'മൈ ഫോൺ നമ്പർ ഈസ് 2255' വിൻസെന്റ് ഗോമസ് അവതരിച്ചിട്ട് ഇന്നേക്ക് 33 വർഷം

By Sooraj Surendran .17 07 2019

imran-azhar

 

 

പ്രേക്ഷക മനസുകളിൽ എക്കാലത്തും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് തമ്പി കണ്ണന്താനം- മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന 'രാജാവിന്റെ മകൻ' എന്ന ചിത്രം. 1986 ജൂലൈ 17നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മലയാളികളുടെ പ്രിയ താരം മോഹൻലാൽ വിൻസെന്റ് ഗോമസായി നിറഞ്ഞാടിയിട്ട് ഇന്നേക്ക് 33 വർഷം തികയുന്നു. ചിത്രത്തിൽ വിൻസെന്റ് ഗോമസായി സംവിധായകൻ ആദ്യം മനസ്സിൽ കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ ഡേറ്റ് ലഭിക്കാതെ വന്നപ്പോൾ മോഹൻലാലിനെ നായകനാക്കുകയായിരുന്നു. മോഹൻലാൽ എന്ന നടനെ സൂപ്പർ താരം എന്ന പദവിയിലേക്ക് എത്തിക്കുന്ന കഥാപാത്രമായിരുന്നു വിൻസെന്റ് ഗോമസ്. ചിത്രത്തിൽ മോഹൻലാലിൻറെ മാനറിസങ്ങളും, മാസ് ഡയലോഗുകളും അന്നും, ഇന്നും, എന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞു നിൽക്കും. രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 33 ഇയേഴ്സ് ഓഫ് രാജാവിന്റെ മകൻ എന്ന ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയാണ്.

 

2255 ഹിറ്റായതെങ്ങനെ?

 

ചിത്രത്തിൽ ഏറ്റവുമധികം ഹിറ്റായ ഒരു ഡയലോഗാണ് 'മൈ ഫോൺ നമ്പർ ഈസ് 2255'. ഇത്തരത്തിലൊരു സിമ്പിൾ ഡയലോഗ് ഇത്രയുമധികം ഹിറ്റാകുമെന്ന് അണിയറപ്രവർത്തകർ ആരും തന്നെ കരുതിയിരുന്നില്ല. ഈ നമ്പർ കൃത്യമായി പ്ലാൻ ചെയ്തതല്ലെന്ന് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് പറയുന്നു. ഡയലോഗിനായി ഒരു ഫാൻസി നമ്പർ ആവശ്യമായിരുന്നുവെന്നും അങ്ങനെ 2255 തിരഞ്ഞെടുക്കുകയുമായിരുന്നുവെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞു. ഇപ്പോൾ മോഹൻലാൽ തന്റെ വാഹങ്ങൾക്കും 2255 എന്ന നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്.

 

കഥ കേൾക്കാതെ മോഹൻലാൽ റെഡി പറഞ്ഞു

 

ഡേറ്റിന്റെ പ്രശ്നം കാരണം മമ്മൂട്ടി സിനിമയിൽ നിന്നും ഒഴിവായതോടെ സ്വാഭാവികമായും സംവിധായകൻ തിരിഞ്ഞത് മോഹൻലാലിലേക്കാണ്. പത്മരാജന്റെ സെറ്റിലായിരുന്നു തമ്പി കണ്ണന്താനം ആദ്യമായി മോഹൻലാലുമായി കണ്ടുമുട്ടുന്നത്. കഥ പറയാൻ എപ്പോൾ വരണമെന്ന് ചോദിച്ചപ്പോൾ 'വേണ്ട കഥ കേൾക്കണ്ട. നിങ്ങളെ വിശ്വാസമാണ്. ഞാൻ റെഡി' എന്നായിരുന്നു മോഹൻലാലിൻറെ മറുപടിയെന്നും, ഇത് അക്ഷരാർത്ഥത്തിൽ തങ്ങളെ ഞെട്ടിച്ചുവെന്നും ഡെന്നീസ് ജോസഫ് പറയുന്നു. വളരെ പ്രതിസന്ധികൾക്കൊടുവിലാണ് തമ്പി കണ്ണന്താനം സിനിമ പൂർത്തിയാക്കിയത്. കാർ വരെ വിൽക്കേണ്ട അവസ്ഥ ഉണ്ടായി. ജനങ്ങൾ ഇപ്പോഴും ചിത്രത്തെ നെഞ്ചോട് ചേർത്ത് നിർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും ഡെന്നീസ് ജോസഫ് പറഞ്ഞു.

OTHER SECTIONS