മതവികാരം വ്രണപ്പെടുത്തി: നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരെ കേസ്

By Shyma Mohan.11 Jun, 2018

imran-azhar


    ബുധ്ഹാന: ഫേസ്ബുക്ക് പോസ്റ്റ് വഴി മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരെ കേസ്. മുസാഫര്‍ നഗറിലെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകന്‍ ഭാരത് താക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന്‍ അയാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ദൈവത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാണ് പരാതിക്കാരന്‍ അയാസുദ്ദീനെതിരെ ആരോപിച്ചത്. അതേസമയം ഭഗവാന്‍ ശിവന്റെ മോശം ചിത്രം തന്റെ ഫേസ്ബുക്കില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്യുകയാണ് ഉണ്ടായതെന്നും ഇത്തരം ചിത്രം പോസ്റ്റ് ചെയ്യരുതെന്നും ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് താന്‍ ചിത്രത്തിന് കമന്റ് ചെയ്യുകയാണ് ഉണ്ടായതെന്നും അയാസുദ്ദീന്‍ പറയുന്നു. തനിക്കെതിരെയുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും അയാസുദ്ദീന്‍ പറയുന്നു. മുസാഫര്‍ നഗറിലെ ബുധ്ഹാനയില്‍ താമസിക്കുന്ന നവാസുദ്ദീനെയും സഹോദരനെയും 2016ല്‍ ബുധ്ഹാനയില്‍ സംഘടിപ്പിച്ച രാംലീല പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ശിവസേന പ്രവര്‍ത്തകര്‍ വിലക്കിയിരുന്നു. ഇരുവരും മുസ്ലീം എന്ന കാരണത്താലായിരുന്നു വിലക്ക്.

OTHER SECTIONS