മനസ്സിന്റെ താഴ്‌വരയിൽ ദേവദാരു വിരിയിച്ച കവി യാത്രയായി ; ചുനക്കര രാമന്‍കുട്ടിക്ക് വിട

By online desk .13 08 2020

imran-azhar

 തിരുവനന്തപുരം; പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. സംസ്കാരം ഇന്ന്. ചുനക്കര കാര്യാട്ടിൽ കുടുംബാംഗമാണ് ഇദ്ദേഹം. വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്നു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര രാമൻകുട്ടി പ്രശസ്തി നേടിയത്. വിവിധ നാടക സമിതികൾക്ക് വേണ്ടി നൂറുകണക്കിനു ഗാനങ്ങൾ എഴുതി. 1978‌–ൽ ‘ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യ ഗാനം എഴുതിയത്.

 

എങ്ങനെ നീ മറക്കും എന്ന ചിത്രത്തിന് വേണ്ടി ദേവദാരു പൂത്തു എൻ മനസ്സിന് താഴ്‌വരയിൽ എന്ന ഗാനത്തിന്റെ രചന നിർവഹിച്ചത് ചുനക്കര രാമൻകുട്ടിയാണ്. തുടർന്ന്, ശ്യാമമേഘമേ നീ, ദേവീ നിൻ രൂപം ,സിന്ദൂരത്തിലകവുമായ് , ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങൾ ചുനക്കര രാമന്കുട്ടിയുടെ തൂലികയിൽ പിറന്നു.

 

1936 ജനുവരി 19-ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായി ജനിച്ച രാമൻകുട്ടി പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. പിന്നീട് ആകാശവാണിയിൽ പാട്ടെഴുതാനുള്ള അവസരങ്ങൾ അദ്ദേഹത്തെ ലഭിച്ചു. ആകാശവാണിയിലെ റേഡിയോ അമ്മാവൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി.ഗംഗാധരൻ നായരുമായുള്ള പരിചയമാണ് ആകാശവാണിയിലേക്ക് ചുനക്കരയെ എത്തിച്ചത്. ആകാശവാണിക്കായി ചുനക്കര രാമൻകുട്ടി രചിച്ച ലളിതഗാനങ്ങൾക്ക് ആരാധകരേറെയായിരുന്നു. പിന്നീട് നാടകവേദികളിലും സജീവ സാന്നിധ്യമായി അദ്ദേഹം സജീവമായി. ഒട്ടേറെ നാടക ഗാനങ്ങളും അദ്ദേഹം രചിച്ചു.

 

2015 ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ചുനക്കര രാമന്കുട്ടിയെത്തേടിയെത്തി. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി, മരുമക്കൾ : സി.അശോക് കുമാർ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ), പി.ടി.സജി ( മുംബൈ റെയിൽവേ ), കെ.എസ്. ശ്രീകുമാർ (സിഐഎഫ്ടി).

 

 

OTHER SECTIONS