മൂക്കുത്തി

ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയതായിരുന്നു അമ്മയുടെ മൂക്കുത്തി. അമ്മയുടെ ശരീരത്തിന്റെ ഭാഗമായിത്തീര്‍ന്നിരുന്നു ആ വെള്ളക്കല്ലു മൂക്കുത്തി. വെള്ള കല്ല് മൂക്കുത്തി എന്ന് പറയുമ്പോള്‍ വൈരക്കല്ലു ഒന്നും അല്ല. സാധാരണയില്‍ സാധാരണമായ വെള്ള കല്ല്. അത്രേ ഉള്ളു.

New Update
മൂക്കുത്തി

മൂക്കുത്തി

ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയതായിരുന്നു  അമ്മയുടെ മൂക്കുത്തി. അമ്മയുടെ ശരീരത്തിന്റെ   ഭാഗമായിത്തീര്‍ന്നിരുന്നു  ആ  വെള്ളക്കല്ലു  മൂക്കുത്തി. വെള്ള കല്ല് മൂക്കുത്തി എന്ന് പറയുമ്പോള്‍ വൈരക്കല്ലു ഒന്നും അല്ല.   സാധാരണയില്‍ സാധാരണമായ വെള്ള കല്ല്. അത്രേ ഉള്ളു.

അമ്മയുടെ ആദ്യത്തെ മൂക്കുത്തി കുറച്ചും കൂടി വലുപ്പമുള്ളതായിരുന്നു. അഞ്ചിതള്‍ ഉള്ള ഒരു സ്വര്‍ണപുഷ്പം. ഓരോ ഇതളും ഒരു ചെറിയ , വളരെ ചെറിയ സ്വര്‍ണ്ണ ബിന്ദു. പ്രായം കൂടിയപ്പോള്‍ കുറച്ചും കൂടി ലാളിത്യം ആകാം എന്ന് അമ്മയ്ക്ക് തോന്നി കാണണം. അതായിരിക്കാം 'അമ്മ കുറച്ചും കൂടി ലാളിത്യമുള്ളതും എന്നാല്‍ വളരെ ആഡ്ഢിത്വ മുളവാക്കുന്ന വെള്ളക്കല്‍  തിരഞ്ഞെടുത്തത്. അത് സദാ എന്നെ നോക്കി പുഞ്ചിരിച്ചു  കൊണ്ടേ ഇരുന്നു.

എന്റെ അമ്മൂമ്മയ്ക്കും ഉണ്ടായിരുന്നു ഒരു മൂക്കുത്തി. സ്വതവേ ഇരുണ്ട, അല്ല നല്ല കറുത്തിരുണ്ട അമ്മൂമ്മയുടെ മൂക്കുത്തിയും കറുത്തതായിരുന്നു. നല്ല കറുത്ത കല്ലുള്ള മൂക്കുത്തി. എന്നാലും ഇത്രയും വര്‍ഷങ്ങള്‍ക്കു  മുന്‍പ്, എങ്ങനെ കറുപ്പ് പോലെ തിരസ്‌കരിക്കപ്പെട്ട നിറം അമ്മൂമ്മ  മൂക്കുത്തി ആക്കി? എന്തെങ്കിലും പ്രതിഷേധ സൂചകമായിരുന്നോ ആ കറുത്ത മൂക്കുത്തി? എനിക്ക് അറിയാവുന്ന അമ്മൂമ്മ അത്രയ്ക്ക് ഒരു പുരോഗമനവാദിയോ ധൈര്യശാലിയോ ആയിരുന്നില്ല. അഥവാ ആയിരുന്നെങ്കില്‍ തന്നെ ഒരു പുരോഗമനവാദിയായ തട്ടാന്‍ അക്കാലത്തു ഉണ്ടായിരിക്കുമോ? എന്തായാലും സംശയങ്ങള്‍ സംശയങ്ങള്‍ ആയി തന്നെ തുടര്‍ന്നു. അമ്മൂമ്മയുടെ മങ്ങിയ മൂക്കുത്തിയോട് പ്രത്യേകിച്ച് ഒരു മമതയും എനിക്ക്  തോന്നിയില്ല. അമ്മൂമ്മയുടെ മരണാനന്തരം, ഒരു ദിവസം, ഞാന്‍ അമ്മയോട് ഇക്കാര്യം ചോദിച്ചു.  വര്‍ഷങ്ങള്‍ ആയി അടുപ്പിന്റെ  തീയും പുകയും ഏറ്റ് വെളുത്ത  കല്ല്  കറുത്തുപോയതാ!  ഒരു കുടുംബത്തെ പരിപാലിച്ചതിന്റെ  ബാക്കിപത്രം! നാല് നല്ല നിലയിലുള്ള മക്കള്‍ ഉണ്ടായിരുന്നിട്ടു പോലും ആര്‍ക്കും ആ മൂക്കുത്തി മാറ്റി കൊടുക്കാന്‍ തോന്നിയില്ലേ?മാലയും വളയും കമ്മലും ഒക്കെ മാറ്റി കൊടുക്കാന്‍ ആള്‍ ഉണ്ടായിരുന്നു. പക്ഷെ മൂക്കുത്തി, അത് മാത്രം ആരും ശ്രദ്ധിച്ചില്ല. ആ കറുത്ത നീണ്ട മൂക്കില്‍ ഒരു വെള്ളക്കല്‍  മൂക്കുത്തി എന്ത് ചേലായിരുന്നേനെ !

എനിക്കും അമ്മയെപ്പോലെ ഒരു മൂക്കുത്തി ആയാല്‍ എന്താ?  എന്റെ പാവം  മൂക്കിനെ കുത്തി മുറിവേല്‍പ്പിക്കാനുള്ള ചിന്ത വല്ലപ്പോഴും  പാരമ്യതയില്‍  ആകും.  ടസ്റ്റ് അലര്‍ജിയുള്ള എന്റെ  മൂക്കിന് എപ്പോഴും  തുമ്മാനെ  സമയമുണ്ടായിരുന്നുള്ളു . ഒന്ന് ആഞ്ഞു തുമ്മിയാല്‍ ഇത് തെറിച്ചു പോകുമോ? ഇനി അതിന്റെ  ആണി എങ്ങാനും ശ്വാസം വലിക്കുമ്പോള്‍ ഉള്ളിലോട്ടു പോകുമോ. മൂക്കു  പിഴിയാന്‍ പറ്റുമോ, വേദനിക്കില്ലേ? എപ്പോഴും മൂക്കള പറ്റിയിരിക്കുന്ന മൂക്കുത്തി കാരണം മൂക്കൊക്കെ പഴുത്തു മൂക്ക് മുറിച്ചു മാറ്റേണ്ടി വരുമോ?  ബാല്യ-കൗമാരകാലങ്ങളില്‍  ഇടയ്ക്കിടെ മൂക്കുത്തി എന്റെ മനസ്സില്‍ ചോദ്യോത്തരങ്ങള ആയി തെളിഞ്ഞു.

മൂക്കു കുത്താനുള്ള ആഗ്രഹം വല്ലപ്പോഴും പുറത്തുവിട്ടാല്‍ അമ്മ ഐക്യദാര്‍ഢ്യീ പ്രഖ്യാപിക്കും. 'മൂക്കുത്തി നിനക്ക് നല്ലവണ്ണം ചേരും' 'നിന്റെ  മൂക്ക് തന്നെ മൂക്കുത്തിക്ക് വേണ്ടിയുള്ള മൂക്കാണ് ', 'നല്ല ഐശ്വര്യമായിരിക്കും' തുടങ്ങിയ മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരായിരം കാര്യങ്ങള്‍ പറയും. എന്നാലും സ്വന്തം ശരീരത്തില്‍ ഒരു തുള ഇട്ടു ഒരു ആണി ഒക്കെ അടിച്ചു വെയ്ക്കാന്‍ മനസ്സ് അനുവദിച്ചില്ല. വളരെ നാള്‍ എന്റെ  മൂക്ക് തന്റെ  കന്യകാത്വം ഒരു നിധി പോലെ  കാത്തു സൂക്ഷിച്ചു.

അമ്മ എന്നെ കുറച്ചു കൂടി  നിര്‍ബന്ധിച്ചിരുന്നെങ്കില്‍  ഒരു പക്ഷെ ഞാന്‍ വഴങ്ങിയേനെ. എന്തോ, അമ്മ അത് ചെയ്തില്ല. അമ്മ അങ്ങനെ ആയിരുന്നു. ഒന്നും അമിതമായി നിര്‍ബന്ധിക്കില്ല, ഈശ്വര വിശ്വാസം പോലും. ഒരു കടുത്ത ഈശ്വര വിശ്വാസിയായ 'അമ്മ എന്റെ ഇടക്കാലത്തെ 'കമ്മ്യൂണിസ്റ്റ്  ചിന്തകളെ ' ദുര്‍ബലപ്പെടുത്താനോ നിരുത്സാഹപ്പെടുത്താനോ മുതിര്‍ന്നില്ല.

രണ്ടു സിസേറിയന്‍ , ഒരു ട്യൂബല്‍ പ്രെഗ്‌നന്‍സി എല്ലാം ധൈര്യപൂര്‍വം നേരിട്ടു. എന്നാലും മൂക്ക് കുത്താന്‍ ഉള്ള ധൈര്യം, അത് മാത്രം കിട്ടിയില്ല. ഇടയ്ക്കിടെ 'അമ്മ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

'നോക്ക് , പണ്ടൊക്കെ  തട്ടാന്റെ അടുത്ത് പോകണം. അയാള്‍ക്ക് തോന്നിയ പോലെ കുത്തും. ഇത്തിരി ഭസ്മം പൂശി വിടും. ഇപ്പോ പിന്നെ ഗണ്‍ ഷോട്ട് ഒക്കെ ഇല്ലേ? അധികം വേദനിയ്ക്ക   ഒന്നും ഇല്ല '

'എന്നാലും 'അമ്മ, ഇതൊക്കെ മൂക്കില്‍ തന്നെ അല്ലേ  ചെയ്യുന്നത്? അതിനു മാറ്റം ഒന്നും ഇല്ലല്ലോ?'

'പോ പെണ്ണെ, നീ കുത്തണ്ട'

'അമ്മ എണീറ്റു പോകും.  നാട്ടില്‍ വരുമ്പോളുള്ള ഒട്ടു മിക്ക 'മൂക്കുത്തി പ്രോത്സാഹന സംഭാഷണങ്ങളും  ഇങ്ങനെ അവസാനിക്കാറാണ് പതിവ്.പിന്നെ അടുത്ത അവധിക്കാലത്തും ഈ പരമ്പര തുടരും. അങ്ങനെ ജീവിതം മുന്നോട്ടു പൊയ്‌ക്കൊണ്ടേ ഇരുന്നു. ഒപ്പം മൂക്കുത്തിക്കഥ  ഒരു മെഗാസീരിയല്‍  പോലെ നീണ്ടു നീണ്ടു പോയി.

നാട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ എന്നും അമ്മയെ വിളിക്കുമായിരുന്നു. അന്നന്നത്തെ സംഭവങ്ങള്‍, നാട്ടിലെ  വിശേഷങ്ങള്‍, എല്ലാം വള്ളി പുള്ളി തെറ്റാതെ ഞങ്ങള്‍ കൈ മാറിയിരുന്നു. മുഖം കാണാതെ തന്നെ ഞങ്ങള്‍ക്കു  മുഖം കാണാമായിരുന്നു, മനസ്സും.

ഒരു ദിവസം അമ്മയെ വിളിച്ചപ്പോള്‍   സ്വരം മാറിയിരുന്നു. ഒരു സന്തോഷം തോന്നിയില്ല. ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ തിടുക്കത്തില്‍ ആയിരുന്നു. കൂടുതല്‍ സംസാരിക്കാന്‍ പറ്റിയില്ല. അടുത്ത ദിവസം വിളിച്ചപ്പോഴും എന്തോ അസ്വസ്ഥത തോന്നി. ഞാന്‍ വിസ്തരിച്ചു ചോദ്യം ചെയ്തു. 'ബ്രെസ്റ്റില്‍ ഒരു മുഴ. ഡോക്ടറെ കാണാന്‍  പോയിരുന്നു.  RCC യിലേക്ക് റെഫര്‍ ചെയ്തു.'

ശരീരമാസകലം ഞാന്‍ വിയര്‍ത്തു. ഭര്‍ത്താവിനെ വിളിച്ചു ഞാന്‍ കരഞ്ഞു. പൂജാമുറിയില്‍ പോയി ദൈവങ്ങളോട് ആക്രോശിച്ചു.

പെട്ടെന്ന് തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. നാലര മണിക്കൂര്‍ നീണ്ട യാത്ര. മക്കളെയും കൂട്ടി. യാത്രയിലുടനീളം ഞാന്‍ ചിന്തിച്ചു. അര്‍ബുദം ഇന്ന് ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന രോഗമാണ്.മുടി ഒക്കെ കൊഴിഞ്ഞ അമ്മയെ  കാണേണ്ടി വരുമല്ലോ എന്നോര്‍ത്ത് വിഷമിച്ചു. സാരമില്ല രണ്ടാമത് മുടി വരുമ്പോള്‍ അമ്മയേ ബോബ് ചെയ്യിപ്പിയ്ക്കാം. ചികിത്സയൊക്കെ കഴിഞ്ഞു അമ്മയെ ധാരാളം ക്ഷേത്രങ്ങളില്‍ വിളിച്ചു  കൊണ്ട് പോകണം.  കല്യാണ ശേഷം ഞങ്ങളങ്ങനെ അധികം യാത്രകള്‍ ചെയ്തിട്ടില്ല. മൂക്കുത്തി ഇടണം. ഇനി വച്ച് താമസിപ്പിയ്‌ക്കേണ്ട. ഞാന്‍ തീരുമാനിച്ചു.

വന്നയുടന്‍ RCC  യിലേക്ക്  പോയി. ഡോക്ടര്‍ റിപ്പോര്‍ട്ട ഒക്കെ വിശദമായി പഠിച്ചു. അമ്മയോട് പുറത്തു പോയി ഇരിക്കാന്‍ പറഞ്ഞു. 'ബ്രെസ്റ്റ് കാന്‍സര്‍  ആണ്'. എന്നിട്ടു മുഖത്ത് ഒരു ഭാവഭേദവും ഇല്ലാതെ ഡോക്ടര്‍ പറഞ്ഞു, 'നാലാമത്തെ സ്റ്റേജ് ആണ്. ശ്വാസകോശത്തിലേക്കും ഒക്കെ  പടര്‍ന്നിട്ടിട്ടുണ്ട്. ഈ അവസ്ഥയില്‍, സാധാരണ രണ്ടു വര്‍ഷത്തോളമൊക്കയേ ജീവിച്ചിരിക്കൂ.  ഒരു Quality Life  കൊടുക്കുക. ' തുടര്‍ന്ന്  പറഞ്ഞതൊന്നും എന്റെ  മനസ്സിലേയ്ക്ക് കയറിയില്ല. ഇടയ്ക്കിടയ്ക്ക് ഞാന്‍ ഒരു വിഡ്ഡിയെപ്പോലെ ചോദിച്ചു കൊണ്ടേ ഇരുന്നു. 'അത് കഴിയുമ്പോള്‍ ഈ മുഴ ഒക്കെ മാറില്ലേ? ഇത് ഭേദമാകില്ലേ?' അദ്ദേഹം പിന്നെയും എന്തൊക്കെയോ പറഞ്ഞു.

പുറത്തെക്കിറങ്ങിയപ്പോള്‍ അമ്മ ക്ഷമയോടെ കാത്തിരിക്കുന്നു. ഇന്ന് തന്നെ കീമോ  തുടങ്ങാീ .  'ശുഭസ്യ ശീഘ്ര0' എന്ന് അമ്മയും തീരുമാനിച്ചു. അമ്മയ്ക്ക് ഇത് തീര്‍ന്നിട്ട് വേറെ ഒരായിരം ജോലി ചെയ്യാനുണ്ട്  എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങളുടെ കീമോ  യാത്ര തുടങ്ങി. അതോടൊപ്പം മറ്റു  പല ചികിത്സകളും. മഞ്ഞള്‍,ലക്ഷ്മിത്തരൂ , ആത്തിചക്ക , പിന്നെ  പ്രാര്‍ത്ഥനകളും . അമ്മയുടെ മുടി പോകുമോ, ക്ഷീണിക്കുമോ എന്നൊക്കെ ഉള്ള ചിന്തകള്‍  ഒക്കെ പോയി . എങ്ങനെ എങ്കിലും അമ്മയെ രക്ഷിക്കണം.

ഇന്റര്‍നെറ്റില്‍ നിരന്തരം പരതി. പ്രത്യാശ ഉളവാക്കുന്ന ധാരാളം അനുഭവ കഥനങ്ങള്‍. അത് വായിക്കുമ്പോള്‍ മനസ്സ് ശാന്തമാകും . അസാമാന്യ ആത്മധൈര്യം ഉള്ള ആള്‍ ആയിരുന്നു 'അമ്മ. ഈ അസുഖത്തിന് മരുന്നിനെക്കാളും ആവശ്യം ആത്മവിശ്വാസീ ആണ് . അത് അമ്മയ്ക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. കീമോ  വാര്‍ഡില്‍ ഞങ്ങള്‍ ഇരുവരും ഞങ്ങളുടെ സ്ഥിരം സംഭാഷങ്ങളിലേക്കു കടന്നു . ഇപ്പോഴും  മൂക്കുത്തി ആയിരുന്നു ഞങ്ങളുടെ ഇഷ്ട വിഷയം. കീമോയുടെ ആദ്യ സെറ്റ്  കഴിഞ്ഞപ്പോള്‍ തന്നെ മുഴയുടെ വലുപ്പം കുറഞ്ഞു.

ഇടക്കിടയ്ക്കുള്ള  RCC  സന്ദര്‍ശനം മാത്രമായിരുന്നു അമ്മയെ  കാന്‍സറിനോട്  ബന്ധിപ്പിച്ചിരുന്ന ഘടകം. രണ്ടു വര്‍ഷം എന്ന് ഡോക്ടര്‍ പറഞ്ഞ  കണക്കിന് 'അമ്മ ഒട്ടു0  വില നല്‍കിയില്ല. ഡോക്ടറേക്കാളും അമ്മ ദൈവങ്ങളെ  വിശ്വസിച്ചു. അമ്മയുടെ ഹാന്‍ഡ്ബാഗില്‍ ദൈവങ്ങളുടെ ചിത്രങ്ങളുടെ എണ്ണം കൂടി. അലമാരയില്‍  ഗണപതിയും, പരമശിവനും, വേളാങ്കണ്ണി മാതാവും പ്രത്യക്ഷപെട്ടു. തലയണയുടെ  അടിയിലും ധാരയാളം ദൈവങ്ങള്‍  സ്ഥാനം  പിടിച്ചു. താന്‍ ഇനി ഒരുപാട് നാള്‍ ജീവിച്ചിരിക്കും എന്ന് അമ്മ തുടരെ തുടരെ  ഞങ്ങളെ ഓര്‍മപ്പെടുത്തികൊണ്ടേ ഇരുന്നു. അത് എനിക്കും ഏറെ ആത്മബലം തന്നു .

ഈ സമയം ഓരോരുത്തരും അമ്മയെ കാണാന്‍ വന്നു തുടങ്ങി. പലരും മുടി ഒക്കെ പോയി  ക്ഷീണിച്ചു കിടക്കുന്ന അമ്മയെ ആണ് പ്രതീക്ഷിച്ചതു. എന്നാല്‍ പ്രസന്നവദനയും ചുറു  ചുറുക്കോടെ സംസസാരിക്കുന്ന അമ്മയെ ആണ് അവര്‍ കണ്ടത് . നമ്മളുടെ ജീവിതം സാധാരണ നിലയിലോട്ടു ആയി തുടങ്ങി. ഒരു ദിവസം എന്റെ കുഞ്ഞമ്മയുടെ മകള്‍ വീട്ടില്‍ വന്നു. അവളുടെ മൂക്കില്‍ അതാ ഒരു മൂക്കുത്തി 'കൊള്ളാം  നന്നായിട്ടുണ്ട്' അമ്മയ്ക്ക് സന്തോഷം ആയി. അവളുടെ മൂക്കുത്തി കഥ ഞാന്‍ ചോദിച്ചു മനസ്സിലാക്കി.

'ചേച്ചി നമുക്ക് രണ്ടു  ഓപ്ഷന്‍സ് ഉണ്ട്. ഒന്ന് പഴയ തട്ടാന്‍ സ്‌റ്റൈല്‍. മറ്റേതു ഗണ്‍ ഷോട്ട്. ഞാന്‍ ഗണ്‍ ഷോട്ടാണ് ചെയ്തത്. ഒരു സെക്കണ്ട്  വേദന. അത്രേ ഉള്ളു.'

'ഞാനും ചെയ്യും. ' ഞാന്‍ വീമ്പിളക്കി. ഉറപ്പിച്ചു.

ജീവിതം പിന്നെയും മാറി. അമ്മയുടെ അസ്വസ്ഥതകള്‍  കൂടി. RCC യില്‍ നിന്നും ഒരു സ്വകാര്യ ആസ്പത്രിയിലോട്ടു മാറി . കാന്‍സര്‍ പലഭാഗത്തേയ്ക്കും പടര്‍ന്നിരിക്കുന്നു. അമ്മയെ നഷ്ടപ്പെടുമോ എന്ന് ചിന്ത ഇടയ്ക്കിടക്ക് എന്നില്‍  ഭീതി നിറച്ചു. ഓരോ ഫോണ്‍ കാളും  ഭയപ്പാടോടെ ഞാന്‍ സമീപിച്ചു.  മൂന്നു വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി.

അങ്ങനെ ഇരിക്കെ വെളുപ്പാന്കാലത്തു ഞാന്‍ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ 'അമ്മ അതീവ സുന്ദരി ആയിരിക്കുന്നു.  നല്ല തടിച്ചു. മുടി ഒക്കെ കറുത്തിട്ടുണ്ട്. നല്ല കടുീ  പച്ച നിറമുള്ള സാരി അമ്മയ്ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. കണ്ണട  മാത്രം എന്തോ 'അമ്മ വച്ചിട്ടില്ല. ഈ രൂപം കാണാന്‍ ഞാന്‍ ഒരു പാടു  ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ രണ്ടു പേരും കെട്ടിപ്പിടിച്ചിരുന്നു. കുട്ടിക്കാലത്തും എനിക്ക് അമ്മയെ കെട്ടിപ്പിടിച്ചിരിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ അമ്മയെ വിളിക്കും. എന്നിട്ടു  അമ്മയുടെ വലിയ വയറില്‍ ഞാന്‍ ചുറ്റിപ്പിടിച്ചിരിക്കും.  കണ്ണടച്ചു കുറച്ചു നേരം അങ്ങനെ ഇരിക്കും. കണ്ണ് തുറന്നപ്പോള്‍ പുലര്‍ച്ചെ മൂന്നു മണി. പിന്നെ ഉറക്ക0 വന്നില്ല.  

കുറച്ചു സമയം കഴിഞ്ഞിട്ട്  എനിക്ക് ഒരു ഫോണ്‍ കാള്‍. ചേട്ടത്തി ആയിരുന്നു വിളിച്ചത് . 'അമ്മ പോയി.'

എന്റെ ദിനചര്യകള്‍, സന്തോഷങ്ങള്‍, ദുഃഖങ്ങള്‍ ഒക്കെ ഞാന്‍ വാരിക്കോരി നിറയ്ക്കുന്ന, എഴുതിവെയ്ക്കുന്ന പുസ്തകമായിരുന്നു അമ്മ . ആ  പുസ്തകമാണ്  എന്നന്നേക്കുമായി  അടഞ്ഞു പോയത് . ഇനി ?

മോര്‍ച്ചറിയില്‍ നിന്നും അമ്മയെ വീട്ടിലേക്കു കൊണ്ട് വന്നപ്പോള്‍ ഞാന്‍ അമ്മയുടെ അരികില്‍ തന്നെ ഉണ്ടായിരുന്നു. വെള്ള  പുതപ്പിച്ചിട്ടില്ലായിരുന്നു. അത് വേണം എന്ന് എനിക്കറിയില്ലായിരുന്നു. പോകുന്ന വഴിയ്ക്കു വെള്ള മുണ്ടു മേടിക്കാം എന്ന് ആരൊക്കെയോ പറഞ്ഞു. വേണ്ടായിരുന്നു. അത്രയും നേരം എനിക്ക് അമ്മയേ കണ്ടു കൊണ്ട് ഇരിക്കാമല്ലോ. അമ്മയുടെ മുഖത്തിന് ഒരു മാറ്റവും ഇല്ല. മുഖത്തെ  ആ തേജസ്സു.... അമ്മയുടെ മൂക്കുത്തി സ്‌നേഹാര്‍ദ്രമായി  എന്നെ നോക്കി ചിരിക്കുന്നു. ശാന്തിക്കാവടത്തിലേക്കു പോകുമ്പോഴും ആ മൂക്കുത്തി ഞാന്‍ മാറ്റാന്‍  അനുവദിച്ചല്ല. അത് അവിടെ തന്നെ ഇരുന്നോട്ടെ.

'അമ്മ ഇല്ലാത്ത  വീട്ടിലെ  താമസം  ദുസ്സഹമായിരുന്നു.  ജോലികളൊക്കെ യാന്ത്രികമായിട്ടു തീര്‍ക്കും. അമ്മയുടെ ചെരുപ്പുകളും , സാരികളും  തോര്‍ത്തും, ചീപ്പും, കണ്ണടയും.....എല്ലാം ഇരിക്കുന്നിടത്തു തന്നെ ഇരിക്കുന്നു . അമ്മയുടെ ഒഴിഞ്ഞ കിടക്കയും. അമ്മയുടെ പൊട്ടുകള്‍ എല്ലാം കണ്ണാടിയില്‍ പതിപ്പിച്ചിരുന്നു.  ഒരെണ്ണം എടുത്തു ഞാന്‍ വച്ചു. ഞാന്‍ എന്നെ നോക്കി. ഞാനും അമ്മയും ആയി എനിയ്ക്ക്  ഒരു സമാനതയും  തോന്നിയില്ല. എന്റെ പുരികം അമ്മയെ പോലെ ആയിരുന്നു. കണ്ണുകള്‍ അല്ല. മൂക്കും അല്ല. പക്ഷെ മൂക്കുത്തി ഉണ്ടെങ്കിലോ?

ഞാന്‍ 41 ദിവസം കാത്തിരുന്നു. എന്റെ പിറന്നാള്‍ ദിനമാണത്. അമ്മയിലൂടെ ആദ്യമായി ഭൂമിയെ തൊട്ട  ദിവസം. അന്ന് തന്നെ മൂക്ക് കുത്തണം.

വീട്ടില്‍ മറ്റു സ്ത്രീ ജനങ്ങള്‍ ഒന്നുമില്ല. ഭര്‍ത്താവിനേയും  രണ്ടു ആണ്മക്കളെയും കൂട്ടി ആദ്യം കണ്ട ആഭരണക്കടയില്‍ കയറി. ഗണ്‍ ഷോട്ട് തന്നെ തിരഞ്ഞെടുത്തു. ഇപ്പോള്‍ യാതൊരു ഭയവുമില്ല. മനസ്സ് തിര ഒഴിഞ്ഞ കടല്‍ പോലെ ശാന്തം.

തോക്കു പോലത്തെ ഒരു യന്ത്രവും ആയി നില്‍ക്കുന്ന മനുഷ്യന്റെ  അടുത്ത് ഞാന്‍ കണ്ണു  അടച്ചു ഇരുന്നു. 'ക്ലിക്ക്' . മൂക്കുത്തി അനുസരണയോടെ എന്റെ  മുക്കിന്റെ ഇടതു വശത്തു സ്ഥാനം പിടിച്ചു. ഒരു   ചെറിയ തുള്ളി കണ്ണുനീര്‍ എന്റെ വലത്തെ കണ്ണില്‍ നിന്നും പൊടിഞ്ഞു. കണ്ണാടിയിലൂടെ നോക്കുമ്പോള്‍  എന്നെ വീരാധനയോടെ നോക്കുന്ന  എന്റെ  മക്കളെയും ഞാന്‍ ആ കണ്ണാടിയില്‍ കൂടി കണ്ടു.  അവര്‍ അവരുടെ പുതിയ അമ്മയെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. എന്റെ  അമ്മയെ കണ്ട് .

`അഞ്ജന നായര്‍

mukutthi