മണ്‍പാവ

By ആശാ മത്തായി.31 May, 2018

imran-azharകുടുംബത്തോടൊപ്പം ചുറ്റിക്കറങ്ങാമെന്ന് സമ്മതിച്ച ദിവസം ഓഫീസില്‍നിന്ന് അയാള്‍ നേരത്തെ ഇറങ്ങി. പോകുമ്പോള്‍ വഴിയരികില്‍ മണ്‍കുടങ്ങളും ചട്ടികളും നിരത്തിയിരിക്കുന്നതു കണ്ടു.


രണ്ട് ദിവസം അവധിയാണ്. യു ഫോബിയകള്‍ നടണം. പീറ്ററിന്റെ വീട്ടില്‍ പോയപ്പോള്‍ മുതല്‍ അങ്ങനെ ഒരു ആഗ്രഹം അയാള്‍ക്കുണ്ടായി. വണ്ടി നിര്‍ത്തി ഇറങ്ങി.
ചട്ടികള്‍ അട്ടിയിട്ടിരിക്കുന്നത് ചെറിയ പഞ്ഞി മരത്തിന്റെ ചുറ്റിലുമാണ്. അവിടേക്ക് എത്തിനോക്കി. അവിടെ നിലത്തു ക്ഷീണിച്ചു തളര്‍ന്നിരിക്കുന്ന ഒരുവള്‍. ചെമ്പിച്ച മുടി, പൊടിയും വിയര്‍പ്പും മുഖത്തുണ്ട്. നിറം മങ്ങിയ സാരി...


കാറിന്റെ കീ ചട്ടിയില്‍ തട്ടി അയാള്‍ വിളിച്ചു; ഹലോ
അവള്‍ സന്തോഷത്തോടെ എഴുന്നേറ്റു.
അയാള്‍ പൂച്ചട്ടിയുടെ വില ചോദിച്ചു.
185
'എത്ര? കുറയില്ലേ?'
'സാര്‍ എന്തായിത്? സാറിനെപ്പോലുള്ളവര്‍ ഇങ്ങനെ ചോദിക്കരുത്'.
3 എണ്ണം തിരഞ്ഞു മാറ്റിവച്ചു.
'എത്ര വരും? ശരിയായ വില പറ.'
'ലാഭമൊന്നും ഇല്ല. പറഞ്ഞ വിലയില്‍ താഴ്ത്തിത്തന്നാല്‍ നഷ്ടമാണ്. കുടുംബത്തെ പോറ്റാനുള്ള വഴിയാണിത്.' അവര്‍ കേണു പറഞ്ഞുനോക്കി.
ഡിമാന്റില്ലാത്ത സാധനം! ഇത്രയും വിലയോ?
ലോ ഓഫ് ഡിമാന്റ് പഠിച്ചതോര്‍ത്തു.
'ഈ വിലക്ക് ഈടുനില്‍ക്കുന്ന നല്ല സിമന്റ് ചട്ടികള്‍ കിട്ടാതെയല്ല... നാട്ടിലില്ലാത്ത വില പറയല്ലേ...'
അയാള്‍ അക്ഷമനായി അഭിനയിച്ചു. വിലപേശി വാങ്ങുന്നതിലുള്ള തന്റെ വൈഭവത്തില്‍ അഹങ്കരിച്ചു. അവള്‍ കൈവിരല്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു:
'സിമന്റ് പൂച്ചട്ടികള്‍ നഴ്‌സറികളില്‍ തന്നെ ഉണ്ടാക്കി ചെടികള്‍ക്കൊപ്പം വില്‍ക്കുകയാണ്... മണ്‍ചട്ടികള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്.'
പേഴ്‌സില്‍നിന്ന് ശ്രദ്ധയോടെ 500 രൂപ നോട്ടെടുത്തു. ഭാവമാറ്റമൊന്നും ഇല്ലാതെ അയാള്‍ പറഞ്ഞു: 'മൂന്ന് ചട്ടി എടുക്കാം, ഇതു പിടി.'
ഒടുവില്‍ അവള്‍ വഴങ്ങി:
'ശരി..!'
അവള്‍ പണം വാങ്ങി.


അവള്‍ ഇറങ്ങിവന്ന് പൂച്ചട്ടികള്‍ തൂക്കിയെടുത്ത് കാറില്‍വച്ചുകൊടുത്തു. പണം അരയിലെ തുണിസഞ്ചിയിലേക്ക് വയ്ക്കുന്നത് അയാള്‍ കാറിന്റെ കണ്ണാടിയില്‍ കണ്ടു.
വീട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും കാത്തിരിക്കുകയായിരുന്നു. ചട്ടികള്‍ ഇറക്കാന്‍ അവരാരും സഹായിച്ചില്ല. അയാള്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. സമയം വൈകാന്‍ ഓരോ കാര്യങ്ങള്‍. അവര്‍ പലമട്ടില്‍ മടുപ്പ് അറിയിച്ചു.
'സൂസന്‍ ആഡ്രൂസിന്റെ പാര്‍ട്ടിയാണ്, ഓഫ് വൈറ്റ് ഡിസൈനര്‍ സാരി വേണം...'
ഒടുവില്‍ എല്ലാവരും വണ്ടിയില്‍ കയറി.
'സമ്മര്‍ ഓഫറുണ്ട്... കൂടുതല്‍ ഷോപ്പ് ചെയ്യാം...' മക്കള്‍ പറഞ്ഞു.
'ഭക്ഷണം കഴിച്ചിട്ടു പോരാം. അപ്പോള്‍ വൈകിയാലും പ്രശ്‌നമില്ലല്ലോ.'
എല്ലാറ്റിനും മൗനസമ്മതം.


ഷോപ്പിംഗ് മാളിലേക്ക് കയറുമ്പോള്‍ സമയം നോക്കി. അകത്തേക്ക് കടന്നാല്‍ സമയം പോകുന്നതറിയില്ല. വാങ്ങുന്നത് എല്ലാം വാങ്ങാന്‍ വേണ്ടി മാത്രമാണ് എന്ന് അയാള്‍ക്ക് മനസ്സിലായി. ഓഫ് വൈറ്റ് ഡിസൈനര്‍ സാരി മാത്രമാണ് അവള്‍ വാങ്ങാതിരുന്നത്. അതു വാങ്ങാനല്ലേ വന്നത് എന്നു ചോദിച്ചില്ല. കാരണം ഒരുപാട് വിശദീകരണങ്ങള്‍ അവള്‍ നല്‍കിക്കഴിഞ്ഞു.


1) ഇഷ്ടമുള്ളത് എപ്പോഴും കിട്ടിയെന്നു വരില്ല.
2) നല്ല സാധനങ്ങള്‍ കാണുമ്പോള്‍ വാങ്ങണം.
3) ഇതുപോലെയുള്ള സ്ഥലങ്ങളിലേ നല്ലതു കിട്ടൂ.
4) എല്ലാവരും വാങ്ങുന്ന നല്ല ഓഫറാണ്.
5) കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ മതിയല്ലോ.
മക്കള്‍ക്കും വാങ്ങി... ആവശ്യത്തിലേറെ.
ബൈ 2 ഗെറ്റ് 1 ഫ്രീ... കോം ബൊ ഓഫര്‍.
30% - 50% ഡിസ്‌കൗണ്ട് ഉള്ളപ്പോള്‍ കൂടുതല്‍ വിലയുള്ളതു വാങ്ങുന്നതാണ് ലാഭം!
വാങ്ങിയതില്‍ മിക്കതും ഉള്ളതു തന്നെയല്ലേ?
പിന്നെന്തിന്? അയാള്‍ക്കു മനസ്സിലായില്ല. രുചികളുടെ ലോകത്തേക്ക് അവര്‍ നടന്നടുത്തു.
നിറങ്ങളുടെ, കൊതിയൂറും ഗന്ധങ്ങളുടെ! പുതിയതു പുതിയതു പരീക്ഷിക്കാന്‍ കുട്ടികളും റെഡി. ഭക്ഷണം കഴിക്കാന്‍ നേരമായോ?


കഴിക്കാന്‍ ഉള്ളവര്‍ക്ക് ഇന്നിപ്പോള്‍ നേരവും കാലവും നോക്കാനില്ല എവിടെയും.
പണ്ട് അങ്ങനെയായിരുന്നോ? അയാള്‍ക്കു മാത്രമാണ് ആ സംശയം.
ഒടുവില്‍ രുചി നോക്കിയതും മണം നോക്കിയതും കഴിച്ചുമടുത്തതും ബാക്കിയായി. അപ്പോഴും അവര്‍ പറഞ്ഞതിങ്ങനെ: ഭക്ഷണം പൊളിച്ചു... കിടിലന്‍.
സിനിമകൂടി കണ്ടു. അതേക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു മടക്കയാത്ര. ഷോപ്പിംഗ് മാളിലെത്തിയപ്പോള്‍ കൂടുതല്‍ വിലയുള്ളതു വാങ്ങാന്‍ എല്ലാവര്‍ക്കുമൊപ്പം അവരും മത്സരിക്കുകയായിരുന്നു.


പാര്‍ട്ടിക്കുള്ള ഡ്രസ്സിനെക്കുറിച്ച് മറന്നുപോയോ? എന്തോ അതേക്കുറിച്ചൊന്നും അവള്‍ പറയുന്നില്ലല്ലോ എന്ന് അയാള്‍ വിചാരിച്ചു. ഷോപ്പിംഗ് തന്നെ അവള്‍ക്ക് വലിയ അധ്വാനമാണ്.


പിറ്റേന്ന് ചെടി പീറ്ററിന്റെ വീട്ടില്‍പോയി വാങ്ങാന്‍ വിളിച്ചിട്ടും കുഞ്ഞുമോള് വന്നില്ല.
കളിക്കുന്നതും കണ്ടില്ല...പിന്നെ അയാള്‍ക്കും പോകാന്‍ താല്പര്യം തോന്നിയില്ല.
വൈകുന്നേരം കുഞ്ഞുമോള് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. 'പെട്ടെന്ന് മോളാകെ വാടിപ്പോയി.
രാത്രി വൈകിയല്ലോ? എവിടെയാണ് കൊണ്ടുപോവുക?'
'ഡോക്ടര്‍ ക്ലിനിക്കില്‍ കാണും. ഭക്ഷണത്തിന്റേതാവില്ല. നമുക്കാര്‍ക്കും ഇല്ലല്ലോ. പേടിക്കാനൊന്നും ഇല്ല. രണ്ടു പേരും കൂടിയങ്ങു പോയാല്‍ മതി.' നിസാരമായാണ് അവള്‍ പറഞ്ഞത്.


തല്ലിയാര്‍ത്തു പെയ്യുന്ന മഴയും അലറിക്കരയുന്ന കാറ്റും. വണ്ടി ഓടിച്ച് എത്താനാകുമോ എന്ന് പേടി തോന്നി. അരികില്‍ മകള്‍ തളര്‍ന്നിരുന്നു.
ക്ലിനിക്കില്‍ എത്തുമ്പോള്‍ എല്ലാവരും കണ്ടു കഴിഞ്ഞു. ഡോക്ടറുടെ മുറിയില്‍ ആരോ ഉണ്ട്.
'ഒരാള്‍ കൂടി.' ഡോക്ടറുടെ സഹായി പറഞ്ഞു.
മുറിയുടെ വാതിലിനോട് ചേര്‍ന്ന് കാത്തുനിന്നു. അവര്‍ ഇറങ്ങിയാല്‍ ഉടനെ ഡോക്ടറെ കാണാം. മുന്നോട്ടായാന്‍ തയ്യാറെടുക്കുമ്പോള്‍ അയാള്‍ ഇറങ്ങിവന്ന സ്ത്രീയെ കണ്ടു അവളില്‍നിന്നാണ് മണ്‍ചട്ടികള്‍ വാങ്ങിയത്. ഒപ്പം ഒരു പെണ്‍കുട്ടിയും ഉണ്ട്. കുഞ്ഞുമോളുടെ പ്രായം കാണും. അവര്‍ മഴ നനഞ്ഞിരുന്നു.
'ഭക്ഷണം പുറത്തുനിന്ന് കഴിച്ചോ?' രോഗവിവരം കേട്ട് ഉടനെ ഡോക്ടര്‍ ചോദിച്ചു.
'ഇന്നല്ല, ഇന്നലെ.'
'നാലു ദിവസം മുന്‍പുവരെ കഴിച്ച ഭക്ഷണം പ്രശ്‌നമാകാം. കളര്‍ ചേര്‍ന്നതാവും!
മകള്‍ തലതാഴ്ത്തിയിരുന്നു.
മരുന്ന് കുറിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു : കളര്‍ വയറിനു പിടിച്ചില്ല. ഇന്‍ഡയജഷന്‍. ഛര്‍ദ്ദിക്കുന്നത് അതാണ്.
പണം നല്‍കി ഇറങ്ങി. ഡോക്ടറെ കണ്ടതോടെ മകളുടെ ക്ഷീണം കുറഞ്ഞു എന്ന് തോന്നി.
'മരുന്ന് വാങ്ങണ്ടേ? മോളിവിടെ ഇരുന്നോ.'
നേരത്തെ കണ്ട പെണ്‍കുട്ടി പുറകിലെ ബെഞ്ചില്‍ ഇരിക്കുന്നുണ്ട്.
മരുന്നു കടയിലേക്ക് നടക്കുമ്പോള്‍ കടക്കാരന്‍ അവളെ ശകാരിക്കുന്നതാണ് കണ്ടത്. അവള്‍ കരയുന്നുണ്ട്. കടക്കാരന്‍ അയാളില്‍നിന്ന് കുറിപ്പുവാങ്ങി. മരുന്നുകള്‍ എടുത്തു കൊണ്ടുവന്നു. അവളെ ചൂണ്ടി എന്താണെന്ന് കടക്കാരനോട് ചോദിച്ചു.
'വള്ളിക്കെട്ടു കേസാ സാറേ. കൊച്ചിന് അയണിന്റെ ടോണിക് വേണം. കാശില്ല. പിന്നെങ്ങനെ കൊടുക്കും?'
'അവരുടെ മരുന്നുകൂടി എടുത്തോ'
'ഓ ശരി' കടക്കാരന്‍ പിന്‍വലിഞ്ഞു.
'തല കറങ്ങിവീണതാ സാറേ ചോരയില്ല. അതിനുള്ള മരുന്നാ... കാശു തികയില്ല. കടം പറഞ്ഞു നോക്കി തന്നില്ല. ചട്ടികള്‍ പഴയതുപോലെ പോണില്ല സാറേ. ഇന്ന് അരിയും വാങ്ങി വരാമെന്ന് പറഞ്ഞുപോയ പിള്ളേരടെയച്ഛന്‍ കുടിക്കാന്‍ പോയിക്കാണും. വന്നില്ല.' നനഞ്ഞ സാരിത്തുമ്പില്‍ മുഖം തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു.
മഴയല്ലേ! ഓട്ടോ വിളിച്ചാണ് വന്നത്.
ഡോക്ടര്‍ക്കും കൊടുത്തു...
അടുത്തായതുകൊണ്ടാ ഇവിടേക്കു പോന്നത്.
പൈസ തികഞ്ഞില്ല.


'മരുന്ന് തരും. വാങ്ങിക്കോ'. അതു പറയുമ്പോള്‍ അയാള്‍ക്ക് വല്ലാതെ കുറ്റബോധം തോന്നി.
ക്ലിനിക്കിനകത്ത് മകള്‍ മല്ലിയെ പരിചയപ്പെടുത്തി. മല്ലിയുടെ ഉടുപ്പിലും ചെരുപ്പിലും അഴുക്കുണ്ടായിരുന്നു. ചുവന്ന ഉടുപ്പും സ്വര്‍ണ്ണ അലുക്കുകളുമുള്ള മല്ലിയുടെ സുന്ദരിപ്പാവ അവള്‍ക്കിഷ്ടമായി.


അവര്‍ അപ്പോഴേക്കും കുറേ വിശേഷങ്ങള്‍ പങ്കുവച്ചുകഴിഞ്ഞു:
മല്ലി, പാവയുടെ ഉടുപ്പുമാറ്റും. സാരി ഉടുപ്പിക്കും. അതിന് കമ്മലും വളകളും മാലയും ഉണ്ട്. മുടി മെടഞ്ഞിട്ടാണ്. പാട്ടുപാടുന്ന തന്റെ ബാര്‍ബിയുടെ ഉടുപ്പുമാറ്റാനാവില്ലല്ലോ എന്ന് കുഞ്ഞുമോളോര്‍ത്തു.
അവള്‍ ഉറങ്ങും മുന്‍പ് ചോദിച്ചു: 'ടോക്കിങ്ങ് ടോമിനൊന്നും ഭംഗിയില്ലല്ലേ? അതിന്റെ കൂടെ കളിച്ചുമടുത്തു.'


പെട്ടെന്ന് ഓര്‍ത്തിട്ടെന്നപോലെ പറഞ്ഞു:
'മല്ലിക്ക് കളിക്കാന്‍ ഒരു മാന്‍കുട്ടിയുണ്ടെന്ന് ശരിയാവും അല്ലേ?
മല്ലിയുടെ പാവ ഇതുവരെ കാണാത്ത തരമാല്ലേ?'
അവര്‍ മണ്‍രൂപങ്ങള്‍ മെനയുന്ന ആളുകളാണ് ചട്ടികളും ഒക്കെ'
'അപ്പോള്‍ അത് മണ്‍പാവയാണോ?
ജീവനുള്ളതുപോലെ! എന്തുഭംഗിയാലേ?'
കുഞ്ഞുമോളുടെ മുടിയില്‍ തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു:
'മനസിലാണ് ഭംഗി വരേണ്ടത്; ഇത്തിരി മണ്ണുകൊണ്ട് ജീവിക്കുന്നവരുടെ സ്വപ്നങ്ങള്‍ കാണാന്‍.'

 

 

 
ആശാ മത്തായി
അസിസ്റ്റന്റ് പ്രൊഫസർ
മലയാള വിഭാഗം 
മാർ അത്തനേഷ്യസ് കോളേജ്
കോതമംഗലം
9744320 348

OTHER SECTIONS