ഗുരുദേവനും ടാഗോറും മനുഷ്യത്വത്തിന്റെ മുഖമുദ്രകള്‍: ബിദ്യുത് ചക്രബര്‍ത്തി

By Web Desk.15 11 2022

imran-azhar

 

ശിവഗിരി: ശ്രീനാരായണഗുരുദേവനും രബീന്ദ്രനാഥ ടാഗോറും മനുഷ്യത്വത്തിന്റെ മുഖമുദ്രകളാണെന്ന് വിശ്വഭാരതി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ബിദ്യുത് ചക്രബര്‍ത്തി. ഈ പ്രപഞ്ചമാണ് ഇരുവരുടെയും കാവ്യകൗതുകത്തിനാധാരം. ശ്രീനാരായണഗുരു അദ്ധ്യാത്മികതയിലൂടെ മനുഷ്യത്വത്തെ സാക്ഷാത്കരിച്ചപ്പോള്‍ ടാഗോര്‍ അതു കാവ്യാത്മകതയിലൂടെ നിര്‍വ്വഹിക്കുകയാണുണ്ടായത്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ഷിച്ചതിന്റെ ശതാബ്ദിയാഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സിലര്‍. ഗുരുദേവന്റെ ദര്‍ശനം പ്രചരിപ്പിക്കുന്നതിലും ഈ മഹത്തുക്കളുടെ സ്മരണ നിലനിര്‍ത്തുന്നതിനും വിശ്വഭാരതി സര്‍വ്വകലാശാല കഴിയുന്നതൊക്കെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ മുഹൂര്‍ത്തമാണിതെന്നും രണ്ട് മഹാത്മാക്കളുടെ സംഗമം ശിവഗിരിയില്‍ നടന്നതിന്റെ സ്മരണ പുതുക്കല്‍ ശിവഗിരി മഠത്തിന്റെ പ്രതീക്ഷകള്‍ക്കപ്പുറമാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

 

സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും കവിയുമായ വി.പി. ജോയി മുഖ്യപ്രഭാഷണം നടത്തി. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പ്രസംഗിച്ചു.

 

സച്ചിദാനന്ദ സ്വാമി രചിച്ച ടാഗോര്‍ ഗുരുസന്നിധിയില്‍ എന്ന ഗ്രന്ഥം ബിദ്യുത് ചക്രവര്‍ത്തി വി.പി. ജോയിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

 

 

OTHER SECTIONS