ഞാനും തിരക്കിലാണു..!

By Sona Nair.15 10 2018

imran-azhar

 

ഞാനും തിരക്കിലാണു..!

ഓർമ്മകൾ നുള്ളിപ്പെറുക്കാനായ്‌
വർഷങ്ങൾക്ക്‌ ശേഷം
കൂട്ടുകാരെ വിളിച്ചപ്പോൾ
മറുതലയ്ക്കലെ ഫോണിലൂടെ
ഓരോരുത്തരായ്‌ പറഞ്ഞൂ
"ഞാൻ തിരക്കിലാ
ജോലിയുണ്ട്‌,കുട്ടികൾ ഉണ്ട്‌,
കുടുംബം ഉണ്ട്‌".
കുടുംബമുള്ള, ജോലിയുള്ള, രണ്ടുപെറ്റ, എന്നിലെ സ്ത്രീ മറുചോദ്യം ചോദിച്ചൂ.
ഓഹ്‌! അതു ശരി
അപ്പോ പിന്നെ എനിക്കിതൊന്നും ഇല്ലല്ലോ അല്ലേ !
ആരും തിരക്കാനില്ലാത്ത അവസാനയാത്രാഇടത്തേക്ക്‌ പോകുമ്പോൾ
മാത്രമായിരിക്കുമല്ലേ  നാമൊക്കെ തിരക്കൊഴിയുന്നവരാകുന്നത്‌‌.
ഈ തിരക്ക് എന്ന സ്ഥിരം പല്ലവി ഒഴിഞ്ഞുപോകാൻ
തിരക്കില്ലാത്തവരുടെ
തലയിലേക്ക്‌
കുറച്ച്‌ തിരക്ക്‌  കൊടുത്താൽ മതിയോ?
എന്നിട്ടും മാറിയില്ലേൽ തിരക്കിലാണു
എന്നുച്ചത്തിൽ വിളിച്ച്‌
നാലാളെ അറിയിച്ചാലോ?
ഒന്നിനും സമയം കണ്ടെത്താത്ത
കുറേ മടിയന്മാർ
സ്വയം കണ്ടെത്തിയ കാരണങ്ങളുടെ തലക്കെട്ട്‌ അല്ലേ  "തിരക്കിലാണു “..
തിരക്കില്ലാത്ത ഒരാളെ കണ്ടെത്താൻ
ഞാൻ കുറേ അന്വേഷിച്ചു നടന്നു..
പിറന്നു വീണ കുട്ടി മുതൽ
പറന്നു പോയ ആത്മാക്കൾ വരെ
തിരക്കെന്ന വാക്കിനു
അടിമപ്പെട്ടവരായിരുന്നൂ..
 മാറ്റമില്ലാത്ത ഈ സത്യം മനസ്സിലാക്കി ഞാനും
അന്നുമുതൽ പറയാൻ തുടങ്ങി
"ഞാനും തിരക്കിലാണു"..!

~ സോനാ നായര്‍