ഭരത വിസ്മയത്തിന് ഓർമ്മപ്പൂക്കൾ; സംവിധായകൻ ഭരതൻ വിടപറഞ്ഞിട്ട് 22 വർഷം

By online desk .30 07 2020

imran-azhar

 

 


വെള്ളിത്തിരയിൽ വർണ്ണക്കൂട്ടുകളുടെ ഭാവാത്മകത വിരിയിച്ച പ്രിയപ്പെട്ട കലാകാരൻ ഭരതൻ വിടപറഞ്ഞിട്ട് 22 വർഷം പൂർത്തിയാകുന്നു. കലാമികവുള്ള 40സിനിമകളുടെ സമ്പന്നത കൊണ്ട് മലയാള സിനിമയിൽ അനശ്വരമായ ഇടം തീർത്ത സംവിധായകനായിരുന്നു ഭരതൻ. സംഗീതത്തിന്റെയും ദൃശ്യാത്മകതയുടെയും വ്യത്യസ്ത ചലചിത്രഭാഷ നമുക്ക് സമ്മാനിച്ച അനശ്വര കലാകാരന്റെ ഓർമ്മയ്ക്ക് മുമ്പിൽ കലാകൗമുദിയുടെ ഓർമ്മപ്പൂക്കൾ....

 

മനസ്സിൽ വരച്ചെടുത്ത നിറച്ചാർത്തുകളുടെ വശ്യതയായിരുന്നു തന്റെ സിനിമകളിൽ ഭരതൻ പ്രേക്ഷകർക്കായി കാത്തുവച്ചത്. ചിത്രകാരൻ കൂടിയായ സംവിധായകൻ എന്നത് ഭരതൻ സിനിമകളുടെ ഫ്രെയിമുകളെ അത്രയേറെ സൗന്ദര്യാത്മകമാക്കിയിരുന്നു. വൈശാലി, താഴ്‌വാരം, തേവർമകൻ, ദേവരാഗം, വെങ്കലം, ചമയം, അമരം, പാഥേയം തുടങ്ങിയ സിനിമകളെല്ലാം ഭരതൻ എന്ന ചിത്രകാരന്റെ കൂടി കയ്യൊപ്പ് പതിഞ്ഞ സിനിമകളായിരുന്നു.

 

 

ഫൈൻ ആർട്സ് കോളേജിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ ഭരതൻ മലയാള സിനിമയുടെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാനായി മാറുകയായിരുന്നു. ഭരതൻ ചമച്ച ദൃശ്യാത്മകതയുടെ മൗലീകമായ ചലചിത്രഭാഷ കാഴ്ചക്കാർക്ക് ഇന്നും പുതുമയുളള അനുഭവമാണ്. സ്വന്തം സിനിമകളുടെ കലാസംവിധാനവും പോസ്റ്റർ ഡിസൈനും നിർവ്വഹിച്ചിരുന്ന അപൂർവ്വപ്രതിഭ കൂടിയായിരുന്നു ഭരതൻ.

 

 

1975ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ പ്രയാണത്തിലൂടെ ദേശീയ അവാർഡ് നേടിയാണ് ഭരതൻ സിനിമയിലേയ്ക്കുള്ള വരവറിയിച്ചത്. മികച്ച സംവിധായകനും മികച്ച കലാസംവിധായകനുമുള്ള സംസ്ഥാന അവാർഡുകളുടെ അപൂർവ്വതയും ഭരതന് സ്വന്തമാണ്. കമലാഹാസനും ശിവാജി ഗണേശനും അഭിനയിച്ച തേവർമകൻ മികച്ച ചലചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയിരുന്നു.

 

 

1998 ജൂലൈ മുപ്പതിന് ഭരതൻ ആകസ്മികമായി യാത്രപറഞ്ഞപ്പോൾ മലയാളിക്ക് നഷ്ടമായത് ഇനിയും ബാക്കിയായിരുന്ന കലാമികവിന്റെ ചലചിത്രകാവ്യങ്ങളായിരുന്നു. അനശ്വരമായ ഒരുപിടി സിനിമകൾ മലയാളിക്ക് ബാക്കി വച്ചാണ് അമ്പത്തിരണ്ടാമത്തെ വയസ്സിൽ ഭരതൻ വിടവാങ്ങിയത്.

 

 

 

OTHER SECTIONS