1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

By DM.12 Apr, 2017

imran-azhar

മോഹന്‍ലാല്‍ എന്ന താരത്തിന്റെ കടുത്ത ആരാധകരെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തൃപ്തിപ്പെടുത്തുന്നുണ്ട്. മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ പ്രായാധിക്യമുള്ള പിതാവ് മേജര്‍ സഹദേവനായും വ്യത്യസ്ത ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നു. 1971ലെ ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത മേജര്‍ സഹദേവന്റെ ഓര്‍മ്മകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

 

യു.എന്‍ സമാധാന സേനയുടെ ഭാഗമായി ജോര്‍ജ്ജിയയില്‍ തോളോട് തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്യുന്ന ഇന്ത്യാ-പാക് സൈനീകരുടെ സൗഹൃദത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. ഇന്ത്യന്‍ സംഘത്തിന്റെ തലവനായ മേജര്‍ മഹാദേവനും പാക്കിസ്ഥാന്‍ സംഘത്തിന്റെ തലവനും 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇരുവര്‍ക്കും ഇടയിലെ വൈകാരികതകള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഇവിടെ നിന്നാണ് 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത മേജര്‍ സഹദേവനും പാക്കിസ്ഥാന്‍കാരനായ മുഹമ്മദ് രാജയും സിനിമയുടെ കേന്ദ്രസ്ഥാനത്തേയ്ക്ക് വരുന്നത്.

 

ആദ്യപകുതിയിലെ കുടുംബ വൈകാരികതയുടെ രംഗങ്ങളില്‍ മുന്‍കാല മേജര്‍ രവി ചിത്രങ്ങളുടെ നിഴല്‍വീണ് കിടക്കുന്നത് ചെറിയ കല്ലുകടിയാകുന്നുണ്ട്. രണ്ടാം പകുതിയിലെ യുദ്ധ വൈകാരികതയുടെ തീവ്രത കൊണ്ട് ഇത് മറികടക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി വിജയിച്ചെന്ന് പറയാന്‍
സാധിക്കില്ല.

 

സംഭാഷണങ്ങള്‍ പലപ്പോഴും വിരസമാകുന്നത് സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. തിരക്കഥയുടെ ദൗര്‍ബല്യം സിനിമയില്‍ ഉടനീളം മുഴച്ച് നില്‍ക്കുന്നുണ്ട്.

 

യുദ്ധഭൂമിയില്‍ മുഖാമുഖം വരുമ്പോള്‍ അജ്ഞയ്ക്കനുസരിച്ച് കൊല്ലാനോ മരിക്കാനോ മാത്രം വിധിക്കപ്പെട്ട ഉപകരണങ്ങളാണ് സൈനീകരെന്ന് സിനിമ പറയുന്നുണ്ട്. രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വന്തം താല്‍പ്പര്യത്തിനായി സൈനീകരെ രണ്ട് അതിര്‍ത്തിക്കപ്പുറം ശത്രുക്കളാക്കി മാറ്റുമ്പോഴും എതിരാളിയാണെങ്കില്‍ കൂടി ഒരു സൈനീകന്റെ ധീരത തിരിച്ചറിയാനും അതിനെ ആദരിക്കാനും കഴിയുന്നവനാണ് യഥാര്‍ത്ഥ യുദ്ധവിജയി എന്നു കൂടി സിനിമ പറയുന്നുണ്ട്.

 

മുഹമ്മദ് രാജയുടെ വേഷം അവതരിപ്പിച്ച അരുണോദയ് സിംഗിന്റെ അഭിനയം മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. രഞ്ജി പണിക്കരും, സുധീര്‍ കരമനയും തങ്ങളുടെ ഭാഗം മനോഹരമാക്കിയപ്പോള്‍ അല്ലു സിരിഷിന് സ്‌ക്രീനിലെ സൗന്ദര്യ സാന്നിധ്യം മാത്രമായി ചുരുങ്ങിപ്പോയിട്ടുണ്ട്.

OTHER SECTIONS