ഒഴുക്കില്ലാത്ത വീട്

By ആരിഫ് തണലോട്ട്.02 03 2019

imran-azharപാതി തിന്ന
പുഴയുടെ ജീര്‍ണ്ണതയിലേക്ക്
വിരല്‍ ചൂണ്ടി നില്‍ക്കുകയാണ്
തീരെ ഒഴുക്കില്ലാത്ത വീട്

വീടൊഴുകുന്നത്
എങ്ങനെയായിരിക്കുമെന്നത്
കടലിരമ്പങ്ങളോട്
ചോദ്യമുന്നയിക്കുന്ന
കപ്പലുകളെപ്പോലെയാണ്
അവയ്ക്ക്മാത്രം നങ്കൂരമിടാന്‍
കരതേടിപ്പിടിച്ച്
ഉത്തരം കൊടുത്തുകളയും
ചില തിരകള്‍

നാലു ചുവരുകളിലും
ജനാല വെക്കണമെന്ന്
പറഞ്ഞിരുന്നെങ്കിലും
നിരായുധമാക്കപ്പെട്ട
പട്ടാള ജീവനുകള്‍ക്ക്
അവധിക്കാലമാഘോഷിക്കാനും
ബങ്കറുകള്‍ മതിയെന്നത്
നാട്ടുനടപ്പായിരുന്നു

അപ്പോള്‍ പിന്നെ
ഒഴുക്കില്ലാത്ത വീടിനെക്കുറിച്ച്
എങ്ങനെയാണറിയുക

അങ്ങിനെയുള്ള വീടുകള്‍
ഗുഹ്യദ്വാരങ്ങളിലാത്ത
ശരീരം പോലെയാവും
അകത്തേക്ക് കയറാന്‍
ഒറ്റ വാതില്‍ മാത്രമാണുണ്ടാവുക
വിസര്‍ജ്യങ്ങളില്ലാതെ
വയറ് വീര്‍ക്കുമ്പോള്‍
ക്രമം തെറ്റിയെന്ന്
കരക്കമ്പിപായും

കാട്ടുവള്ളികള്‍ പടര്‍ന്ന്
പുഴയിറമ്പിലേക്ക്
പൂവുകള്‍ നിറംപടര്‍ത്തുന്ന
നിലാവിലാണ്
പാതിശ്വാസമുള്ള വീട്
പിന്നെ നിലംപൊത്തുക

അപ്പോഴും ഒഴുക്കില്ലാത്ത വീട്
കണ്‍പീള തുടച്ച്
കരഞ്ഞെഴുന്നേല്‍ക്കുന്നത്
അച്ഛനെത്തേടിയാവും

 

 

OTHER SECTIONS