പുരുഷമതം

മതങ്ങളെ ദൈവമായാരാധിയ്ക്കും മനുഷ്യർക്കു വേണ്ടി ഞാൻ കുറിച്ചിടുന്നു

author-image
Binoj Nair
New Update
പുരുഷമതം

മതങ്ങളെ ദൈവമായാരാധിയ്ക്കും

മനുഷ്യർക്കു വേണ്ടി ഞാൻ കുറിച്ചിടുന്നു

വഞ്ചന പൂണ്ടുള്ള മതങ്ങൾ തന്റെ

വാസ്തവമോതുന്ന ഖണ്ഡകാവ്യം

സ്നേഹമേ മതമെന്ന് ചൊല്ലിയോതി

സാന്ത്വനമേകുന്ന മതപ്രഭുക്കൾ

ആർത്തിയോടിരകളെത്തേടിടുന്ന

ആട്ടുതോൽ ചുറ്റിയ കുറുനരികൾ

ചൊന്ന വാകിന്നിവർക്കെന്തു മൂല്യം

ചെയ്തികളെല്ലാമേ നേർവിരുദ്ധം

സ്നേഹവും സഹനവും സന്മാർഗ്ഗവും

സേവയും മാർഗ്ഗമെന്നുറച്ചു ചൊല്ലും

ലജ്ജയില്ലാതെയാദർശമെല്ലാം

ലംഘിച്ചു ന്യായങ്ങളും നിരത്തും

ബാഹ്യമായ് സന്മാർഗ്ഗി ചമഞ്ഞുകൊണ്ടേ

ബാലികാവേഴ്ചയിൽ രമിച്ചിടുന്നു

ഇരയെ നിന്ദിച്ചിടു,ന്നെന്തു കൊണ്ട്

ഇറങ്ങിയോടിയില്ലെന്നു ചൊല്ലി

വെളിയിൽ പറഞ്ഞാലൊരു ശിക്ഷയായി

വ്യഭിചാരിണിയെന്ന പേരുനല്കും

പിഞ്ചിളം കണ്ണുകൾ തുറക്കും മുമ്പേ

പെറ്റമ്മയിൽനിന്നടർത്തി മാറ്റി

നിർദ്ദയം സ്വന്തമാചോര കൊണ്ട്

നിറയ്ക്കുന്നൂ അനാഥമന്ദിരങ്ങൾ

ദേവദൂതർ തന്റെ പാപഭാരം

ദൈവമല്ലാതിനിയാരതേറ്റും

ആണധികാരത്തോടേറ്റുമുട്ടാൻ

ആയുന്ന നാരിയെ പുറത്തു നിർത്തും

ദൈവത്തെയെല്ലാമേ നൊന്തുപെറ്റ

ദേവിയ്ക്ക് ക്ഷേത്രത്തിലയിത്തമെന്തേ?

ആ ബിംബചൈതന്യ,മോർത്തുകൊൾക

ആ നെഞ്ചിലെ മുലപ്പാല് തന്നെ!

ആർത്തവം പാപമെന്നുറച്ചു ചൊല്ലും

ആണിനോടോതുവാനിത്ര മാത്രം

തന്നെ ചുമന്നോരു ഗർഭപാത്രം

തീണ്ടാനറയ്ക്കുന്ന നന്ദികേടേ!

പൂവിനെ വിട്ടൊഴിഞ്ഞെങ്കിലുമാ

പൂവൊന്നു ചാരെയില്ലാതെ പോയാൽ

മന്ദസമീരനിലലിഞ്ഞു തീരും

മണമത്രേ നിങ്ങളെന്നോർത്തു കൊൾക!

വാത്സല്യമോടെയന്നമ്പാടിയിൽ

വത്സനെയൂട്ടിയ മാതൃസ്നേഹം

നാരിയെ വിലക്കിയ ശ്രീകോവിലിൽ

നേദ്യമുണ്ണുമ്പോൾ മറന്നുപോയോ

തണുത്തുറച്ചുള്ളോരു രാവിലമ്മ

തൊഴുത്തുപോലും പുഷ്പതല്പമാക്കി

നെഞ്ചിലെ ചൂടും പകർന്നുനല്കി

നന്ദൻ്റെയുടലിനു കാന്തിയേകി

പുരുഷന്റെയൊറ്റിനു പാത്രമായി

പുരുഷനാൽ പീഡിതഗാത്രനായി

കുരിശിൽക്കിടന്നന്നു പിടയുമ്പോഴും

കരയുവാനമ്മയതൊന്നു മാത്രം

ഓമനിച്ചൂട്ടിയ കൈകളേക്കാൾ

ഒറ്റിന്റെ കറയുള്ള കൈകളെന്തേ

കുർബാന നല്കാനുയർന്ന നേരം

കർത്താവിനും പ്രിയമായിടുന്നു

ഭാര്യയെ തല്ലിയടക്കി നിർത്താൻ

ഭർത്താവിനധികാരമുണ്ടു പോലും!

പുരുഷനു പരസ്ത്രീ ബന്ധമാവാം

പെണ്ണിന് ഭർത്താവതൊന്നു മാത്രം

ആണിന്റെ ബുദ്ധിയോടൊത്തു നില്ക്കാൻ

അംഗനയൊന്നല്ല രണ്ടു വേണം

ലിംഗസമത്വത്തെ ഹനിയ്ക്കുമേവം

ലജ്ജയില്ലാതെ മതപുസ്തകങ്ങൾ

പുത്രന്റെ മേന്മയെ വാഴ്ത്തിടുന്ന

പുരാണങ്ങൾ പാടുന്നു സ്ത്രീവിരോധം

ആൺതരിയ്ക്കായി തപസ്സു ചെയ്യും

ആഹാരമില്ലാതെ നോമ്പെടുക്കും

നെഞ്ചിലെ തേൻ പകർന്നാശയോടെ

നന്മകൾ ചൊല്ലി വളർത്തുമമ്മ

ആയോധനവിദ്യയഭ്യസിച്ച്

അടരിനൊരുമ്പെടും പുത്രനെയോ

ഉള്ളു നീറുമ്പോഴുമനു ഗ്രഹിച്ച്

ഉൾക്കരുത്തോടെ പറഞ്ഞയയ്ക്കും

ഒടുവിലാകുരുക്ഷേത്രഭൂമിതന്നിൽ

ഓമനപുത്രന്റെ ചേതസ്സറ്റ

ഗാത്രം പുണർന്നു പരിതപിയ്ക്കും

ഗാന്ധാരിയാകുവാനുള്ള ജന്മം

ശാസ്ത്രമേ ദൈവമെന്നുള്ള സത്യം

ശാസനം ചെയ്യുമോരീയുഗത്തിൽ

ആണുങ്ങളും ആൺദൈവങ്ങളും

ആചാരമാക്കിയ സ്ത്രീനിന്ദയെ

മാറോടു ചേർത്തു കാത്താചരിയ്ക്കും

മാനിനിമാരിതു കേട്ടുകൊൾക!

നാരിയെ നിന്ദിയ്ക്കുമീ മതങ്ങൾ

നരകമേ നിങ്ങൾക്കു കാത്തുവയ്ക്കൂ

പുരുഷമതത്തിലെ മോക്ഷസ്വർഗ്ഗം

പുരുഷനു വേണ്ടിയുള്ളൊന്നു മാത്രം!

purushamatham malayalam poem