സ്വസ്തി

By Elza Neelima Mathew.14 Sep, 2018

imran-azhar

സ്വസ്തി

 

അറിയാം,

ഒരുപാട് ദൂരമുണ്ടെന്ന്.

അങ്ങെത്തുമ്പോള്‍ ദേഹം കുഴയുമെന്ന്.

എങ്കിലും പോകട്ടെ.

പോയിപ്പോയി ഞാന്‍ വീടെത്തട്ടെ.

വീട്ടിന്നുള്ളില്‍ കടന്നിരിക്കട്ടെ.

കാലും നടുവും നിവര്‍ത്തി

ബോധം കെട്ടുറങ്ങട്ടെ.

ഉണരുമ്പോള്‍ കുറെയേറെ

ചെയ്തുതീര്‍ക്കുവാനുണ്ട്.

ചെരിപ്പില്ലാതെ നടക്കണം,

കാലില്‍ മണ്ണ് പറ്റിക്കണം,

മുള്ളില്‍ച്ചവിട്ടി കാല്‍ മുറിക്കണം.

അടുക്കളയിലെ പുകമണം

നെഞ്ചിന്‍കൂടാകെ നിറക്കണം.

ചായം തേച്ച ഭിത്തികളോരോന്നിലും

മുഖമുരസണം.

ഇനി വരുമ്പോഴും ഇവിടെത്തന്നെയുണ്ടാവണമെന്ന്

ഓരോ തരിയോടും പറയണം.

എനിക്ക് ഞാനായിരിക്കണം.

ധ്യാനിക്കുവാന്‍ വിളക്കുമാടങ്ങള്‍

കാട്ടിത്തന്നവരോട്,

എന്‍റെ ധ്യാനമാണിത്;

സ്വസ്തിയും മറ്റൊന്നല്ല.

 

 

OTHER SECTIONS