ഒഴുകുമൊപ്പം

By CV.15 02 2021

imran-azharവിരഹമാമാർത്ത
വിങ്ങലിൽ നിന്നൊരു
മഴയായ് പൊഴിഞ്ഞിതേ..
ഗിരിതുംഗ പരീക്ഷയിൽ
തളരാതതി വേഗമേ-
യൊഴുകിയിറങ്ങാതെന്തു ചെയ്‍വാൻ?

കാലമാം പുഴയിലെന്നോ
നിന്നിൽ പിണഞ്ഞൊഴുകാതെ
വയ്യിനി, യില്ലെങ്കിലൊ-
രനാഥ മേഘമാ-
യലയേണ്ടൂ വേനലിൽ.

നിന്നിലേക്കണയായ്കിൽ
പിടഞ്ഞു തീരാനേയാവൂ,
ഓർമയായ് മണ്ണിൽ മുളച്ചിടും
പ്രണയത്തളിർ നാമ്പുകൾ.

എന്നാലുമറിയാമകമേ-
യൊരു നാളെത്ര നീറിലും
തോരാതെ പെയ്തൊഴുകും
ചേർന്നു നിന്നിൽ.

നമ്മളൊന്നായറിയണം
ചലനോന്മാദവും,
ഗതിവിഗതിയിലെ
ചുഴിയാഴങ്ങളും.
നിലാവലിഞ്ഞൊരാ-
ലിവിൻ  നൈർമ്മല്യം,
വെയിലിലൊളി മിന്നുമാ-
നുരാഗാവേശം.

ഏതോരനന്ത തേടലിൻ
പരിസമാപ്തിയാമീ നമ്മളിൽ നാം.
സമയനദിയിതിൻ ബൃഹത്ചരിതമേ,
കുറിച്ചിടൂ നിന്നിലീയമൂല്യ സംഗമം.


-     സിതാര അഷ്‌റഫ്

OTHER SECTIONS