ബോക്സ്ഓഫിസിൽ തുടർ പരാജയങ്ങളിൽ മുങ്ങി അക്ഷയ് കുമാർ

By santhisenanhs.10 06 2022

imran-azhar

 

അക്ഷയ് കുമാറിന്റെ തുടർച്ചയായ രണ്ട് സിനിമകളാണ് ബോക്സ്ഓഫിസിൽ തകർന്നു വീണത്. കഴിഞ്ഞ മാർച്ചിൽ തിയറ്ററുകളിലെത്തിയ ബച്ചൻ പാണ്ഡെ എന്ന ചിത്രം വൻ പരാജയമായിരുന്നു. 180 കോടി മുടക്കിയ സിനിമയ്ക്ക് ആകെ ലഭിച്ചത് 68 കോടി മാത്രമാണ്. 300 കോടി മുടക്കി കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം ഇതുവരെ നേരിയത് 60 കോടി രൂപ. അക്ഷയ് കുമാറിന്റെ കരിയറിലെ വമ്പൻ പരാജയമായിരിക്കും സാമ്രാട്ട് പൃഥ്വിരാജ്.

 

തെന്നിന്ത്യൻ സിനിമകൾക്ക് മുന്നിൽ ബോളിവുഡ് കിതയ്ക്കുന്ന കാഴ്ച പതിവാവുകയാണ്. വിക്രം, മേജർ എന്നീ സിനിമകളുടെ റിലീസ് ആണ് പൃഥ്വിരാജിന് വിനയായത്. സാമ്രാട്ട് പൃഥ്വിരാജ് രണ്ട് ദിവസം കൊണ്ട് 23 കോടി മാത്രം കലക്ട് ചെയ്തപ്പോൾ കമൽഹാസന്റെ വിക്രം നൂറ് കോടി ക്ലബ്ബിലെത്തിയത് ബോളിവുഡിനെ ഞെട്ടിച്ചെന്നാണ് അണിയറ സംസാരം.

 

ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത സോനു സൂദും പൃഥ്വിരാജിന് ലഭിക്കുന്ന കലക്ഷനിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങളെ ഏറ്റടുക്കുന്ന പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ട്. എന്നാൽ പ്രതീക്ഷിച്ചത്ര ബിസിനസ്സ് ഈ ചിത്രത്തിന് ലഭിച്ചില്ലായിരിക്കാം, പകർച്ചവ്യാധിക്ക് ശേഷം കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണെന്ന് ഞങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. അത് മനസ്സിലാക്കിയേ പറ്റൂ. എങ്കിലും ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിലും ആവേശത്തിലും ഞാൻ സന്തുഷ്‌ടനാണ്.– ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോനു സൂദ് പറഞ്ഞു.

 

ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ വലിയ പ്രതീക്ഷകളോട് കൂടി തിയേറ്ററുകളിൽ എത്തിയ ചിത്രം ഇതുവരെ നേടിയത് 60 കോടി രൂപ മാത്രമാണ്. സാറ്റലൈറ്റ്, ഓവർസീസ്, ഒടിടി തുക ലഭിച്ചാൽ പോലും ചിത്രം വലിയ നഷ്ടം നേരിടും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 10.70 കോടി, 12.60 കോടി, 16.10 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ആയി ആദ്യ മൂന്ന് ദിവസങ്ങളിൽ ഭേദപ്പെട്ട പ്രതികരണം ലഭിച്ചെങ്കിലും പിന്നീട് ചിത്രം ബോക്സ്ഓഫിസിൽ തകർന്നടിയുകയായിരുന്നു. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾക്ക് ലഭിച്ച തുക ഉൾപ്പെടെ കണക്കാക്കിയാൽ പോലും ചിത്രം 100 കോടി രൂപ നഷ്ടം നേരിടുമെന്ന് റിപ്പോർട്ടുകളുണ്ട്.

 

മാർച്ചിൽ റിലീസ് ചെയ്ത ബച്ചൻ പാണ്ഡ തമിഴ് ചിത്രമായ ജിഗർതാണ്ഡയുടെ റീമേക്ക് ആയിരുന്നു. ഫർഹാദ് സാംജി സംവിധാനം ചെയ്ത ചിത്രത്തിന്റെ നഷ്ടം 112 കോടിയായിരുന്നു.

OTHER SECTIONS