരുന്ന ബൈക്കിന്റെ ശബ്ദം കേട്ട് അവന്‍ ചാടിയെഴുന്നേറ്റു.
'സാര്‍.. കൊഞ്ചം ഹെല്‍പ്പ് പണ്ണുങ്ക സര്‍ .' ഇരു കൈകളും കൂപ്പി അവന്‍ തൊഴുതുനില്ക്കുന്നു.
' എങ്കെ പോകണം.. ?' അജയന്‍ ചോദിച്ചു.
'മലയപ്പട്ടി.. കാഞ്ചീപുരം താണ്ടി .. '

 

അജയന്‍ ഞെട്ടി. പത്തുനൂറു കിലോമീറ്റര്‍ തിരിച്ചു പോകണം. ഇപ്പോള്‍ത്തന്നെ മണി ഒന്നര കഴിഞ്ഞു.
'സോറി.. ഞാന്‍ ഇന്തപ്പക്കം താന്‍ പോറെ. നീങ്ക,വേറെയാരെയാവതു പാരുങ്ക' ദീനത തണുത്തുറഞ്ഞു കിടക്കുന്ന ആ മുഖത്തേയ്ക്കു നോക്കാതിരിക്കാന്‍ ആവതും ശ്രമിച്ചു കൊണ്ട് അജയന്‍ വീണ്ടും വണ്ടി തിരിച്ച് മുന്നോട്ടെടുത്തു.
'ശെമ്പകം ...ഉന്ന കാപ്പാത്ത മുടിയലയേമ്മാ .. കടവുളേ.. തങ്കച്ചിയെ വിറ്റ് കടന്‍ തീര്‍ക്കറ അളവുക്കു പാവിയായിട്ടേനേ.. എനക്കു ഉതവി ശെയ്യ... യാരുമേ ഇല്ലയാ...?' രണ്ടു കൈകളും ആകാശത്തേയ്ക്കുയര്‍ത്തി അവന്‍ അലറിക്കരയുന്നു. ഉയര്‍ത്തിയ കൈകളിലൊന്നില്‍ തൂങ്ങിയാടുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ ദൂരത്തെ വഴി വിളക്കിന്റെ ഇത്തിരിവെട്ടം ഒന്നു തിളങ്ങി മായുന്നു.. അവന്റെ സങ്കടം കാണാതിരിക്കാന്‍ അജയനായില്ല.


'വാങ്ക.. പോകലാം.. ' വണ്ടി അവന്റെ അടുത്തേയ്ക്കു നീക്കി നിറുത്തി അജയന്‍ പറഞ്ഞു.. ഒരു കടല്‍ നന്ദി കണ്ണുകളില്‍ നിറച്ച് അവന്‍ വണ്ടിയില്‍ കയറി.

 

... ..... .... .... ....... ..... .... .... ....

 

മൗനത്തിന്റെ മഞ്ഞു വീണു നനഞ്ഞ ഇരുട്ടിലൂടെ വണ്ടി ഓടിക്കൊണ്ടേയിരുന്നു. അവന്‍ പറഞ്ഞു കൊടുക്കുന്ന വഴികളിലൂടെ. ദീര്‍ഘയാത്രയ്ക്കു മുമ്പ് ഫുള്‍ടാങ്ക് പെട്രോളടിക്കാന്‍ പണം കൊടുത്ത അക്കൗണ്ടന്റ് മണി അയ്യര്‍ക്ക് അജയന്‍ മനസ്സില്‍ നന്ദി പറഞ്ഞു.


യാത്രയുടെ വിരസതയാറ്റാന്‍ അയാള്‍ ചോദിച്ച ചോദ്യങ്ങളെല്ലാം ആദ്യമവന്‍ മൗനം കൊണ്ടു മൂടി. പിന്നെ എന്തോ ആലോചിച്ചശേഷം പറഞ്ഞു തുടങ്ങി.

 

'നാന്‍ ദയാളന്‍. മൂന്നു വര്‍ഷം ജയിലില ഇരുന്തേ .. പോണ വാരം താ റിലീസാച്ച്..' അജയന്റെ ഞെട്ടല്‍ തിരിച്ചറിഞ്ഞ അവന്‍ ആശ്വസിപ്പിക്കാനെന്നപോലെ തോളില്‍ തട്ടി.

 

' നാന്‍ തിരുടനോ കൊലകാരനോ കെടയാതു സാര്‍... എല്ലാം പൊയ് കേസ് ! എവനോ ശെഞ്ച തപ്പെല്ലാം .. .. എന്‍ തലയില വിഴുന്തത്..' വിധിയെ പഴിക്കുന്നതുപോലെ അവന്‍ സ്വന്തം നെഞ്ചില്‍ ആഞ്ഞു തട്ടുന്ന ശബ്ദം കേട്ടു .പിന്നെ, ഒരു ശരാശരി തമിഴ് സിനിമയുടെ തിരക്കഥ പോലെ അവന്റെ ഭൂതകാലവും. പലവട്ടം കേട്ടു മടുത്ത കഥ. ഊരും പേരും മാത്രമേ മാറുകയുള്ളു... കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരേ നിറം.. ഒരേ ഭാവം. അല്ലെങ്കിലും തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇന്നും ഈ ഒരു കഥയേ പറയാനുള്ളൂ. ചൂഷണത്തിന്റെ കഥ.. ദുരിതങ്ങളുടെയും.

 

ദയാളന്റെ അച്ഛന്‍, ഗൗണ്ടരുടെ സൂര്യകാന്തിത്തോട്ടത്തിലെ പണിക്കാരനായിരുന്നു.. പണിയെടുത്തു പണിയെടുത്ത്, സൂര്യകാന്തിയിതളു പോലെ കരിഞ്ഞു പോയ ആ ജീവിതം ഒടുവില്‍ കുടിലിലെ മുളങ്കട്ടിലിലൊതുങ്ങിയപ്പോള്‍ കുടുംബം പോറ്റാന്‍ വയലിലേക്കിറങ്ങിയതാണവന്‍. ചിരിക്കുന്ന സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ വിടരാതെപോയ മൊട്ടുപോലെ.. ദയാളന്‍.

 

അച്ഛന്റെ ചികിത്സക്കു വേണ്ടി ഗൗണ്ടരോടു പലിശയ്ക്കു വാങ്ങിയ അയ്യായിരം രൂപ പെറ്റുപെറ്റുപെരുകി പതിനായിരമായി. പണത്തിനു പകരം, അമ്മയോടു കുളിച്ചൊരുങ്ങി വയല്‍ക്കരയിലെ കാവല്‍പ്പുരയിലേക്കു ചെല്ലാന്‍ പറഞ്ഞ ഗൗണ്ടരുടെ തല തല്ലിപ്പൊളിച്ച ഇരുപതുകാരന്‍ ദയാളന്‍ അറസ്റ്റിലുമായി. തെളിയാതെ കിടന്ന പല കേസുകളും അയാളുടെ തലയില്‍ കെട്ടിവച്ച് ഗൗണ്ടര്‍ മുറിവിന്റെ അവമാനവും നീറ്റലുമടക്കി.


ജയിലില്‍ നിന്നു മടങ്ങിയെത്തിയപ്പോഴാണ് ദയാളന്‍ കഥകളറിഞ്ഞത്. മൂന്നു മാസം മുമ്പ് അച്ഛന്‍ മരിച്ചു. അമ്മയും അനുജത്തിയും വീട്ടിലില്ല.


ഗൗണ്ടരുടെ താടി വടിക്കുന്ന കുമരേശനാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

 

അച്ഛന്റെ മരണശേഷം അമ്മയെ ആരും കണ്ടിട്ടില്ല. എന്തു സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല. ചെമ്പകത്തെ തനിച്ചാക്കി അമ്മ ആത്മഹത്യ ചെയ്യുകയില്ല. ഒളിച്ചോടുകയുമില്ല. അപ്പോള്‍ .. !

 

ഒരാഴ്ച മുമ്പ് ഗൗണ്ടര്‍ നാട്ടുപഞ്ചായത്തുകൂട്ടി. കടം വാങ്ങിയ തുക പലിശ സഹിതം അമ്പതിനായിരമായത്രെ.. ചെമ്പകം ഉടനെ അതു തിരിച്ചടയ്ക്കണം. . പണം തരാനാവില്ലെങ്കില്‍, തന്റെ സുഹൃത്തിന്റെ കമ്പനിയില്‍ അവള്‍ നാലു വര്‍ഷം കൂലിയില്ലാതെ ജോലി ചെയ്യണം. ഗൗണ്ടര്‍ വിരിച്ച വലക്കണ്ണികള്‍ കാണാതെ പതിനാറു വയസുകാരി ചെമ്പകം അതംഗീകരിച്ചു.
ഗൗണ്ടരുടെ സുഹൃത്ത് ശെല്‍വരാജിനോടൊപ്പം മൂന്നു ദിവസം മുമ്പ് അവള്‍ മലയപ്പെട്ടിയിലേക്കു പോന്നു.
നാളെ പുലരുമ്പോള്‍ അവളെ അവര്‍ ബോംബെക്കു കൊണ്ടു പോകും. അഞ്ചു മണിക്ക് ഗ്രാമത്തിലെത്തുന്ന ആദ്യത്തെ ജീപ്പില്‍. അതിനു മുമ്പ് അവിടെയെത്തണം. അവളെ രക്ഷിക്കണം.

 

മലയപ്പട്ടിയില്‍ ഓടിട്ട ഒരേ ഒരു വീട്. അതാണ് ശെല്‍വരാജിനെ കണ്ടു പിടിക്കാനുള്ള അടയാളം. ചെറുപ്പത്തില്‍ ഒന്നു രണ്ടു തവണ ദയാളന്‍ മലയപ്പെട്ടിയില്‍ പോയിട്ടുണ്ട്.

 

................ .............. .........,............... .............. .........,............... .............. ..

 

മണി മൂന്നു കഴിഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ നാട്ടുപാതയിലൂടെയാണിപ്പോള്‍ അവര്‍ സഞ്ചരിക്കുന്നത്.ഇരു വശത്തും വയലുകള്‍. കിലോമീറ്ററുകള്‍ക്കിടയ്ക്ക് ഉറങ്ങിക്കിടക്കുന്ന കുറെ കുടിലുകള്‍.
' പണം കൊടുക്കലേന്നാ അവങ്ക ശെമ്പകത്തെ വിടുമാ ..?' അജയന്റെ ചോദ്യത്തിനു മറുപടിയായി ദയാളന്‍ ഒന്നു ചിരിച്ചു. എന്തോ തീരുമാനിച്ചുറപ്പിച്ചവന്റെ കനല്‍ച്ചിരി.

 

അജയനും വല്ലാത്ത ക്ഷീണമുണ്ട്. ഇന്നലെ ഉച്ചയ്ക്കു തുടങ്ങിയ ഓട്ടമാണ്. ജോലി ചെയ്യുന്ന ജാം കമ്പനിക്കു വേണ്ടി മാമ്പഴങ്ങള്‍ തേടിയലയുകയായിരുന്നു. മാരിമുത്തു നാടാരുടെ ഗ്രാമത്തില്‍ മാമ്പഴം ധാരാളമുണ്ട്. തോട്ടങ്ങള്‍ ചുറ്റി നടന്നു കണ്ടു. വില പറഞ്ഞുറപ്പിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ നേരം വൈകി.

 

കാത്തിരുന്നു തളര്‍ന്ന് അവള്‍ ഇപ്പോള്‍ ഉറങ്ങിക്കാണുമെന്ന് അയാളോര്‍ത്തു. ഒന്നു ഫോണ്‍ ചെയ്തു പറയാനുള്ള മാര്‍ഗ്ഗം പോലുമില്ല. ഒരു ടെലിഫോണ്‍ കണക്ഷന്‍ എടുക്കണം എന്ന് കുറെക്കാലമായി കരുതുന്നു. അതിനൊക്കെ പണമെവിടെ. ശമ്പളം കിട്ടുന്ന ആയിരം രൂപ, വാടകയ്ക്കും ഭക്ഷണത്തിനും തന്നെ തികയാറില്ല.

 

'സാര്‍ .. ദോ... അന്ത വഴി..?' ദൂരെ ചെറിയൊരു വെളിച്ചത്തിലേക്കു കൈ ചൂണ്ടി ദയാളന്‍ തോളില്‍ വീണ്ടും അമര്‍ത്തി.
' അന്ത എടം താന്‍ സാര്‍ .. അന്ത എടം താന്‍.. '

 

അജയന്‍ വാച്ചില്‍ നോക്കി. അഞ്ചാകാന്‍ ഇനിയും പത്തു മിനിറ്റു ബാക്കി.


അവന്റെ ദീര്‍ഘനിശ്വാസത്തിന്റെ ചൂട്, രാമഞ്ഞു വീണുതണുത്ത തന്റെ പിന്‍കഴുത്തില്‍ പരക്കുന്നത് അപ്പോള്‍ അജയനറിഞ്ഞു.


ബൈക്ക് നിറുത്തിയതും ഒന്നും മിണ്ടാതെ അവന്‍ ഇറങ്ങി ഓടുകയായിരുന്നു. അജയന്‍ ചുറ്റും നോക്കി. നക്ഷത്രങ്ങള്‍ തളിക്കുന്ന ഇത്തിരി നാട്ടു വെളിച്ചത്തില്‍ കുറെ കുടിലുകള്‍ കണ്ടു. തളര്‍ന്നുറങ്ങുന്ന ഓലക്കുടിലുകള്‍. അതിനിടയ്ക്ക് തലയുയര്‍ത്തി നില്ക്കുന്ന, ഓടുമേഞ്ഞ ഉറങ്ങാത്ത ഒരു വീട്.

 

ദയാളന്‍ ആ വീടിനു മുന്നിലെത്തി, കതകില്‍ തട്ടി വിളിക്കുന്നു. കതകു തുറന്നപ്പോള്‍ പുറത്തേക്കു തെറിച്ചുവീണ വെളിച്ചത്തില്‍ക്കുളിച്ച് കൈകൂപ്പിനില്ക്കുന്ന അവനെ അജയന്‍ കണ്ടു. മനുഷ്യസഹജമായ ആകാംക്ഷയോടെ അയാള്‍ അവിടെത്തന്നെ കാത്തു നിന്നു.

 

...... ...... ..... ......

 

ഒരു പെണ്‍കരച്ചില്‍ കേട്ടാണ് അജയനുണര്‍ന്നത്. ഇത്രയും നേരം ബൈക്കിന്റെ ഹാന്റില്‍ ബാറിലേക്ക് കമിഴ്ന്നു കിടന്നുറങ്ങുകയായിരുന്നു അയാള്‍.

 

മുന്നില്‍ കുറച്ചു ദൂരെയായി ഒരു ജീപ്പ് നില്ക്കുന്നുണ്ട്. അതിനടുത്ത് നാലഞ്ചു പേര്‍.ആ തടിച്ച മനുഷ്യനാവണം ശെല്‍വരാജ്. അയാള്‍ക്കു പിന്നില്‍, മാറോടടുക്കിപ്പിടിച്ച തുണി സഞ്ചിയുമായി അലറിക്കരഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി.
ചുറ്റും പരക്കുന്ന പുലര്‍ വെളിച്ചത്തില്‍, നിലത്തു വീണു കിടക്കുന്ന ദയാളനെയും അയാളെ ചവിട്ടാന്‍ കാലുയര്‍ത്തുന്ന മറ്റു ചിലരെയും കണ്ടു.


' പൈത്യമാടാ നീ ..? ഒരു ലച്ചം രൂവാ.. ശൊളയാ എണ്ണി വാങ്കിട്ടാ..ഗൗണ്ടര്.. അതു വസൂല്‍ പണ്ണവേണ്ടാ..? ആമാ.. ഇവളെ വിക്കത്താന്‍ കൊണ്ടുപോറെ.. ഉന്നാലെ എന്നടാ ശെയ്യ മുടിയും..?...നായേ ... .. തങ്കച്ചിയെ കാപ്പാത്ത വന്തിട്ടാ ... പെരിയ....! ' ശെല്‍വരാജ് ദയാളന്റെ മുഖത്തേയ്ക്ക് ആഞ്ഞു തുപ്പുന്നു.

 

'ഏണ്ടാ പാത്തിട്ടു നിക്ക്‌റേ.? ഇവളെ വണ്ടിയില ഏത്തടാ..' അയാളുടെ നിര്‍ദ്ദേശം കിട്ടിയതും ഒരാള്‍ ശെമ്പകത്തെ പിടിച്ചു വലിച്ച് വണ്ടിയിലേക്കു കയറ്റി.

 

വണ്ടി പുറപ്പെടാനൊരുങ്ങുകയാണ്. ദയാളന്റെ തേങ്ങലും ചെമ്പകത്തിന്റെ കരച്ചിലും കേള്‍ക്കാതിരിക്കാന്‍ അജയന്‍ ചെവികള്‍ പൊത്തി.


ശെല്‍വരാജ് അരപ്പട്ടയിലെ പേഴ്‌സില്‍ നിന്ന് കുറച്ചു നോട്ടുകള്‍ പുറത്തെടുത്ത് ഡ്രൈവര്‍ക്കു കൊടുക്കുന്നതിനിടെയാണ് അജയന്‍ ആ കാഴ്ച കണ്ടത്.

 

തെറിച്ചുവീണ തന്റെ പ്ലാസ്റ്റിക് സഞ്ചി തപ്പിയെടുക്കുന്ന ദയാളന്‍. ശെല്‍വരാജിനെ ഉറ്റുനോക്കിക്കൊണ്ട് അവന്‍ സഞ്ചിയില്‍നിന്ന് എന്തോ പുറത്തെടുക്കുന്നു.

 

അവന്റെ വലം കൈയില്‍ ഒരു വലിയ സിറിഞ്ച് ..!

 

ആരും കാണാതെ,തന്റെ ഇടം കൈയാല്‍ ഇടുപ്പില്‍ തടവി ഒരു ഞരമ്പു കണ്ടെത്തുന്ന ദയാളന്‍.പല്ലുകള്‍ കടിച്ചു പിടിച്ച് അവിടെ അവനാ സിറിഞ്ചു കുത്തിയിറക്കുന്നു. പുറത്തെടുത്ത സിറിഞ്ചില്‍ നിറയെ ചോര.. കറുത്തു ചുവന്ന ചോര..
പണമെണ്ണിക്കൊടുത്ത് ശെല്‍വരാജ് തിരിഞ്ഞു നടക്കുന്നു. കാഞ്ഞിരക്കൊമ്പില്‍ ഉന്നം പിടിച്ച് ഫണം വിടര്‍ത്തി നില്ക്കുന്ന സര്‍പ്പത്തെപ്പോലെ ദയാളന്‍. അവന്‍ കുതിച്ചുയര്‍ന്നതും ശെല്‍വരാജിന്റെ കഴുത്തില്‍ സിറിഞ്ചു താഴ്ത്തിയതും നൊടിയിടയിലായിരുന്നു.


വേദന കൊണ്ടു പുളഞ്ഞ ശെല്‍വരാജ് ദയാളനെ കുടഞ്ഞു താഴെയിട്ടു. ചവിട്ടാനുയര്‍ത്തിയ അയാളുടെ കാലുകള്‍ക്കിടയിലൂടെ ചാടിയെഴുന്നേറ്റ് ദയാളന്‍ അകത്തേയ്‌ക്കോടി. അടുത്ത നിമിഷം അകത്തുനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിലും ഒരു സ്ത്രീയുടെ അലര്‍ച്ചയും കേട്ടു .നിമിഷങ്ങള്‍ക്കുള്ളില്‍ ശെല്‍വരാജിന്റെ കുഞ്ഞിനെ തോളിലേറ്റി ദയാളന്‍ പുറത്തുവന്നു. അയാള്‍ക്കു പിന്നാലെ അലറിക്കരഞ്ഞുകൊണ്ട് കുഞ്ഞിന്റെ അമ്മയും. മൂന്നു വയസ്സുള്ള കുട്ടി ഉറക്കച്ചടവോടെ ചിണുങ്ങുന്നുണ്ടായിരുന്നു.

 

' എയ്ഡ്‌സ് ഉലകം ഉന്നെയും ഉന്‍ പരമ്പരയെയും അന്‍പുടന്‍ വരവേര്‍ക്കിറത്.. '' കുട്ടിയുടെ കഴുത്തിനു നേരേ സൂചി നീട്ടി ,ദയാളന്‍ അലറിച്ചിരിക്കുന്നു. മുമ്പ് തന്റെ ചോദ്യത്തിനു മറുപടിയായിത്തന്ന അതേ കനല്‍ച്ചിരി അജയന്‍ വീണ്ടും കണ്ടു..
അവന്റെ മുഖത്തെ ക്രൂരഭാവം കണ്ട്, എയ്ഡ്‌സില്‍ നിന്ന് രക്ഷപെട്ടോടുന്ന തന്റെ സഹായികളെ നോക്കി,തലയില്‍ കൈവച്ച് നിലത്തിരിക്കുന്ന ശെല്‍വരാജിനെ കടന്ന് ദയാളന്‍ നടന്നു. ഇടയ്ക്കയാള്‍ കുഞ്ഞിന്റെ കവിളില്‍ ഒരുമ്മ നല്കി. അടിയേറ്റു മുറിഞ്ഞ ചുണ്ടിലെ ചോര ആ കവിളില്‍ പുരളാതെ .. ശ്രദ്ധിച്ച്.

 

പിന്നെ.. കുട്ടിയെ താഴെ നിര്‍ത്തി.അത് കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേയ്‌ക്കോടി.
വലം കൈയാല്‍ അനുജത്തിയെ ചേര്‍ത്തു പിടിച്ച് ദയാളന്‍ അജയനു മുന്നില്‍ നിന്നു.
' ജയിലിരുന്ത് കെടച്ച പരിശു താന്‍ സാര്‍ ഇന്ത വ്യാതി. ഒരു വകയില്‍ ഇതുവും നല്ലതാപ്പോച്ച്.... തങ്കച്ചിയോട മാനം കാക്ക പ്രയോജനപ്പെട്ടതേ.. ' ദയാളന്‍ അനുജത്തിയുടെ ശിരസ്സില്‍ തലോടി.

 

' തക്ക സമയത്തില നീങ്ക വരലേന്നാ...!' ദയാളന്‍ കുനിഞ്ഞ് അജയന്റെ പാദങ്ങളില്‍ തൊട്ടു. മുറിഞ്ഞു വീണ വാക്കുകള്‍ക്കൊപ്പം രണ്ടിറ്റു കണ്ണീര്‍ത്തുള്ളികളുടെ ചൂട് അജയനറിഞ്ഞു. അതില്‍ തിളങ്ങുന്ന പ്രഭാത സൂര്യന്റെ തിളക്കവും കണ്ടു..
അയാളപ്പോള്‍ തന്റെ ഒറ്റമുറി വീട്ടിലെ ചെറിയ ജാലകത്തിലൂടെ കടന്നു വരുന്ന ചുവന്ന സൂര്യപ്രകാശമേറ്റു തുടുത്ത ഭാര്യയുടെ മുഖം വെറുതേ ഓര്‍ത്തുപോയി.

 

അന്നേരം...അനുജത്തിയെ ചേര്‍ത്തു പിടിച്ച്, വയലുകള്‍ക്കപ്പുറത്ത് ഉദിച്ചു വരുന്ന സൂര്യനു നേരേ നടക്കുകയായിരുന്നു ദയാളന്‍.. .വലിയൊരു സൂര്യകാന്തിപ്പൂവിനു നടുവില്‍ വരച്ച, കറുത്ത മനുഷ്യചിത്രങ്ങള്‍ പോലെ അവരിരുവരും.

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS