അപ്രതീക്ഷിത അവാര്‍ഡില്‍ സന്തോഷം പങ്കിട്ട് അന്നബെന്‍, രണ്ടാം തവണയും അവാര്‍ഡ് തിളക്കം

By Greeshma padma.17 10 2021

imran-azhar

 


സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അന്നയെ തേടിയെത്തുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ വര്‍ഷം ഹെലന്‍ എന്ന ചിത്രത്തിന്റെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നടി നേടിയിരുന്നു.
2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അന്ന ബെന്‍ ആണ്.
കപ്പേളയിലെ അഭിനയമാണ് അന്ന ബെന്നിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

 

അപ്രതീക്ഷിതമായിരുന്നു ഈ അവാര്‍ഡെന്ന് അന്ന പറയുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അന്നയിപ്പോള്‍ ഉള്ളത്. അപ്രതീക്ഷിതമായി എത്തിയ സന്തോഷം സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം ആഘോഷിക്കുകയാണ് അന്ന.

അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു. പെട്ടെന്ന് വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നി. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഞാനിപ്പോള്‍ ഉള്ളത്. ഇവിടെ ലൊക്കേഷനില്‍ കപ്പേളയുടെ സംവിധായകന്‍ മുസ്തഫ ചേട്ടനുമുണ്ട്. ഞങ്ങള്‍ സെലിബ്രേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്, പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.


ജീവിതത്തില്‍ നിരവധി വിഷമ സന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌കരിച്ചതിനാണ് അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരെ പിന്തള്ളിക്കൊണ്ടായിരുന്നു അന്ന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.


വയനാട്ടിലെ ഒരു ഗ്രാമത്തിലെ ജെസ്സി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന കുടുംബത്തിലെ, കൂലിപ്പണിക്കാരനായ അച്ഛന്റെ മകളായ ജെസ്സി യാദൃശ്ചികമായി വിഷ്ണു എന്ന ചെറുപ്പക്കാരനുമായി ഫോണില്‍ കൂടി അടുക്കുന്നു.

തനി നാട്ടിന്‍പുറത്തുകാരിയായ, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത, കടല്‍ കണ്ടിട്ടില്ലാത്ത ജെസ്സി തന്റെ കാമുകനെ ആദ്യമായി കണ്ടു പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ ഒറ്റയ്ക്ക് ഒരു ദിവസം കോഴിക്കോട് പട്ടണത്തിലേക്കു ബസ് കയറുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് കപ്പേളയുടെ ഇതിവൃത്തം.

 

 

OTHER SECTIONS