ഒളിച്ചു പോക്ക്.....

നിലാവ് ചൂട്ടുകെട്ടുന്ന രാത്രികളിൽ അങ്ങാടികൾ ഒഴിയുമ്പോൾ പാതിരാ തീവണ്ടി പോലെ ചൂളം കുത്തി

author-image
PRASOBH PUTHAN PURAKKAL
New Update
ഒളിച്ചു പോക്ക്.....

നിലാവ് ചൂട്ടുകെട്ടുന്ന രാത്രികളിൽ

അങ്ങാടികൾ ഒഴിയുമ്പോൾ

പാതിരാ തീവണ്ടി പോലെ

ചൂളം കുത്തി, ഞരമ്പുകളിൽ

ഉന്മാദമേന്തി നിരത്തുകൾ

കാട്ടിലേക്ക് യാത്ര പോകും.

പൂമണമുള്ള കാട്ടു പാതകളുടെ

തണുത്ത് മിനുത്ത ശരീരത്തെ

കാമിച്ച്,

പകൽചൂടിന്റെ മേൽക്കുപ്പായം

അഴിച്ച് വച്ച്,

നിരത്തുകൾ കാട്ടാറുകളിൽ

കുളിക്കാനിറങ്ങും.

തികഞ്ഞ ശ്രദ്ധയോടെ വണ്ടിപ്പാട്ടുകൾ

 വടുക്കളായ ഇടങ്ങളെ കഴുകി സാന്ത്വനപ്പെടുത്തും.

നീട്ടിയും കുറുകിയും പല പേർ

തുപ്പിനിറച്ച കറുത്ത ദേഹത്ത്

നിലാവ് തേച്ച് പതപ്പിച്ച് കുമിളകൾ

ഊതി വിടും.

പല തരം ചോരകൾ ഉണങ്ങിപ്പിടിച്ച

നെഞ്ചിൽ പിടഞ്ഞു വീണ

മുഴുവൻ ആത്മാക്കൾക്കും,

പരൽ മീനുകളെ ചേർത്ത് പിടിച്ച്

പ്രാർത്ഥിച്ച് ആദ്യത്തെ ബലിയിടും .

കിഴക്കുദിക്കും മുൻപേ കുളിച്ച് കയറി,

കാട്ടുപാതകളുടെ ചുണ്ടിലൊന്നമർത്തി മുത്തി,

നിരത്തുകൾ ഈറനോടെ തിരിഞ്ഞു

നടക്കും.

അങ്ങാടിക്കരികിൽ ആ കാശം

പുതച്ചുറങ്ങുന്നവരുടെ കാതിലേക്ക്

ആദ്യത്തെ വണ്ടിയുടെ ഇരമ്പലുമായി 

ചെന്ന് ഉറക്കത്തെ

പറത്തി വിടും.

രതിയുടെ രാത്രി ഗീതങ്ങൾ പാടിത്തളർന്ന് 

കിടക്കുന്നവളെ

ഒളിഞ്ഞു നോക്കിയ കാറ്റിനെ

ഒരു മുട്ടൻ തെറി വിളിച്ച് നിരത്തുകൾ 

അങ്ങാടിയിലേക്ക്

തിരിച്ചു കയറും...

PRASOBH PUTHAN PURAKKAL 

PUTHAN PURAKKAL (HO)

MEMUNDA -PO

VATAKARA -VIA

KOZHIKODE 

673104-PIN

PH: 9846690747

poem