അലമാര

By Eva Neethal Hashmi.17 Mar, 2017

imran-azhar

 
വേണമെങ്കില്‍ അലമാരയില്‍ കയറാം...

മനുഷ്യാതീതമായ വസ്തുക്കള്‍ കഥാഗതിയെ നിര്‍ണ്ണയിക്കുന്ന പ്രധാന സാധ്യതകളായുപയോഗിച്ച് സിനിമ ചമയ്ക്കുന്നത് പുതുമയല്ല. മലയാളത്തില്‍ അത്തരത്തില്‍ ഏറ്റവും പ്രധാനം ജൂനിയര്‍ മാന്‍ഡ്രേക്കാണ്. ഒരു തലയുടെ പ്രതിമ ചിരിയുണ്ടാക്കി സിനിമ വിജയിപ്പിക്കുക എന്ന അതിശയമാണതില്‍ സംഭവിച്ചത്. ഈയടുത്തിടേ ഹലോ നമസ്‌തേയില്‍ ഒരു പ്ലാവും, ഇവന്‍ മര്യാദരാമനില്‍ ഒരു സൈക്കിളും ഒക്കെ അത്തരത്തില്‍ ഇടപെട്ടുവെങ്കിലും ഒരു അചേതന വസ്തുവിന്റെ ഏറ്റവും കൃത്യമായ ഉപയോഗമാണ് അലമാരയില്‍. അതായത് അലമാര എന്ന സിനിമയില്‍ ഒരു അലമാരയാണ് കഥാഗതിയില്‍ നിര്‍ണ്ണായക സ്വാധീനശക്തിയായി വര്‍ത്തിക്കുന്നത്. അതിന്റെ പരിമിതകളും, പരാതീനതകളും സിനിമയ്ക്കുണ്ട് താനും.

 

ഒറ്റവാക്ക് - മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാരയുടെ കഥ പുതുമകളവകാശപ്പെടുവാന്‍ തക്ക മികവുള്ളതല്ല. അവതരണത്തിലെ ഭംഗിയും, വൃത്തിയുമാണ് കണ്ടിരിക്കാവുന്ന സൃഷ്ടിയാക്കി സിനിമയെ മാറ്റുന്നത്. ഒപ്പം പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ചില വകകളും എമ്പാടും കൃത്യമായ അളവില്‍ ചേര്‍ത്തിരിക്കുന്നു. നായകനായ അരുണ്‍ പവിത്രന്‍ എന്ന കഥാപാത്രമായി അഭിനയിച്ച സണ്ണി വെയ്ന്‍ തന്റെ പ്രതിഭ തെളിയിക്കുന്നുണ്ട്. അതായത് കഥാപാത്രമാവശ്യപ്പെടുന്ന തരത്തിലേക്ക് തന്നെയെത്തിക്കുവാന്‍ അദ്ദേഹത്തിന് സാധ്യമായിരിക്കുന്നു എന്നര്‍ത്ഥം.

 

കഥ - ബാംഗ്ലൂരില്‍ ബാങ്ക് ഉദ്യോഗസ്ഥനായ അരുണ്‍ പവിത്രന്റെ വിവാഹവും, തുടര്‍ന്നുള്ള ജീവിതവും, ഭാര്യവീട്ടില്‍ നിന്ന് സമ്മാനമായി ലഭിക്കുന്ന ഒരു അലമാരയും ചേര്‍ന്ന് സൃഷ്ടിക്കുന്ന രസങ്ങളാണ് സിനിമ കുടുംബ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമ്മായിയമ്മ, മരുമകള്‍, മരുമകന്‍, അമ്മായിയച്ഛന്‍, നാത്തൂന്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, ശത്രുക്കള്‍ എന്നിവരൊക്കെച്ചേര്‍ന്നുള്ള പ്രശ്‌നങ്ങളുമതില്‍ നിന്നുരുത്തിരിയുന്ന ഹാസ്യവുമായി രണ്ടര മണിക്കൂര്‍.

 

മെച്ചം - ഏറെക്കുറേ ഇഴച്ചിലില്ലാത്ത അവതരണം , നിര്‍ദോഷമായ ഹാസ്യം , അഭിനേതാക്കളുടെ അനായാസ പ്രകടനം. പ്രത്യേകിച്ചും രണ്‍ജി പണിക്കര്‍, സീമ ജി നായര്‍, അജു വര്‍ഗീസ്, സുധി കോപ്പ, സൈജു കുറുപ്പ് , ഇന്ദ്രന്‍സ് എന്നിവര്‍. മണികണ്ഠന്‍ ആചാരിയും നന്നായി. എഡിറ്റിംഗ് നന്നായി.

 

കോട്ടം - അനാവശ്യമായി തിരുകിക്കയറ്റിയതെന്നു തോന്നിപ്പിക്കുന്ന വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട ഒരു ഉപകഥ. അത് സിനിമയുടെ നേരാശയത്തെ അല്‍പ്പം പരിക്കേല്‍പ്പിച്ചുവെങ്കിലും ഒരു ഘട്ടത്തില്‍ അവതരണത്തെ ചടുലമാക്കുന്നു എന്നതും മറക്കുന്നില്ല. സംഗീതം മോശം.

 

പ്രത്യേകത - അലമാരയുടെ പരിവേദനം പറച്ചില്‍ സലിം കുമാറിന്റെ ശബ്ദത്തിലാണ്. ഈയടുത്തിടേ ഉടേ്യാപ്യയിലെ രാജാവില്‍ കാക്കയുടെ വര്‍ത്തമാനവും അദ്ദേഹത്തിന്റെ ശബ്ദത്തിലായിരുന്നു. രൂപമില്ലെങ്കിലും ശബ്ദം കൊണ്ട് തന്റെ സാന്നിധ്യം സിനിമയില്‍ സജീവമാക്കുവാന്‍ അദ്ദേഹത്തിനായി. ഇവന്‍ മര്യാദരാമനില്‍ സൈക്കിള്‍ സംസാരിച്ചത് സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദത്തിലാണ് എന്നുമോര്‍ക്കുക.

 

വാലറ്റം - കാലത്തിനനുസരിച്ച് പുതുക്കിയതെങ്കിലും ആശയം പഴയത്, അവതരണം പുതിയത്. ദുരാഗ്രഹങ്ങളില്ലാത്ത, രസകരമായി കണ്ടിരിക്കാവുന്ന ഒരു സിനിമ പ്രതീക്ഷിക്കുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത മുന്‍ സിനിമകളായ ആട് ഒരു ഭീകര ജീവിയാണ്, ആന്‍മരിയ കലിപ്പിലാണ് എന്നിവയുടെ നിഴല്‍ േപാലും അലമാരയില്‍ പതിച്ചിട്ടില്ല എന്നതും അഭിനന്ദനീയം. മിഥുന്‍ മികച്ച സംവിധായകരുടെ നിരയിലേക്ക് നീങ്ങിനില്‍ക്കുവാന്‍ സമയമായി എന്നുറപ്പ്.

loading...