ശബരിമലയിലെ സ്ത്രീ പ്രവേശവും എതിർപ്പും

By Dipin Mananthavady.14 10 2018

imran-azhar

 

 

ബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയെ ഞാൻ എന്തു കൊണ്ട് അനുകൂലിക്കുന്നു ? വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അനുകൂലിക്കാത്തത് എന്തുകൊണ്ടാണ്? വായിച്ചും മനസ്സിലാക്കിയും ഇപ്പോഴും തിരിച്ചറിയുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നിലപാടിലേക്ക് എത്തിച്ചേർന്നത്. കോടതി വിധി കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് മാത്രം സ്വീകരിക്കാനേ സാധിക്കുമായിരുന്നുള്ളു.

 

1936ൽ തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തുന്നത് വരെ ശബരിമലയിൽ പ്രവേശിക്കാൻ എന്റെ പൂർവ്വപിതാക്കൾക്ക് സാധിച്ചിരിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. ശബരിമലയിൽ എന്നല്ല നാട്ടിലെ ഒരു അമ്പലത്തിലും 1936 വരെ അവർ കയറിയിരിക്കില്ല. സർക്കാറിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് മാത്രമാണ് 1936 ലെ ക്ഷേത്രപ്രവേശന വിളംബരം ബാധകമായിരുന്നത്. സ്വകാര്യക്ഷേത്രങ്ങളിൽ അപ്പോഴും അവർക്ക് ജാതിയിൽ താണവരായതിനാൽ പ്രവേശനം അനുവദിച്ചിരുന്നില്ല. 1936ൽ ക്ഷേത്രപ്രവേശന വിളംബരം മൂലം നിയമപരമായി ജാതിയിൽ താണവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചു. അപ്പോഴും എന്റെ പൂർവ്വികർ അമ്പലത്തിലേക്ക് പോകാൻ ധൈര്യപ്പെട്ടിരിക്കില്ല. കാരണം അത്ര ശക്തമായിരുന്നു അന്ന് ജാതിയിൽ മുന്തിയവരുടെ അധികാര കുത്തക. നിയമപരമായി ക്ഷേത്രത്തിൽ കയറാൻ അവകാശം സിദ്ധിച്ചെങ്കിലും അതുവരെ ആചാരമായും അനുഷ്ഠാനമായും നിലനിന്നിരുന്ന ജാതീയത പെട്ടെന്നൊരു സുപ്രഭാതത്തിൽ രാജാവിന്റെ തിട്ടൂരം വരുന്നതോടെ ഇല്ലാതായെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഉയർന്ന ജാതിക്കാരുടെ വെല്ലുവിളിയിൽ ജീവനേക്കാൾ വലുതല്ലല്ലോ അമ്പലത്തിൽ കയറുന്നതെന്ന ചിന്തയിൽ ജനാധിപത്യ കേരളം നിലവിൽ വരുന്നത് വരെ എന്റെ പൂർവ്വികർ ക്ഷേത്രത്തിൽ കയറാതെ കാത്തിരുന്നിട്ടുണ്ടാകാം. (ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന ഇന്നത്തെ ആക്രോശങ്ങൾക്ക് ഇത്ര ശക്തിയുണ്ടെങ്കിൽ തിരുവായ്ക്ക് എതിർവായില്ലാത്ത കാലത്തെ മൂർച്ച എനിക്ക് ഊഹിക്കാൻ സാധിക്കും) എന്തായാലും 1950ൽ ശബരിമലയിൽ വലിയ തീപിടുത്തമുണ്ടാകുകയും പ്രതിഷ്ഠക്ക് കേടുപാടു സംഭവിക്കുകയും ചെയ്ത കാലത്തൊന്നും എന്റെ പിതാമഹർ ശബരിമലയിൽ എത്തി തൊഴുതിരിക്കില്ല. പഴയ പ്രതിഷ്ഠ കാണാൻ അവകാശം നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പിൻഗാമിയാണ് ഞാൻ.

 

എന്തിനായിരുന്നു അന്ന് ജാതിയിൽ താണവർക്ക് ക്ഷേത്രപ്രവേശനം വിലക്കിയിരുന്നത്. അശുദ്ധി തന്നെയായിരുന്നു കാരണം. ജാതിയിൽ താണവർ തൊട്ടിട പഴകിയാൽ ദൈവീകതയും ദൈവീക പരിസരവും അശുദ്ധമാകുമായിരുന്നു. എങ്ങനെയാണ് ജാതിയിൽ താണവരുടെ ദൃഷ്ടിപതിഞ്ഞാൽ ദേവന്റെ ദൈവികത അശുദ്ധമാകുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. മുന്തിയ ജാതിക്കാരനെ അശുദ്ധനാക്കാതിരിക്കാൻ വഴിമാറി നടന്ന എന്റെ പൂർവ്വീകർക്ക് മനുഷ്യന്റെ അശുദ്ധിയുടെ അർത്ഥം മനസ്സിലാക്കാൻ സാധിച്ചിരിക്കില്ല. മനുഷ്യർക്ക് തന്നെ അശുദ്ധരായ ഞങ്ങളെക്കൊണ്ട് ദൈവം എങ്ങനെ അശുദ്ധനാകുമെന്ന് ചിന്തിക്കാനുള്ള യുക്തി അന്നവർക്ക് ഉണ്ടായിട്ടു തന്നെ ഉണ്ടാകില്ല. എന്തായാലും ഇത്തരം അശുദ്ധിയുടെയും മാറ്റി നിർത്തലിന്റെയും അപമാനത്തിന്റെയും ഏറ്റവും അപഹാസ്യമായ ജീവിതത്തിന്റെയും നൂറ്റാണ്ടുകൾ പിന്നിട്ട് എന്റെ പൂർവ്വികർ ശബരിമലയിൽ എത്തിയതിന് എന്റെ അച്ഛന്റെ പ്രായം പോലും ആയിട്ടുണ്ടാകില്ല. പിന്നെ എനിക്കെങ്ങനെ ശബരിമലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളുടെ പേരിൽ ഊറ്റം കൊളളാൻ കഴിയും. മാത്രമല്ല എന്റെ പൂർവ്വീകർക്ക് സാധ്യമായ ക്ഷേത്രപ്രവേശനത്തെ ആചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരിൽ ഇതുപോലെ എതിർക്കപ്പെട്ടിരുന്നല്ലോ എന്ന പഴയ ചരിത്രം ഓർമ്മിക്കുമ്പോൾ ഇപ്പോൾ എനിക്കെങ്ങനെയാണ് ആചാരവും പാരമ്പര്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാൻ സാധിക്കുക ?..

 

ഏതാണ്ട് എട്ടു പതിറ്റാണ്ട് മുമ്പ് വരെ യുക്തിപരമായ യാതൊരു അടിസ്ഥാനവുമില്ലാത്ത ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പാരമ്പര്യത്തിന്റെയും ബലത്തിൽ സൃഷ്ടിക്കപ്പെട്ട അശുദ്ധിയുടെ പേരിലാണ് എന്റെ പൂർവ്വീകർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നത്. എന്തായിരുന്നു അവർണ്ണന്റെ / ദളിതന്റെ /ആദിവാസിയുടെ അശുദ്ധിയെന്ന് ഇപ്പോഴും യുക്തിപരമായൊരു മറുപടി പറയാൻ ആർക്കും സാധിച്ചിട്ടില്ല. അതിന്റെ ഏക മറുപടി മനുസ്മൃതി മുന്നോട്ടുവയ്ക്കുന്ന ചാതുർവർണ്യമാണ്. ദളിതൻ ചാതുർവർണ്യത്തിനും പുറത്താണ്. എന്തായാലും മനുസ്മൃതിയുടെ യുക്തി എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

 

നൂറ്റാണ്ടുകളോളം അശുദ്ധിയുടെ പേരിൽ എന്റെ പൂർവ്വീകരെല്ലാം അനുഭവിച്ച അസമത്വത്തിനും ഉച്ചനീചത്വത്തിനും ഒരു ന്യായീകരണവുമില്ല. കാലമാണ് ഇതിന് മാറ്റം വരുത്തിയത്. സമാനമായ രീതിയിൽ ചിന്തിക്കുമ്പോൾ ശബരിമല പ്രവേശനത്തിന് സ്ത്രീകളിൽ ആരോപിക്കപ്പെടുന്ന അശുദ്ധിക്കും യുക്തിപരമായ ഏതെങ്കിലും അടിസ്ഥാനമുള്ളതായി എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. യുക്തിപരമല്ലാത്ത ഒരു ശീലത്തെ ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ ന്യായീകരിക്കാനിറങ്ങിയാൽ ഞാൻ എന്റെ ചരിത്രത്തെയും എന്റെ പൂർവ്വീകർ അനുഭവിച്ച അനീതിയെയും മറക്കുന്നതിന് തുല്യമായിരിക്കും.

 

ഇന്ന് ചരിത്ര ബോധമില്ലാതെ ആചാരത്തേയും അനുഷ്ഠാനത്തേയും പാരമ്പര്യത്തേയും സംരക്ഷിക്കണമെന്ന് പറഞ്ഞ് തെരുവിൽ ഇറങ്ങിയാൽ ഭാവിയിലും അതേ തെറ്റ് ആവർത്തിക്കേണ്ടി വരുമെന്ന് ഭയപ്പെടുന്നു. കാല പ്രവാഹത്തിൽ ശബരിമലയിലെ തന്ത്രിയായി ഒരു ദളിതനോ / അവർണ്ണനോ വരുന്നത് ഞാൻ സ്വപ്നം കാണുന്നുണ്ട്. ഒരു പക്ഷെ അന്നും ആചാരവും അനുഷ്ഠാനവും ഗോഗ്വാ വിളിച്ച് തെരുവിൽ ഇറങ്ങിയേക്കാം. ഇന്ന് ഈ ഗോഗ്വാ വിളികളെ ന്യായീകരിച്ചാൽ അന്നെനിക്ക് തല കുനിച്ച് നിൽക്കേണ്ടി വരും എന്റെ മന:സാക്ഷിക്ക് മുമ്പിൽ, ജീവിതകാലം മുഴുവൻ അശുദ്ധിയുടെ പേരിൽ തലകുനിച്ച് ജീവിക്കേണ്ടി വന്ന എന്റെ പൂർവ്വീകർക്ക് മുമ്പിൽ..

 

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയെ ഞാൻ എന്തു കൊണ്ട് അനുകൂലിക്കുന്നു? വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അനുകൂലിക്കാത്തത് എന്തുകൊണ്ടാണ്? എന്ന ചോദ്യങ്ങൾക്ക് ചരിത്രത്തെയും പൂർവ്വികരുടെ അനുഭവത്തെയും ചേർത്തു പിടിച്ചു മാത്രമേ മറുപടി പറയാൻ സാധിക്കുകയുള്ളു. തീർച്ചയായും ഈ മറുപടിയിൽ രാഷ്ട്രീയമുണ്ട്. അത് ഒരിക്കൽ അടിച്ചമർത്തപ്പെട്ടു ജീവിച്ചിരുന്ന ഒരു ജനതയുടെ സാമൂഹ്യപുരോഗതിയിൽ നിന്നും ആർജ്ജിച്ചെടുത്ത രാഷ്ട്രീയ ബോധ്യമാണ്.

 

 

 

 

OTHER SECTIONS