എനിക്കുവേണ്ടി ആത്മഹത്യ ചെയ്ത രണ്ട് പെണ്‍കുട്ടികള്‍

By ചെറിയാന്‍ ഫിലിപ്പ്.17 Apr, 2018

imran-azhar
വാര്‍ദ്ധക്യത്തിലെത്തിയ എന്നെ അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി പ്രേമിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. പ്രേമത്തിന് കണ്ണില്ല എന്നാണ് ചൊല്ല്. പ്രേമത്തിന് പ്രായവുമില്ല എന്ന് ബോദ്ധ്യപ്പെട്ടു. എനിക്ക് അച്ഛന്റെ പ്രായമുണ്ടെന്നു പറഞ്ഞിട്ടും പ്രണയിനിക്ക് കുലുക്കമില്ല.
എന്നെ പ്രേമിച്ച ചിലര്‍ക്കുണ്ടായ ദുരന്തങ്ങള്‍ എന്നും എന്റെ മനസ്‌സിനെ വേട്ടയാടുന്നതിനാല്‍ പ്രണയാഭ്യര്‍ത്ഥനകള്‍ തള്ളാന്‍ മനസ്‌സുവരാറില്ല. എന്തെങ്കിലും കടുംകൈ ചെയ്താലോയെന്നാണ് പേടി. കോളജ് ജീവിതകാലത്ത് രാഷ്ര്ടീയ ഭ്രാന്തനായിരുന്ന എനിക്ക് രാഷ്ര്ടീയത്തോട് മാത്രമായിരുന്നു അഭിനിവേശം. പെണ്‍ സുഹൃത്തുക്കളുടെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നെങ്കിലും സ്‌നേഹപ്രകടനങ്ങള്‍ ദര്‍ശനത്തില്‍ മാത്രം ഒതുക്കി.

 

                  

 

 

 

കേരളത്തിലെ അറിയപ്പെടുന്ന വിദ്യാര്‍ത്ഥി യുവജനനേതാവായിരുന്നതിനാല്‍ വീരാരാധനയുടെ പേരില്‍ നിരവധിപേര്‍ പ്രണയിച്ചിരുന്നു. പ്രേമലേഖനങ്ങളും വിവാഹം അഭ്യാര്‍ത്ഥനകളും ധാരാളമായി ലഭിച്ചിരുന്നു.ആരോഗ്യപരമായ കാരണങ്ങളാലാണ് ഞാന്‍ വിവാഹം വേണ്ടെന്നു വച്ചത്. ഇതറിയാത്ത പെണ്‍കുട്ടികള്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ പലപ്പോഴും കുപിതനായാണ് പെരുമാറിയത്. സ്ത്രീവിരോധിയായി അടുത്ത സുഹൃത്തുക്കള്‍ മുദ്രയടിച്ചു. ചിലര്‍ക്കു വെറും ബോറന്‍.ഞാന്‍ നിഷ്‌ക്കരുണം തള്ളിയ പലരും ഇന്ന് അമ്മൂമ്മമാരാണ്. മക്കളുടെ കല്യാണത്തിന് ക്ഷണിക്കാന്‍ വരുന്നവരും എവിടെ വച്ചെങ്കിലും കണ്ടുമുട്ടുന്നവരും പഴയ അവരുടെ പ്രണയകുസൃതികള്‍ ഓര്‍മ്മിപ്പിക്കും. ചിലരുടെ കണ്ണുനിറയും. പഴയ പ്രണയനിര്‍വൃതി.ഞാന്‍ ഉത്തരവാദിയല്ലെങ്കിലും, എന്റെ പേരില്‍ ചിലര്‍ ആത്മഹത്യ ചെയ്ത അനുഭവങ്ങള്‍ എന്റെ മനസ്‌സിനെ ഇപ്പോഴും ഉലച്ചുകൊണ്ടിരിക്കുന്നു. ഉറക്കത്തിലും ഉറങ്ങാത്ത ഓര്‍മ്മകള്‍. ആ മുഖങ്ങള്‍ മനസ്‌സില്‍ തെളിയുമ്പോള്‍ കൊടും തണുപ്പിലും വിയര്‍ക്കേണ്ടിവരും.

കോളജ് ജീവിതം കഴിഞ്ഞ് ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒരു ദിവസം ഒരു പൊലീസ് സംഘം അന്വേഷിച്ചുവരുന്നത്. ഒരു പെണ്‍കുട്ടിയുടെ പടം കാണിച്ചു. കണ്ടതായി ചെറിയ ഓര്‍മ്മ മാത്രം. 'കോളേജില്‍ പഠിക്കുമ്പോള്‍ ഒറ്റയ്ക്ക് വരുന്ന പെണ്‍കുട്ടികളോട് ഞാന്‍ അധികം സംസാരിക്കാറില്ല. എന്തെങ്കിലും കാര്യമില്ലാതെ സംസാരിക്കാന്‍ മുതിര്‍ന്നാല്‍ ധൃതിയില്‍ ഒഴിഞ്ഞുപോകും. അത്തരത്തില്‍ ആ പെണ്‍കുട്ടിയെയും അവഗണിച്ചുകാണണം. ആ പെണ്‍കുട്ടിയുടെ മരണവാര്‍ത്ത ഞാന്‍ പ്രമുഖപത്രങ്ങളില്‍ വായിച്ചിരുന്നു. വിശദാംശങ്ങള്‍ ശ്രദ്ധിച്ചില്ല. പനവിള ജംഗ്ഷനിലെ ഒരു വീട്ടില്‍ അവിവാഹിതയായ ഒരു യുവതി മരിച്ചു കിടന്നതാണ് വാര്‍ത്ത. നിര്‍മ്മല എന്ന അവര്‍ ബിരുദാനന്തര ബിരുദധാരിയാണ്. മാനസ്‌സിക രോഗിയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

അവരുടെ വീട് പൊലീസ് പരിശോധിച്ചപ്പോള്‍ പത്രങ്ങളില്‍ വന്ന എന്റെ ലേഖനങ്ങളും പ്രസ്താവനകളും ചിത്രങ്ങളും അടങ്ങിയ ഒരു വന്‍ശേഖരം കണ്ടെത്തി. എനിക്ക് എഴുതിവച്ച ധാരാളം പ്രേമലേഖനങ്ങളും. അവയൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. അവരുടെ പ്രേമമോ ആരാധനയോ ഏകപക്ഷീയമാണെന്ന് അന്വേഷണസംഘം വിലയിരുത്തി. എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ മരണം എന്റെ ഹൃദയത്തിലേല്‍പ്പിച്ച മുറിവ് അഗാധമാണ്. ഇപ്പോഴും പനവിള ജംഗ്ഷന്‍ വഴി പോകുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടും. തലകറങ്ങുന്നതായി തോന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന വി സത്യശീലന്റെ മകള്‍ മിനി സത്യന്‍ കൊല്ലം ഫാത്തിമ കോളജിലെ കെ.എസ്.യു നേതാവായിരുന്നു. കൊല്ലത്ത് കെ.എസ്.യു യോഗങ്ങൡ പ്രസംഗിക്കാന്‍ പോകുമ്പോഴെല്ലാം കണ്ടിരുന്നു. രാഷ്ര്ടീയത്തില്‍ നല്ല ഭാവിയുണ്ടെന്ന് ഞാന്‍ കരുതിയ മിടുക്കി പെണ്‍കുട്ടിയോട് എനിക്ക് മകളോടെന്ന പോലെ വാത്സല്യമുണ്ടായിരുന്നു.ട
2001 ല്‍ ഞാന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ പിന്തുണച്ചുകൊണ്ടു മിനി സത്യന്‍ പ്രസ്താവനയിറക്കി. ജാഥ നടത്തുകയും ചെയ്തു. ഒരു വിഭാഗം കോണ്‍ഗ്രസുകാരുമായും വീട്ടുകാരുമായും മിനി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അന്നു രാത്രി മനസ്‌സു തകര്‍ന്ന മിനി ആത്മഹത്യ ചെയ്തു. പുതുപ്പള്ളിയില്‍ വച്ചാണ് ഞാന്‍ വാര്‍ത്ത അറിഞ്ഞത്. എന്റെ പേരിലാണ് ആത്മഹത്യയെന്ന് കൊല്ലത്ത് നിന്നും ചില സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചപ്പോള്‍ എന്റെ മനസ്‌സ് തകര്‍ന്നു.

തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ ഊര്‍ജ്ജിതമായി പ്രസംഗിക്കാന്‍ കഴിയാതെ വന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാന്‍ മിനിയുടെ പിതാവ് സത്യശീലനെ കണ്ടപ്പോള്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. മിനിയുടെ നിഷ്‌കളങ്കമായ സുന്ദരമുഖം എന്റെ മനസ്‌സില്‍ തെളിയുമ്പോള്‍ വല്ലാത്ത ഒരു നീറ്റല്‍ അനുഭവിക്കേണ്ടിവരും. മിനിയോട് സാമ്യമുള്ള പെണ്‍കുട്ടികളെ കാണുമ്പോഴെല്ലാം മനസ്‌സ് പതറും. എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച പല പെണ്‍കുട്ടികളെയും ഞാന്‍ തന്നെ മുന്‍കൈ എടുത്ത് മറ്റു ചിലരിലേക്ക് വഴിമാറ്റി വിട്ടിട്ടുണ്ട്. അവരും ഭര്‍ത്താക്കന്മാരും കുട്ടികളുമെല്ലാം ഇന്നും എന്റെ സുഹൃത്തുക്കളാണ്. എന്നോട് അടുപ്പം കാട്ടിയ ഒരു കോട്ടയം കാരിയെ മറക്കാന്‍ പറ്റില്ല. കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. വളരെ സ്മാര്‍ട്ടായ കുട്ടി. അവരുടെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും വിവാഹത്തിന് ഞാന്‍ വഴങ്ങിയില്ല. വിവാഹത്തിന് ഞാന്‍ പോയിരുന്നു.


അടുത്തകാലത്ത് ഭര്‍ത്താവിനെ കണ്ടപ്പോള്‍ ഭാര്യയെ തിരക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം മൂലം മരിച്ച കാര്യമാണ് പറഞ്ഞത്. അവളുടെ രൂപഭംഗിയുള്ള മകളെ പരിചയപ്പെടുത്തി. എന്റെ മനസ്‌സ് പിടഞ്ഞു. ഇതൊക്കെയാണെങ്കിലും എന്നെ സ്‌നേഹിച്ച വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചവരില്‍ മഹാഭൂരിപക്ഷവും ജീവിതത്തിന്റെ വിവിധ തുറകളില്‍ ശോഭിക്കുന്നവരാണ്. ഭര്‍ത്താവും മക്കളുമൊത്ത് ജീവിതം ധന്യമാക്കിയവര്‍. ഇവരെ കാണുമ്പോള്‍ ഞാനും അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാകും. വയസുകാലത്ത് കൂട്ടിനാരുമില്ലെങ്കില്‍ ഞങ്ങളുടെ വീട്ടിലേക്ക് വരണമെന്ന് പറയുന്നവരുമുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ ആഹ്‌ളാദഭരിതനാവും.
(ചെറിയാന്‍ ഫിലിപ്പ്ഃ 9446576699)

 

OTHER SECTIONS