കാണരുത്

By uthara.01 Jan, 1970

imran-azhar
ഒന്നും കാണാതെനടക്കുക
വറ്റിയ പുഴകളെയും 
കാടുകളില്‍ ഒറ്റപ്പെട്ട മൃഗങ്ങളെയും,
ഇനിയും മിഴിയടയാത്തനക്ഷത്രങ്ങളെയും 
കണ്ടില്ലെന്നു നടിക്കുക. 
 
    എല്ലാം നിഷേധിച്ച്
    കുട്ടികളെ നിഷേധികളാക്കുക.
    പഠിപ്പില്ലാതെ
    പാഠ്യപദ്ധതിയെ കുറ്റംപറഞ്ഞോട്ടെ,
    ആഹാരം കിട്ടാതെ 
    നിരാഹാരംകിടക്കട്ടെ, 
    വസ്ത്രംതന്നെ ഉപേക്ഷിച്ചവര്‍ 
    ന്യൂജെന്‍  ആകട്ടെ,
    എല്ലാം കണ്ടില്ലെന്നുനടിക്കുക . 
    
 
ലാഭം വേണേല്‍  
തലയരിഞ്ഞോട്ടെ,
മരണപ്പെട്ടവന്റെ അവകാശങ്ങള്‍ 
ചികഞ്ഞെടുക്കരുത്. 
 
മതത്തെ കുഴിച്ചുമൂടിയാലും 
വെള്ളവുംവളവും നല്‍കുക,
തിളിര്‍ത്ത്  വളരുമ്പോള്‍ 
പൂവിനുവേണ്ടി കലഹിക്കുക.
 
     വഴിവക്കത്തു യാചിക്കുന്ന 
     പിശാചുക്കളെ കണ്ടാല്‍ 
     കൈ പൊങ്ങരുത്.
     മരണവെപ്രാളം കണ്ടാല്‍ 
     ഓക്സിജൻസിലിണ്ടറിനെ  
     അടച്ചു വക്കുക, 
     ചിതറിയോടുന്ന രക്തതുള്ളികളെ 
     ഒരു കുപ്പിയിലാക്കി 
     ചുവപ്പ് വറ്റിക്കുക.
     രോഗത്തെയും  അപരാധമാക്കുക 
     കൂട്ടിരിപ്പുകാരോട് 
     അക്ഷമരാകാന്‍ പറയുക .
 
ഇരുട്ടിനെ ഭയന്ന 
ചീവീടിന്റെ ശബ്ദമിടറുമ്പോള്‍
വിറയ്ക്കുന്നചുണ്ടുകളില്‍ 
ലഹരി പകരുക,
അടുക്കളയിലെ ദൈന്യതയോര്‍ത്ത്  
വീട്ടിലേക്കുള്ളവഴി മറക്കുക.
ആര്‍ക്കോ വേണ്ടി
കിനാവുകളില്‍ കുത്തിനിറക്കാറുള്ള  
കവിത മറക്കുക, 
കണ്ണടച്ചു നടക്കുക
 
     അപ്പോള്‍..?
     അപ്പോള്‍ മാത്രമാണ് 
     നിങ്ങളും കണ്ടുതുടങ്ങുന്നത്..........
 
            .........അശോക്‌.....

OTHER SECTIONS