നമ്മളെന്താണിങ്ങനെ??

By Abbas K K .29 May, 2018

imran-azhar

 കൊന്നതും കൊലചെയ്യപ്പെട്ടതും രാഷ്ട്രീയ വിഷയങ്ങളാലല്ല. അഭിമാനപ്രശ്‌നമാണ്. അഥവാ ദുരഭിമാനം.സ്വന്തം കാര്യം വരുമ്പോള്‍ അല്പം അഭിമാനവും ദുരഭിമാനവും ഇല്ലാത്തവര്‍ കുറയും. പക്ഷെ അത് ആസൂത്രിത കൊലപാതകത്തിലേക്കും അക്രമത്തിലേക്കും നീങ്ങുമ്പോഴാണു നാം നമ്മെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും ബോധവാന്മാരാകേണ്ടത്. രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഇരുകൂട്ടരുടേയും രാഷ്ട്രീയ ചിന്താഗതികളും അനുഭാവ സ്വഭാവങ്ങളും വിലയിരുത്തുന്നത് അസംബന്ധമാണ്.

 


വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ ചിന്താഗതികളും അതിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവും നമ്മെ പുറകോട്ടു നയിക്കുന്നുണ്ട്. ഉത്തരഭാരതത്തിലെ ഇത്തരം കൊലപാതകങ്ങളെ ഞെട്ടലോടെ കേട്ട നമ്മള്‍ അഭ്യസ്തവിദ്യരും സാംസ്‌കാരികമായി ഉന്നതിയിലുള്ളവരും സഹോദരങ്ങളായി ജീവിച്ചുപോരുന്ന ഈ കൊച്ചുകേരളത്തില്‍ ഇതൊന്നും നടപ്പിലാകുകയില്ലെന്നു വിചാരിച്ചിരുന്നു. ജനാധിപത്യത്തിലെ നാലാംതൂണുകള്‍പോലും ഇന്നും പണത്തിനുവേണ്ടി ജോലിയെടുക്കുകയും കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അധഃപതനത്തിന്റെ വെടിയൊച്ചകളും നിലവിളികളും നമ്മള്‍ മധുവിലൂടെയും മറ്റും കാണുകയാണ്.

 

അന്യന്റെ ജീവനു വിലയില്ലാതാകുകയും അക്രമവും അക്രമവാസനകളും പെരുകുകയും എതിരാളിയെ അറപ്പില്ലാതെ ഇല്ലാതാക്കാനുള്ള മാനസിക നിലവാരത്തിലേക്കു കേരളജനതയും തരംതാണുപോകുകയും ചെയ്തത് നമുക്ക് കണ്ടില്ലെന്നു നടിക്കാനാകുകയില്ല. നവമാധ്യമങ്ങളും വിവരസാങ്കേതികവിദ്യയും വളര്‍ന്നുപന്തലിച്ചപ്പോള്‍ നന്മയേക്കാള്‍ ഏറെ തിന്മയുടെ, വെറുപ്പിന്റെ വാഹകരായി നമ്മളോരോരുത്തരും വീണുപോകുന്നതിന്റെ ഉത്തമോദാഹരണങ്ങളാണിവയെല്ലാം.


നിയമവ്യവസ്ഥകള്‍ക്കും പാലകര്‍ക്കും അതിന്റേതായ പോരായ്മകള്‍ ഉള്ളപ്പോഴും നഷ്ടമാകാതെ പോകേണ്ടത് നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. അതിലാണു നമ്മള്‍ അഭിമാനിക്കുകയും ആവേശം കൊള്ളുകയും ചെയ്യേണ്ടത്. കേരളത്തിന്റെ ഇന്നുകളിലേക്ക് അയിത്തത്തിന്റേയും തൊട്ടുകൂടായ്മയുടേയും നാളുകളില്‍നിന്നു നമ്മെ കൈപിടിച്ച പുരോഗമന പ്രസ്ഥാനങ്ങളും ആ കെട്ടുറപ്പും നമ്മള്‍ എവിടെയൊക്കെയോ കൈമോശം വരുത്തുന്നു.

 


മൂലധനശക്തികള്‍ പുത്തന്‍ തന്ത്രങ്ങളുലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയും ഭാരതത്തേയും അതിലെ സകല ആസ്തികളെയും കൈവശപ്പെടുത്തുകയും ചെയ്യുന്നകാലം അതിവിദൂരമല്ല.
സ്വാതന്ത്ര്യത്തിനായി അന്നും പൊരുതിനില്ക്കാന്‍ ആളുകള്‍ കുറച്ചെ കാണൂ. ബാക്കിയുള്ളവര്‍ മതവും ജാതിയും രാഷ്ട്രീയവും പറഞ്ഞു തമ്മില്‍ തല്ലുകയാകും. അതുതന്നെയാണു അവരുടെ ലക്ഷ്യവും.

 


മനുഷ്യനെ മനുഷ്യനായ് കാണാനും പരസ്പരം സ്‌നേഹിക്കാനും വെറുപ്പിനു പകരം സ്‌നേഹവും അനുകമ്പയും സമത്വവും പകര്‍ന്നുനല്കാനുമാകുമ്പോള്‍ മാത്രമേ നല്ലതു പ്രത്യാശിക്കാന്‍ നമുക്കു വകയുള്ളൂ.

 

OTHER SECTIONS