പൂച്ചക്കാര്യം

By മുയ്യം രാജന്‍.26 Jun, 2018

imran-azhar

പേടിപ്പെടുത്തുന്ന സ്വത്വവുമായി ഒരു കരിമ്പൂച്ച പിന്നെയും എന്റെ ജീവിത ഭീതിയിലേക്ക്  കടന്നു കയറുകയാണ്. കൂരിരുട്ടില്‍ മിന്നുന്ന പച്ചക്കണ്ണുകള്‍. മരയഴിയിട്ട ജനല്‍പ്പടിയില്‍ നിന്നും സാകൂതം അതെന്നെ നോക്കുന്നു. തലയും മുൻ കാലുകളും മാത്രമാണ് ജനലഴിക്കിപ്പുറം. ബാക്കി ഭാഗം അദൃശ്യമാണ്. ഇരുട്ടില്‍ ഏതോ ഒരു വലിയ ചിത്രകാരന്‍റെ കരവിരുത് കണക്കെ, ജനലില്‍ പാതി  തീര്‍ത്ത കറുത്ത ശില്‍പ്പം. അങ്ങനെയാണ് പൂച്ചയുടെ അപ്പോഴത്തെ   നിൽപ്പ് . ചാണകം മെഴുകിയ തറയായതിനാല്‍ പഴമയുടെ ചൂര് എല്ലായ്‌പോഴും അന്തരീക്ഷത്തെ ചൂഴ്ന്നു നിന്നു. ഇപ്പോള്‍ തറവാടിന്റെ അട്ടത്ത് പാറ്റയും പല്ലിയും ഉറുമ്പുകളുമാണ് വാസക്കാര്‍. വല്ലപ്പോഴും ജനൽ അഴികൾക്കിടയിലൂടെ നുഴഞ്ഞു കയറുന്ന വവ്വാലിന്റെ വരവ് ഒരു പേടി സ്വപ്നമായിട്ടുണ്ട്. ചിതലുകള്‍ ജനല്‍പ്പടിയുടെ നല്ലൊരു ഭാഗം കാർന്നു  കഴിഞ്ഞു.  

പൂച്ചയുടെ ഇമയനക്കാതെയുള്ള നോട്ടത്തിനു മുന്നില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. കണ്ണടച്ചപ്പോള്‍ പൂച്ച മെല്ലെ എന്റെ നെഞ്ചിലേക്ക് പിടിച്ചു കയറി.

പായയില്‍ ചുരുണ്ടു കൂടിയ ഉടുമുണ്ട് ധൃതിയില്‍ വാരിവലിച്ചുടുത്ത്, രോമരാജികളില്ലാത്ത വിരിനെഞ്ച് ഇരു കൈകളാല്‍ മറച്ചു. ശ്വാസം മുട്ടുന്നു. തൊണ്ട വരളുന്നു.  വെള്ളം വേണം. അതിനെക്കാള്‍ വലിയ പ്രശ്നം  കലശലായ മൂത്രശങ്കയാണ്. പഴയ തറവാടെന്നൊക്കെ പേരേയുള്ളൂ. സൌകര്യങ്ങള്‍ നന്നേ കുറവ്. ഉദാഹരണത്തിന്,  ഒന്നു മൂത്രമൊഴിക്കണമെന്ന്  തോന്നിയാല്‍, ഇത്തിരി വെള്ളം കുടിക്കണമെങ്കില്‍ ഏതു പാതിരാത്രിക്കും താഴെ ഇറങ്ങുകയേ നിവൃത്തിയുള്ളൂ. മുമ്പ് മുകളില്‍ നിന്നും  വെള്ളം കോരി ഉപയോഗിക്കാവുന്ന കുളിമുറിയില്‍ ഉപയോഗശൂന്യമായ  പണിയായുധങ്ങളും കളരിക്കോപ്പുകളും സൂക്ഷിച്ച് അടച്ചു പൂട്ടിക്കെട്ടിയിരിക്കുന്നു. കനത്ത ഇടിമിന്നലിനോടൊപ്പം അരമണിക്കൂര്‍ മുമ്പ് ഇറങ്ങിപ്പോയ വൈദ്യുതി ഇന്നിനി തിരിച്ചു വരുമെന്ന് തോന്നുന്നുമില്ല.

പുറത്തെ കൂരിരുട്ടിലേക്ക് ഭയത്തോടെ കണ്ണുകളെ പായിച്ചു. കാറ്റിന്റെ ഹുങ്കാരത്തോടൊപ്പം അകത്തേക്ക് കയറി വന്ന കരിയിലകളും പൊടിപടലങ്ങളും കലശലായ ശ്വാസതടസ്സവും തുമ്മലുമുണ്ടാക്കി. അടങ്ങാത്ത അലര്‍ജി. പേടി മൂലം ഉറക്കെ ഒന്ന് നിലവിളിക്കണമെന്നുണ്ട്. പക്ഷെ ഒച്ച പുറത്തേക്ക്  വരണ്ടേ?  

പൂച്ച ജനലില്‍ നിന്നും ആയത്തില്‍ ചാടി തൊട്ടു താഴെ സൂക്ഷിച്ച നെല്ലിന്‍ ചാക്കിനിടയില്‍ എന്തോ തിരഞ്ഞു. ഒരു ചുണ്ടനെലിയുടെ വിളയാട്ടം കുറേനേരമായി അതിനെ വല്ലാതെ പ്രലോഭിപ്പിക്കുന്നുണ്ട്. പാത്തും പതുങ്ങിയുമുള്ള പൂച്ചയുടെ ചാഞ്ചാട്ടത്തില്‍ നിന്നും മനസ്സിലായ താണത്. കൂരാക്കൂരിരുട്ടിലും സംഗതികള്‍ ഒരുവിധം ഇപ്പോൾ തെളിഞ്ഞ് കാണാമെന്നായിരിക്കുന്നു. മേമ്പൊടിയ്ക്ക് മിന്നല്‍പ്പിണരുകള്‍ ഇടക്കിടെ അകത്തേക്ക് ഫ്ലാഷടിച്ച് പ്രോത്സാഹിപ്പിച്ചു. എലിയിപ്പം അട്ടി വെച്ച പഴയ വിഷുക്കണി കലങ്ങള്‍ക്കിടയിലേക്ക് മലക്കം മറിഞ്ഞിരിക്കുന്നു.

ഒരു നിമിഷം കൂടി വൈകിയാല്‍ കിടന്നിടത്ത് തന്നെ മൂത്രമൊഴിക്കുമെന്നുള്ള പരുവത്തിലേക്ക് സംഗതി കുഴമറിഞ്ഞു. അത്രയ്ക്കുണ്ടിപ്പം ഉള്ളിലെ വിങ്ങലും എരിപിരി സഞ്ചാരവും.

പൂച്ചക്കാലില്‍ മെല്ലെ ഇഴഞ്ഞ് കോണിപ്പടിയുടെ മുകളിലെത്തി, ഏന്തി വലിഞ്ഞ് പടിഞ്ഞാറ്റകത്തേക്ക് കണ്ണുകളെ എറിഞ്ഞു. കൂര്‍ക്കം വലി ഉയരുന്നുണ്ടോ? മുത്തശ്ശിയുടെ ശയനം അവിടെയാണ്. പഴയ ഈട്ടി മരത്തില്‍ തീര്‍ത്ത കോണിപ്പടികളില്‍ ഒന്ന് മെല്ലെ സ്പര്‍ശിക്കുമ്പോൾ ഉയരുന്ന ഞരക്കം മതി മുത്തശ്ശി പിടഞ്ഞുണരാന്‍.  

“ആരാടാ അട്ടത്ത് അസമയത്ത് നടക്ക്ന്ന്..”

ദൈവമേ, ഈ മുത്തശ്ശിക്ക് മൂന്നാം തൃക്കണ്ണുണ്ടോ ?

ഇനി ആക്രോശം അനവരതം തുടരും. അതു ചെലപ്പം കൂരിരുളിനെ തുളച്ച് കാതുകളെ ചൂഴും. പിന്നാലെ കുഞ്ഞമ്മ ഉണരും. അവരി വരുടെയും  കോലാഹലം കേട്ടാല്‍ അയല്‍പക്കത്തെ പാണ്ടന്‍ നിർത്താതെ  കുരയ്ക്കും. നാടുണരും.

“ആരാ?”

മുത്തശ്ശി ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി രക്ഷയില്ല. ശാപവചനങ്ങളുടെ കെട്ടിപ്പം അഴിയും. പിന്നൊരു മലവെള്ളപ്പാച്ചിലാണ്.

“ഒന്ന് നേരാംവണ്ണം കണ്ണടക്കാന്‍ കൂടി സമ്മതിക്കൂലാ ഈ നശൂലങ്ങള്..”.

ഇതൊരു സാമ്പിള്‍ വെടിക്കെട്ട്. മാലപ്പടക്കം പിന്നാലെയുണ്ട്. പടിപടിയായത് കത്തി പടരുകയാണ് പതിവ്. പിന്നെ തുരുതുരെ പൊട്ടിത്തെറിക്കും.

കാലുകള്‍ പിന്നോക്കം വലിച്ച്, മുത്തശ്ശിയുടെ ഒച്ച താഴെ ഒടുങ്ങുന്നത്  വരെ ജനലിന്മേല്‍ കയറി ശ്വാസമടക്കി കുത്തിയിരുന്നു. മൂത്രശങ്ക അതിന്‍റെ പാരതമ്യത്തിലാണ്. രാത്രി പുറത്തിറങ്ങാന്‍ ഇപ്പോഴും മരണപ്പേടി. പോരാത്തതിന് കോരിച്ചൊരിയുന്ന മഴ.  ലൈറ്റുമില്ല. ഒരാവര്‍ത്തി കൂടി കാര്യം സാധിച്ചപ്പോള്‍ തൃപ്തി വന്നു. ഓട്ടിന്‍ പുറത്തൂടെ ഒലിച്ച് പിന്നാമ്പുറത്തെ ചേതിയിലേക്ക് ചെന്നു വീഴുന്ന മൂത്രത്തിന്‍റെ താളാത്മകത മഴ മൂലം കേള്‍ക്കാന്‍ കിട്ടിയില്ല. നീട്ടിയാണ് ഒഴിച്ചത്. പക്ഷേ, ശൂശുവിന്‍റെ ആക്കം കുറയുമ്പോഴാണ് പ്രശ്നം. അത് ജനലിനിടയിലൂടെ ഒലിച്ചിറങ്ങി വെള്ള തേച്ച ചുമരില്‍ ഇളം മഞ്ഞ നിറമുള്ള നാലുവരി പാതകള്‍ സൃഷ്ടിക്കും.  പുലരുമ്പോള്‍ മുത്തശ്ശിയോ കുഞ്ഞമ്മയോ അതു കണ്ടു പിടിക്കുമ്പോഴാണ്‌ പിന്നത്തെ പ്രശ്നാരംഭം.

“ഇന്നലേം നീ മൂത്രമൊഴിച്ചല്ലേ...നായിന്റെ മോനെ...താഴ്യെക്കെറങ്ങാന്‍ നിന്റെ കാലിനെന്താ മന്ത്ണ്ടാ..”

അന്തരീക്ഷത്തില്‍ ഇനി പൊട്ടിച്ചിതറുക  അത്യുഗ്രന്‍ കതിനകള്‍. അതു ചെലപ്പം അയലത്തെ തൊടിയില്‍ വരെ ചെന്നു വീണ് പടപടെ പൊട്ടിച്ചിതറും. പോരെ പൂരം. പിന്നെയവിടുത്തെ നുണക്കൂട്ടങ്ങള്‍ വയല്‍പണിക്ക് പോകുമ്പോള്‍ ഏറ്റ് പിടിക്കും. അവര്‍ പരസ്പരം പറഞ്ഞ് കുഴഞ്ഞു ചിരിച്ച് മടുക്കുമ്പം മൈക്ക് വെക്കും. നാട് നീളെ നാറ്റും.

”നിങ്ങയറിഞ്ഞാ നമ്മുടെ നാരോത്തെ ശേഖരൂട്ടി പോത്തിനെ പോലെ ആയിട്ടും ഇപ്പോം രാത്രി ജനലിന്മേല്‍ കേറി മൂത്രൊയിക്കും പോലും ... നേരം ഇരുണ്ടാ പൊറത്തെറങ്ങാനോന് മരണപ്പേട്യാത്രെ ”

ചെറുപ്പത്തില്‍ തന്നെ അഛനും അമ്മയും നഷ്ടപ്പെട്ടപ്പോള്‍ തറവാടിന്‍റെ മഹിമയും പഴമയും  കണ്ടും കേട്ടും കോരിത്തരിച്ച്, അതിൽ ആകൃഷ്ട നായി, തറവാട്ടിൽ തന്നെ തളച്ചിടാൻ വിധിക്കപ്പെട്ട ഒരു പാഴ്ജന്മം.  ജീവിതം മടുക്കുമ്പോള്‍ ആത്മഹത്യ ചെയ്യാനാണ് ഇപ്പം തോന്നുക. മറ്റൊരു പോംവഴിയുമില്ലാതെ ഇവര്‍ക്ക് ആശ്രിതപ്പെട്ടു പോയല്ലോയെന്ന്‍ സങ്കടപ്പെട്ട് ഇനിയുള്ള കാലം എങ്ങനെയെങ്കിലും  കഴിച്ചു കൂട്ടണം. മാംഗല്യ ഭാഗ്യമില്ലാതെ മൂത്തു നരച്ചു നിൽക്കുന്ന കുഞ്ഞമ്മയ്ക്ക് മൂക്കത്താണ് കോപം. ഫ്രസ്ട്രെഷന്‍. പിന്നെ ആര്‍ക്കും വേണ്ടാത്ത ഈ മുതുമുത്തശ്ശിയും. തന്‍റെ കൂടെ പഠിച്ചവരൊക്കെ എവിടെ വരെ ചെന്നെത്തി.  പ്രീഡിഗ്രി തോറ്റപ്പോള്‍ ശേഷിച്ച ഭാഗ്യവും കെട്ടു പോയി. തറവാടിന്റെ  സുകൃതക്ഷയം.  പുറം ലോകവുമായി ഒന്ന് ബന്ധപ്പെടണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം. വീ ട്ടിലേക്ക് വാഹനം വരാൻ റോഡില്ല. ടൌണില്‍ നിന്നും സാധനങ്ങള്‍ തലച്ചുമടായി വേണം വീട്ടിലെത്തിക്കാന്‍. കൊടുങ്കാടിനാല്‍ ചുറ്റപ്പെട്ട ഒരു ഉപദ്വീപ്‌. കൃഷി പൂര്‍ണ്ണമായും നശിച്ചു. നിത്യചെലവിനിപ്പം പറമ്പില്‍ നിന്നും വന്മരങ്ങള്‍ ഇടക്കിടെ വെട്ടി വിറ്റ്‌ കാലം കഴിക്കുന്നു. അതിനെയും നും വിലക്കാൻ നിയമം വരുന്നുണ്ടത്രേ. അങ്ങനെ തന്നെ വരണം.

ഒരിടി വെട്ടി. പുന്നമരത്തിൽ നിന്നും പറവകള്‍ പിടച്ചിലോടെ  ഉണരുന്നതിന്‍റെ കൂട്ടക്കരച്ചില്‍ കേട്ടു.  പതിരാക്കോഴികള്‍ എവിടെയോ കൂവിയാര്‍ത്തു. മരത്തിന്റെ ഉച്ചിയില്‍ നിന്നും തീയും പുകയും ഉയര്‍ന്നു.  ഇടി വീണതാണ്. കാതുകള്‍ പാടെ അടഞ്ഞു പോയി. കണ്ണുകള്‍ മഞ്ഞളിച്ചു. പ്രേതങ്ങള്‍ ബീഡി വലിച്ചൂതുകയാണെന്ന് പണ്ടുള്ളവര്‍ പറയും.  അന്ധനെപ്പോലെ കുറേനേരം ഇരുളില്‍ തപ്പി. ഈശ്വരാ ജന്മനാ മൂകരും അന്ധരും ബധിരരുമായവരുടെ കാര്യം കഷ്ടം തന്നെ.   

കണ്ണുകളിലെ മഞ്ഞളിപ്പ് മാറിയപ്പോള്‍ മിന്നപ്പിണരുകള്‍ ഇടക്കിടെ ജനലിലൂടെ വന്നെത്തി നോക്കി ശരീരത്തിന്റെ എക്സറെ എടുത്തു തന്നു.  

“ശേഖരാ...”

മുത്തശ്ശിയാണ്.

“ആ അശ്രീകരം അങ്ങോട്ടെങ്ങാനും കേറി വന്നോടാ...ഇന്നുമെന്റെ കിടക്ക നനച്ചു മുക്കി..”

മുത്തശ്ശിയുടെ ഒച്ച ഏതോ ഗുഹയില്‍ നിന്നെന്നോണം പൊന്തി വന്നു. നന്നായി. മനസ്സ് മുരണ്ടു. പൂച്ചക്കറിയാം അതിനെ കണ്മുന്നിൽ കിട്ടിയാൽ മുത്തശ്ശി  കടിച്ചു കീറുമെന്ന്. അതാണ്‌ മുകളിലോട്ടുള്ള ഈ കടന്നു കയറ്റം. താനാണ് രക്ഷകൻ.

കുട്ടിക്കാലം മുതല്‍ എനിക്കെന്നും മുത്തശ്ശിയുടെ കൂടെ കിടക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷെ അടുപ്പിക്കില്ല. പൂച്ചയെപ്പോലെ ഇടയ്ക്ക് ഞാനും മൂത്രമൊഴിച്ച് മുക്കും. പ്രത്യേകിച്ചും കുളിരുള്ള ദിവസങ്ങളില്‍, കമ്പിളിയുടെ ചൂടും ചൂരുമേല്‍ക്കുമ്പോള്‍, ചുളുവില്‍ കാര്യം സാധിച്ച്, മുത്തശ്ശിയറിയാതെ കിടക്കയുടെ അറ്റത്തേക്ക് സൂത്രത്തില്‍ മാറി കിടക്കും. കൃത്യമായും അപ്പോഴേക്കും മുത്തശ്ശി അറിയും. ഉണരും. പൂച്ചയുടേത് പോലാണ് ആ ഉറക്കവും.

‘എട്യേ ഈ പോത്ത് ഇന്നും വീത്തി...ഞാനന്നേരെ പറഞ്ഞതാ കൂടെ കെടത്തണ്ടാന്നു...”

പിന്നെ ശാപവാക്കുകളുടെ കുത്തൊഴുക്കാണ്. പുലരുവോളം സ്വൈര്യം തരാതെ ഇടക്കിടെ എഴുന്നേറ്റ് കുത്തിയിരുന്നും കിടന്നും ശാപവചനങ്ങള്‍ ചൊരിയും. അക്കാലത്ത് വീട്ടില്‍ വൈദ്യുതിയൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും മുത്തശ്ശിക്ക് തൃപ്തി വരാഞ്ഞാല്‍ ചിമ്മിനിക്കൂട് കത്തിച്ച് അതിന്‍റെ ഉറവിടം തിരയും. പ്‌രാകും. തല്ലാനോങ്ങും. പക്ഷെ തല്ലില്ല.

“ഇനിയെങ്ങാനും എന്‍റെ കൂടെ കെടക്കാനെന്നും പറഞ്ഞ് ഇങ്ങോട്ട് വന്നാ..”

അതൊരു താക്കീത് ആണ്. മുത്തശ്ശി കൂര്‍ക്കം വലിക്കുന്ന ഒച്ചയായിരിക്കും പിന്നീട് കേള്‍ക്കുക.

ചെലപ്പം മുത്തശ്ശിയുടെ നോട്ടം പൂച്ചയുടെതിനെക്കാള്‍ കര്‍ക്കശമാണെന്ന് തോന്നും. പിറ്റേന്ന്‍ വെയില്‍ ഉദിക്കും മുമ്പ് കറുത്ത കമ്പിളിയും പായയും വിരിപ്പുകളും തൊടിയിലെ അയലില്‍ തൂങ്ങിയാടും. പണ്ട് തീണ്ടാരിക്കുളി കഴിഞ്ഞാല്‍ ഇങ്ങനാണ്. വകയിലെ ഒരു അമ്മായിക്ക് പല തവണ അങ്ങ് ദൂരെ പുഴയില്‍ പുലര്‍ച്ചെ നീരാട്ടിന് കൂട്ടു പോയിട്ടുണ്ട്.

അയല്‍വാസി പെണ്ണുങ്ങള്‍ക്ക് ഇന്ന്  നല്ല കോളാണ്. താണും ചെരിഞ്ഞും കാക്കയെപ്പോലെ ഇങ്ങോട്ടായിരിക്കും ഇനി ദിവസം മുഴുവന്‍ നോട്ടം .

“നിങ്ങടെ ചെക്കന്‍ ഇന്നലേം മൂത്രൊയിച്ചല്ലേ..പ്രായായില്ലേ.. ഓനെന്താ ഇനി ഒറ്റക്ക് കെടന്നാല്..?’

അങ്ങനെയാണ് മുത്തശ്ശിയുടെ ക്ലാസ്സില്‍ നിന്നും പുറത്താകുന്നത്. പിന്നീട് തനിച്ച് കിടക്കാന്‍ മെല്ലെ പരിശീലനം നേടി. ആദ്യമൊക്കെ മരണപ്പേടി ആയിരുന്നു. എന്ത് ചെയ്യും. വിഭ്രമിപ്പിക്കുന്ന സ്വപ്നങ്ങള്‍ നിരന്തരം വന്ന് ശല്യം ചെയ്യും. കിനാക്കുരുക്കില്‍ നിന്നും പിടഞ്ഞുണരുമ്പോള്‍ ചെലപ്പം രണ്ടും സാധിക്കാന്‍ തോന്നും. താഴെ മുത്തശ്ശി കിടക്കുന്ന ഭാഗത്തേക്ക് ചെന്ന് പാത്തും പതുങ്ങിയും നോക്കും. അപ്പോള്‍ പുറത്ത് ചീവിടുകള്‍ കരയുന്നുണ്ടാവും. മഴക്കാലമാണെങ്കില്‍ തവളകളുടെ കൂട്ടക്കരച്ചില്‍ കൂട്ടിന് കിട്ടും. ആ തുടർ ച്ചയായ സംഗീതസാധന  കാതുകളെ തുളക്കും. മിന്നാമിന്നുകള്‍ മോക്ഷം ലഭിക്കാത്ത ആത്മാക്കളെപ്പോലെ അന്തരീക്ഷത്തില്‍ അപ്പോൾ  പാറിപ്പറക്കുന്നുണ്ടാകും.  . പിടികൊടുക്കാതെ പേടിച്ചരണ്ടാണോ അവ പരക്കം പായുന്നത് ? അതോ പ്രേതങ്ങളാണോ മിന്നാമിന്നുകളായി രൂപാന്തരം പ്രാപിച്ചത് ?

ചില നേരം ഏതെങ്കിലും മനോവ്യാപാരങ്ങളില്‍ മുങ്ങി ഉമ്മറത്തിരിക്കുമ്പോള്‍ പൂച്ച പതുങ്ങി അടുത്ത് കൂടും. കാലില്‍ മെല്ലെ  നക്കും. അതിന്  വല്ലാത്തൊരു കുളുപ്പും കുളിര്‍മയുമുണ്ട്. കട്ടിയുള്ള രോമരാജികളാല്‍ ഇടക്കിടെ തൊട്ടുരുമ്മും. അമിതമായ സ്നേഹപ്രകടനം. പ്രായശ്ചിത്തം. അതോ, പ്രേതബാധയേറ്റ ആത്മാക്കള്‍ ചോരകുടിക്കാനുള്ള ആര്‍ത്തിയോടെ ഇതിനെ ഒരു ചാരനായി ഇങ്ങോട്ട് പറഞ്ഞയക്കുന്നതായിരിക്കുമോ ?

ഒന്നുമറിയില്ല.

നെഞ്ചിന്റെയുള്ളില്‍ നിന്നും പേടിയുടെ ചിറകടിയാണ് നിത്യവും ഉയരുന്നത്. അപ്പോള്‍ അടക്കാനാവാത്ത കോപത്തോടെ ഒറ്റ തട്ടാണ്. ഫുഡ്‌ബോള്‍ മാതിരി മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ പോയി പൂച്ച നാല് കാലില്‍ വീഴും. അവിടെ നിന്നും എഴുന്നേറ്റ് മുരൾച്ചയോടെ ഒരു നോട്ടമുണ്ട്. ദഹിച്ചു പോകും. മറ്റു ചിലപ്പോള്‍ വാരിയെടുത്ത് സ്നേഹമസൃണമായി തലോടും. ഉറങ്ങിക്കിടക്കുന്ന പിതൃവാത്സല്യം ചേതനയില്‍ പിടഞ്ഞുണരും. എല്ലാ ദു:ഖവും ഭയവും നിരാശയും തുറന്നു പറയും. രാത്രികാലങ്ങളില്‍ ഇനിയൊരിക്കലും വന്നു പച്ചക്കണ്ണുകള്‍ മിഴിച്ചും മിന്നിച്ചും പേടിപ്പിക്കരുതേയെന്ന് ആണയിടീക്കും. അങ്ങനെയുള്ള ദിനങ്ങളില്‍ ഊണിനു മുന്നിലിരിക്കുമ്പോള്‍ ഒരുരുള കൂടുതല്‍ നല്‍കും. മൊരിഞ്ഞ മീനിന്‍റെ ഉടല്‍ഭാഗം അടര്‍ത്തി ആര്‍ത്തിയാര്‍ന്ന അതിന്‍റെ മുന്നിലേക്ക് ദയാവായ്പോടെ ഇട്ടു കൊടുക്കും.   

“ഇനിയെന്നെ പേടിപ്പിക്കില്ലല്ലോ..?”

“ഇല്ല”

ഉടമ്പടി ഒപ്പിടും.

രാത്രി കാലങ്ങളില്‍ പൂച്ച ഒരു ഡ്യൂഅല്‍ പേഴ്സനാലിറ്റി ആയി രൂപാന്തരം പ്രാപിക്കുന്നുണ്ടെന്നു തോന്നും. ചെലപ്പം അമിതമായ പൂച്ചപ്പേടി മൂലം ഉരുത്തിരിയുന്ന എന്റെ മാത്രം സംശയമായിരിക്കാം.

“അങ്ങനെ നോക്കുന്നതും പേടിപ്പിക്കുന്നതുമൊന്നും ഞാനല്ലല്ലോ...എന്നില്‍ കുടികൊള്ളുന്ന പ്രേതാത്മക്കളല്ലേ.. അവർ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ദൌത്യങ്ങള്‍ നടപ്പാക്കലാ ഞങ്ങടെ നിയോഗം. ഞാന്‍ വെറും പൂച്ചജന്മം.. അടുത്ത പിറവിയിലെങ്കിലും ചാരപ്പണി ചെയ്യാത്ത മനുഷ്യരായാല്‍ മതിയായിരുന്നു..”

പൂച്ച കരയും. കാരണം അതിനു ചിരിക്കാന്‍ അറിയില്ലല്ലോ. എന്നെ നോക്കി എന്തോ നിശബ്ദമായി മന്ത്രിക്കുന്നത് മാതിരി തോന്നിക്കും.  

“സാരമില്ല...സാരമില്ലെടീ... നീ ചിലപ്പോള്‍ എന്‍റെ പ്രണയിനി കൂടിയാണ്...അതിനാലാണല്ലോ മുത്തശ്ശിയുടെ ഉറക്കപ്പായയില്‍ മൂത്രമൊഴിച്ചതിന് ഔട്ടായപ്പോള്‍ രക്ഷകയായി വന്ന് കൂടെ കിടന്നത്...”

അതിന്‍റെ കണ്ണിലപ്പോള്‍ പ്രേമത്തിന്റെ നിലാവ് ഉദിക്കും. അമൃതധാര പോലെ എന്നിലേക്കത് ഒഴുകിയെത്തും. അതെന്റെ ദേഹത്ത് മൃദുവായി ചുംബിക്കും. ഒരു മദഗന്ധം ഒലിച്ചിറങ്ങി, ചുറ്റും പടരും. അപ്പോള്‍, കൈകള്‍ പിണച്ച് പിൻകഴുത്തിലൂടെ...

“അ..മ്മേ..”

അണ്ഡകടാഹം കിടുങ്ങും. അതൊരു വെറും സ്വപ്നമല്ല. സത്യമായും ആ കരിമ്പൂച്ച എന്റെ ചുടുചോര ഊറ്റിക്കുടിക്കാന്‍ ഒരുമ്പെടുകയാണ്...അതെന്നെ ചുംബിക്കാന്‍ മുതിര്‍ന്നപ്പോള്‍ മുഖത്തേക്കടിച്ച ഉന്മാദഗന്ധം. അതാണ് അതിന് നമ്മെ മയക്കാനുള്ള മറുമരുന്ന്. ആ  മാസ്മരികത പിന്നെ ചുറ്റും ആളിപ്പടരും. പേരറിയാത്ത ഒരു രോമാഞ്ചം സിരകളിലൂടെ പായും. 'എനിക്കില്ലാതെ പോയ എന്റെ പ്രിയ കാമിനി നീയാണ് ' - ഞാനതിന്റെ കാതില്‍ പ്രണയ പാരവശ്യത്തോടെ ഉരുവിടും.

“എന്താടാ പാതിരാത്രിക്ക് കുത്തിയിരുന്ന് പിച്ചും പേയും പറയുന്ന്‍..?”

എപ്പോഴോ മുകളിലേറിയ ക്രൂദ്ധമായ നാലു കണ്ണുകള്‍ ഏണിപ്പടിയുടെ ഏറ്റവും മുകളിലെ തട്ടിൽ നിന്നും എന്നെ ഉറ്റുനോക്കുകയാണ്. അപ്പോൾ വീണ്ടും പേടിച്ചരളും. കുറച്ചു മുമ്പ് മുഴക്കിയ നിലവിളിയുടെ ഉറവിടം തേടി പടി കയറി യെത്തിയിരിക്കയാണ് മുത്തശ്ശിയും കുഞ്ഞമ്മയും.

“ഞങ്ങള്‍ വിചാരിച്ചു ആ കരിമ്പൂച്ച നിന്‍റെ കഥ കഴിച്ചൂന്ന്..”

അവരുടെ കണ്ണുകളില്‍ നിന്നും അപ്പോൾ  തീപ്പൊരി പറക്കും. അവരിരുവരും അടിക്കടി കത്തിപ്പടരുകയാണ്, കോപത്തീയില്‍.

പേടി മൂലം ദേഹമാസകലം ഉടുമുണ്ട് വാരിപ്പുതച്ച്, ശ്വാസമടക്കി ഞാനപ്പോൾ   അട്ടയെപ്പോലെ ചുരുളും.   

“നായി..”

അവരുടെ അവസാനത്തെ കുര അങ്ങനെയായിരുന്നു.

കോണിയിലെ ഞരക്കം അകന്നകന്നു പോകും.

അതെ പണ്ട് ഒരു നായ എനിക്കുമുണ്ടായിരുന്നു. സ്നേഹം കൊണ്ട് അതുമെന്നെ വീര്‍പ്പു മുട്ടിച്ചു. മനുഷ്യസ്നേഹം കുറയുമ്പോഴാണ് നാം മൃഗങ്ങളോട് കൂടുതല്‍ അടുക്കുന്നതും കൂട്ടുപിടിക്കുന്നതും. ആ കൊടിച്ചിപ്പട്ടി  ഏതു നേരവും കൂടെ നടക്കും. കിടക്കും. കളിക്കും. എന്തിനു സ്കൂള്‍ വിട്ട് വരുന്ന വഴിയില്‍ കിലോമീറ്ററോളം താണ്ടിയെത്തി കാട്ടിൽ കാത്ത് കുത്തിയിരിക്കും.   അവളുടെ കുലധര്‍മത്തോടുള്ള കൂറ് മൂലം ‘പാട്ടി’ എന്ന് നീട്ടിയൊരു വിളിപ്പേരിട്ടു.  എന്നെ കണ്ടു കഴിഞ്ഞാല്‍ അതിന്‍റെ സ്നേഹപാരവശ്യം പിന്നെ വിവരണാതീതം. ചെലപ്പം കുറ്റിക്കാടിന്റെ മറവില്‍ നിന്നും കുറ്റാന്വേഷകന്റെ ചാതുരിയോടെ മുന്നിലേക്ക് ചാടി വീഴും. എന്നിട്ട് വഴി മുടക്കി “ഇന്ന് നീ എന്താ വരാന്‍ വൈക്യേ” എന്നതിന്  കാരണം ആരായും. ഭാരമേറിയ സ്കൂള്‍ ബാഗ് കഴുത്തില്‍ തൂക്കിയിട്ട്  വേഗം മുന്നില്‍ നടക്കും. തിടമ്പേറ്റിയ ഒരു കൊമ്പന്റെ വമ്പായിരുക്കുപ്പോള്‍. ബാഗ് തിരിച്ചു കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഓടിച്ചെന്ന് മുന്നില്‍  നില്‍ക്കും. എന്നിട്ട് ബാഗ് അവിടെ ഇറക്കി വെച്ച് പട്ടിയെപ്പോലെ കിതയ്ക്കും.

കുസൃതിത്തരങ്ങള്‍ അതിന്‍റെ പാരതമ്യത്തില്‍ കത്തി നില്‍ക്കുന്ന ഒരു വരണ്ട വേനല്‍ക്കാലമായിരു ന്നത്.  പുറം പണികള്‍ ഒതുക്കി മൂവന്തിക്ക് വിസ്തരിച്ച് നീരാടാന്‍ അടുത്ത പറമ്പിലെ കുളക്കരയിലേക്ക് നടക്കുമ്പോള്‍ പാട്ടി ഓടി വന്നെന്നെ പിന്നിൽ നിന്നും നക്കി. പിന്നെ, പിന്‍തുടയില്‍ ശക്തിയായി കടിച്ചു. ആ കടിക്ക് തമാശയില്‍ കവിഞ്ഞ ആക്കമുണ്ടായിരുന്നു. തൊട്ടു നോക്കിയപ്പോള്‍ നന്നായി ചോര കിനിയുന്നു. കടച്ചിലാണെങ്കില്‍ അസഹനീയം. മനസ്സ് വല്ലാതെ നൊന്തു. ഓല മടൽ വലിച്ചെടുത്ത് സങ്കടത്തോടെ പാട്ടിയെ നന്നായി പൂശി. അതു വീണുരുണ്ട് പുളഞ്ഞ് നിലവിളിച്ചു. ബഹളം കേട്ട് കുളിച്ചു കൊണ്ടിരുന്ന പെണ്‍പടകള്‍ ഓടിയെത്തി. അവരുടെ മുന്നില്‍ വെച്ചുള്ള ആ പ്രഹരം    പാട്ടിക്ക് വലിയ ചമ്മലായെന്നു തോന്നുന്നു. കൂടുതല്‍ ക്രുദ്ധയായി ഇരച്ചു ചാടി, ഞാന്‍ ഉടുത്തിരുന്ന തോര്‍ത്ത് മുണ്ട് പറിച്ചെടുത്ത് അമർഷത്തോടെ കടിച്ചു കീറി. അടുത്ത ചാട്ടത്തിന്റെ ആക്കത്തില്‍ ഞാന്‍ പിന്നോക്കം മറഞ്ഞു. പാട്ടിയുടെ ചെയ്തികള്‍ അതിരുകള്‍ ലംഘിക്കാന്‍ തുടങ്ങി. അതു കണ്ടു നിന്ന പെണ്ണുങ്ങള്‍ അവരുടെ നാണവും മാനവും മറന്ന് എന്നെ രക്ഷിച്ചെടുക്കാന്‍ സഹായിച്ചു. എനിക്ക് ചുറ്റും നനഞ്ഞൊട്ടി നില്‍ക്കുന്ന പെണ്ണുങ്ങള്‍ കൂട്ടത്തോടെ അലമുറയിട്ടു. അപ്പോള്‍ അവര്‍ക്ക് നേരെയും അതു കുരച്ചു ചാടി. അതിലൊരുവളുടെ പാവാട വലിച്ചൂരിക്കീറി,  വിടനെപ്പോലെ പിന്നാലെ പാഞ്ഞു. ആ തക്കത്തിനു ഞാന്‍ അടുത്തുള്ള കവുങ്ങില്‍ പാഞ്ഞു കയറി. മേലാസകലം  ഉരഞ്ഞു നീറി വിറ കൊള്ളുന്നുണ്ടായിരുന്നു.

പാട്ടിയെ പെണ്ണുങ്ങളെല്ലാം ചേര്‍ന്ന് തല്ലിക്കൊന്ന് കുഴിച്ചു മൂടിയ കാര്യം പിന്നീടാണ് അറിയുന്നത്. പനിയായിരുന്നു. ബോധമില്ലായിരുന്നു. പേടിപ്പനി. പിച്ചും പേയും പറഞ്ഞു. ബോധം ഇടക്കിടെ മറഞ്ഞു. പാട്ടിയുടെ പിരാന്ത് തനിക്കും പകര്‍ന്നെന്ന് നാട്ടില്‍ പാട്ടായി. അധികം താമസിയാതെ ഇനി പാട്ടിയുടെ അതേ ഭാവഹാവാദികളോടെ താനും കാലപുരിയണയുമെന്ന് മുന്‍വിധി എഴുതി. എങ്ങനെയോ രക്ഷപ്പെട്ടു. ആയുസ്സിന്റെ ബലം. അക്കാലത്തും നല്ല വൈദ്യന്മാര്‍ നാട് അടക്കി വാണിരുന്നു.

അങ്ങനെ എന്‍റെ പേടിയുടെ ആക്കം കൂടി. പാട്ടി രാക്കാല സ്വപ്നങ്ങളില്‍ സ്ഥിര സാന്നിധ്യമായി. മിക്ക രാത്രി കളിലും തലങ്ങും വിലങ്ങും കടിച്ചു കീറി. വെല്ലുവിളിയോടെ ഓരിയിട്ടു.

അങ്ങനെയിരിക്കെയാണ് എന്‍റെ കരിമ്പൂച്ചയെ കാണാതാവുന്നത്. അതും മുത്തശ്ശി തീപ്പെട്ടതിന്റെ പിറ്റേ ദിവസം. തിരക്കിനിടയില്‍ അക്കാര്യം അധികമാരും കാര്യമാക്കിയില്ല. കുറുക്കന്‍ പിടിച്ചെന്നും എന്തോ അനര്‍ത്ഥ  ശബ്ദങ്ങള്‍ അസമയത്ത് കേട്ടെന്നും ആരോ പറഞ്ഞു.

എന്തായാലും സഞ്ചയന ദിവസം കര്‍മത്തിനായി ശ്മശാനത്തില്‍ ചെല്ലുമ്പോള്‍ പൂച്ച ഈച്ചയാര്ത്ത് അവിടെ ചത്തുകിടപ്പുണ്ടായിരുന്നു, മുത്തശ്ശിയുടെ  കാല്‍ക്കീഴില്‍ സാഷ്ടാംഗം നമസ്ക്കരിച്ച് !

ഇനിയും ഏതോ വലിയ വിപത്തിന്റെ തുടക്കമാണെന്ന് ജ്യോതിഷകൾ പറഞ്ഞു. അങ്ങനെ, തറവാട്ടിലെ കരിമ്പൂച്ചയ്ക്കും വേണ്ടി വന്നു പ്രത്യേക  ദുഷ്കര്‍മങ്ങള്‍.    

എന്തോ എന്നറിയില്ല, പിന്നീട് സ്വപ്‌നങ്ങൾ തീരെയില്ലാതായി. ഒരു കിനാവ് വീണു കിട്ടിയിട്ടും കണ്ടിട്ടുമെത്ര കാലമായി എന്ന് തീവ്രമായി മോഹിച്ചു. മുത്തശ്ശിയുടെ ആണ്ടുബലിക്കെങ്കിലും മുട്ടനൊരെണ്ണം പ്രതീക്ഷിച്ചതാണ്. ന്ഹും . ഒന്നുമുണ്ടായില്ല.

ഇനി പറവകളുടെ രൂപത്തിലായിരിക്കുമോ പുതിയ അനര്‍ഥങ്ങള്‍ പറന്നേറുക ?  അറിയില്ല. സ്വപ്‌നങ്ങള്‍ ചെലപ്പോള്‍ പൂര്‍ത്തീകരിക്കാത്ത കെട്ടുപാടുകളുടെ ഉയിര്ത്തെഴുന്നേല്‍പ്പായിരിക്കും.  ജീവിതത്തിലെ സുഖവും ദു:ഖവുമെന്ന പോലെ നല്ലതും ചീത്തയുമായ കുറേ വിരോധാഭാസങ്ങള്‍ എന്തായാലും നമുക്കിടയില്‍ ഇന്നും അനാവശ്യമായി നടമാടുന്നുണ്ട് !

ഒരു നല്ല സ്വപ്നവും പ്രതീക്ഷിച്ച് അക്ഷമയോടെ കണ്ണടച്ച് കിടന്നു, എങ്ങനെയെങ്കിലും ഒന്ന് നേരം വെളുപ്പിക്കാന്‍. കനവുകള്‍ ഇല്ലാത്ത ജീവിതം എത്ര വിരസമാണെന്ന് അറിയുന്നു. ആധിയോടെ, അതിലേറെ വേവലാതിയോടെ.

 

~ മുയ്യം രാജന്‍

OTHER SECTIONS