ഗാന്ധിലോകം

കേൾക്കുവാൻ കൊതിക്കാറുണ്ടിടക്കൊക്കെ, സമത്വ നൂൽ നൂറ്റൊരാ ചർക്കതൻ ലോല സംഗീതം. ഇനിയുമൊരു വസ്ത്രം തുന്നണം ആ നൂലിനാൽ

New Update
ഗാന്ധിലോകം

 

 

കേൾക്കുവാൻ കൊതിക്കാറുണ്ടിടക്കൊക്കെ,

സമത്വ നൂൽ നൂറ്റൊരാ ചർക്കതൻ ലോല സംഗീതം.

ഇനിയുമൊരു വസ്ത്രം തുന്നണം ആ നൂലിനാൽ ,

ഭാരത ഭൂവിനായ് ശാന്തിതൻ ശുഭ്രവസ്ത്രം.

കാണണം ഇടക്കൊക്കെ കാഴ്ചകൾ കാലം-

മറിച്ചിടാത്തൊരാ പഴമതൻ കണ്ണടകളിലൂടെ ,

കാണരുതാത്തതൊന്നും കാട്ടിടാത്ത

നന്മതൻ ചില്ലു തീർത്ത കണ്ണട .

സ്വാതന്ത്ര്യ സ്വപ്നങ്ങളിലേക്കൂന്നി നടന്നൊരു-

വടിയും തിരികെ കയ്യിലേന്തണം,

പരതന്ത്ര്യ വിലങ്ങിൽ നിന്നതിജീവന പാത തേടുവാൻ ,

വീണ്ടുമാ സഹനത്തിൻ ഊന്നുവടി .

പാഴാക്കുവാനിട നൽകിടാതെ മാത്രകൾ

എണ്ണിയോരോന്നായ് ചൊന്ന ചെറുഘടികാരം ,

പറയണമിനിയും ജനതയോട്

പാഴാക്കുമോരോ മാത്രയും അമൂല്യം .

ഒടുവിലീ ചിന്തകൾ വിളക്കിയെടുത്തൊരു-

ഗാന്ധിയായി ,

വൈഷ്‌ണവ ജനതോ മന്ത്രത്താൽ

സമത്വ ഭൂമിക പണിയണം .

ശ്യാം മോഹൻ. എം

നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ  kalakaumudi@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക....

poem