തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി... ഒഎന്‍വിയുടെ ഓര്‍മ്മകള്‍ക്ക് 7 വര്‍ഷം

ഒരിക്കല്‍ സാഹിത്യ നിരൂപകന്‍ കെ.പി. അപ്പന്‍ ഒഎന്‍വിയുടെ ജീവിതത്തെ വിശേഷിപ്പിച്ചത് എഡിറ്റ് ചെയ്യപ്പെട്ട ജീവിതമെന്നാണ്. ജന്മനാ കവികളായി വരുന്നവരില്‍ പലരും തങ്ങളുടെ സര്‍ഗശക്തിയെയും വ്യക്തിജീവിതത്തെയും അലസതയോടെ ധൂര്‍ത്തടിച്ചവരാണ്.

author-image
Web Desk
New Update
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി... ഒഎന്‍വിയുടെ ഓര്‍മ്മകള്‍ക്ക് 7 വര്‍ഷം

ഒരിക്കല്‍ സാഹിത്യ നിരൂപകന്‍ കെ.പി. അപ്പന്‍ ഒഎന്‍വിയുടെ ജീവിതത്തെ വിശേഷിപ്പിച്ചത് എഡിറ്റ് ചെയ്യപ്പെട്ട ജീവിതമെന്നാണ്. ജന്മനാ കവികളായി വരുന്നവരില്‍ പലരും തങ്ങളുടെ സര്‍ഗശക്തിയെയും വ്യക്തിജീവിതത്തെയും അലസതയോടെ ധൂര്‍ത്തടിച്ചവരാണ്. പി.കുഞ്ഞിരാമന്‍ നായര്‍, ചങ്ങമ്പുഴ മുതലായ എത്രയോ ഉദാഹരണങ്ങള്‍. തന്നിലെ അഗ്‌നിതുല്യമായ കവിത്വശക്തിയെ അച്ചടക്കത്തോടെ അവസാനം വരെ ജ്വലിപ്പിച്ചു നിര്‍ത്തി എന്നതാണ് ഒഎന്‍വി കുറുപ്പ് എന്ന കവിയെ വേറിട്ടു നിര്‍ത്തുന്നത്, തീര്‍ച്ചയായും അതി ഭംഗിയായി എഡിറ്റു ചെയ്യപ്പെട്ട ഒരു ജീവിതമായിരുന്നു ഒഎന്‍വിയുടേത്.

ഫെബ്രുവരി 13, 2023, ഈ പ്രതിഭാധനനായ കവി മറഞ്ഞിട്ട് 7 വര്‍ഷം തികയുന്നു. ഒഎന്‍വിയെ ഇനിയും മനസ്സിലാക്കാനുണ്ട്. അദ്ദേഹം തന്നെ എഴുതിയതുപോലെ, വാഴ്വെന്ന വചനത്തിനൊടുവില്‍ വിരാമചിഹ്നമായി മരണം വന്നുവെങ്കിലും മലയാളി മനസ്സുകളില്‍ ആ സര്‍ഗാത്മക ജീവിതത്തിനു വിരാമമാകുന്നില്ല. ഒഎന്‍വിയുടെ ഭൂപടം അദ്ദേഹംതന്നെ വരച്ചതായിരുന്നു. ചാരായക്കടയിലോ ചങ്ങാതിക്കൂട്ടത്തിലോ അദ്ദേഹത്തെ കണ്ടില്ല. ഭ്രമണപഥം തെറ്റിയ ആത്മാനുരാഗികളായ അരാജകവാദികളെ അദ്ദേഹം വെറുത്തു, അവര്‍ നല്ല കവികളായാല്‍പ്പോലും.

പൊതുരംഗത്തു സജീവമായപ്പോഴും ഒരു യഥാര്‍ഥ കവിയെപ്പോലെ ലോകത്തെ പുറത്താക്കിയും ലോകത്തില്‍നിന്നു പുറത്തായും ജീവിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. തന്നെ വിഗ്രഹമായി കണ്ടവരെപ്പോലും അദ്ദേഹം നിരാശരാക്കി. പൊട്ടകവിത തിരുത്താന്‍ എത്തിയവരെ മടക്കിയയച്ചു. അങ്ങനെ സ്വന്തം സമയത്തിന്റെ മേല്‍ നിയന്ത്രണം സ്ഥാപിച്ചു.

ഭൂമിയിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം വ്യക്തിയാണ് എന്നതു നിരന്തരം ഓര്‍മിപ്പിച്ചു ഒഎന്‍വി. അദ്ദേഹത്തിന്റെ മനസ്സും, ചിന്തയും സ്വയംഭരണപ്രദേശമായിരുന്നു. ഒരക്ഷരത്തെറ്റുപോലും ചെയ്യാത്തയാള്‍ എന്ന ഭാവം അദ്ദേഹം കൊണ്ടുനടന്നില്ല. വളച്ചുകെട്ടലിലോ വചനഭൂഷണങ്ങളിലോ വിശ്വസിച്ചുമില്ല.

ചവറയുടെ മണ്ണില്‍ അരികുജീവിതങ്ങളും അതിജീവനസമരങ്ങളും കമ്യൂണിസത്തിന്റെ വേരുകളും കണ്ടുവളര്‍ന്ന കവിയുടെ രാഷ്ട്രീയവിശ്വാസങ്ങള്‍ പ്രബലമായിരുന്നു. എന്നാല്‍ കവിതയ്ക്കല്ലാതെ മറ്റൊന്നിനും അദ്ദേഹം തന്നെ പൂര്‍ണമായി വിട്ടുകൊടുത്തില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനമോ ഈശ്വരവിശ്വാസമോ നിരീശ്വരവാദമോ എന്തുമായിക്കൊള്ളട്ടെ ഒന്നിനും പൂര്‍ണമായും പിടികൊടുക്കാതെ അവയ്ക്കൊക്കെമേല്‍ കവിത്വംകൊണ്ട് ആധിപത്യം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം.

poem literature onv kurup