കാമുകിയെ മര്‍ദ്ദിച്ച ബോളിവുഡ് താരം അറസ്റ്റില്‍

By Shyma Mohan.12 Jun, 2018

imran-azhar


    മുംബൈ: കാമുകിയും ലിവ് ഇന്‍ പാര്‍ട്ണറുമായ നീരു രണ്‍ധാവയെ മര്‍ദ്ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍മാന്‍ കോഹ്‌ലിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
    അര്‍മാന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്ക് വിധേയമായ ശേഷം ചികിത്സയില്‍ കഴിഞ്ഞുവരുന്ന നീരുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സാന്റാക്രൂസ് പോലീസ് ജൂണ്‍ 3ന് അര്‍മാനെതിരെ കേസെടുത്തിരുന്നു. 326, 04, 506 വകുപ്പുകള്‍ ചുമത്തി അര്‍മാനെതിരെ ചുമത്തിയിട്ടുള്ളത്. അര്‍മാന്റെ വില്ലയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് വാഗ്വാദത്തിലേക്കും പിന്നീട് മര്‍ദ്ദനത്തിലേക്കും വഴിവെച്ചത്. നീരുവിന്റെ മുടിയില്‍ പിടിച്ച് ഇയാള്‍ തറയില്‍ തലയിടിക്കുകയും പിന്നീട് തള്ളിയിടുകയായിരുന്നെന്നും സ്റ്റെയറില്‍ വീണ നീരുവിന്റെ തല ഇടിച്ച് പരിക്കേറ്റെന്നുമാണ് പരാതി. സംവിധായകന്‍ രാജ്കുമാര്‍ കോഹ്‌ലിയുടെ മകനായ അര്‍മാന്‍ 1992ല്‍ പുറത്തിറങ്ങിയ വിരോധി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 2015ല്‍ പുറത്തിറങ്ങിയ പ്രേം രത്തന്‍ ധന്‍ പായോ ആണ് അവസാനം പുറത്തിറങ്ങിയ അര്‍മാന്റെ ചിത്രം. സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച ബിഗ് ബോസ് 7ല്‍ അര്‍മാന്‍ പങ്കെടുത്തിരുന്നു.
    തന്നെ ഇതാദ്യമായല്ല അര്‍മാന്‍ ഉപദ്രവിക്കുന്നതെന്ന് നീരു പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അര്‍മാനുമായുള്ള ബന്ധം ഉപേക്ഷിച്ച് ദുബായില്‍ എത്തി ജോലി ചെയ്ത് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുകയായിരുന്ന തന്നോട് പഴയതുപോലെയുള്ള ജീവിതം ഉണ്ടാകില്ലെന്ന് ഉറപ്പുതന്നും തന്നെക്കൂടാതെ അര്‍മാന്റെ മാതാപിതാക്കള്‍ക്കും അര്‍മാനും ജീവിക്കാന്‍ കഴിയില്ലെന്ന് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ജോലി ഉപേക്ഷിച്ച് ദുബായില്‍ നിന്നും വീണ്ടും അര്‍മാനൊപ്പം താമസിക്കാനിടയായതെന്നും നീരു പറഞ്ഞു. പിന്നീട് ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ മര്‍ദ്ദിച്ച് മൂക്കിന് പരിക്കേല്‍പിച്ചതായും നീരു പറഞ്ഞിരുന്നു.

    

OTHER SECTIONS