പ്രേമത്തിലെ മേരി ഇല്ലെങ്കിൽ എനിക്കൊരു സിനിമാ ജീവിതം ഉണ്ടാകുമായിരുന്നില്ല: അനുപമ പരമേശ്വരൻ

By santhisenanhs.22 09 2022

imran-azhar

 

പ്രേമത്തിലെ മേരി ഇല്ലായിരുന്നുവെങ്കിൽ തനിക്കൊരു സിനിമാ ജീവിതമേ ഉണ്ടാകില്ലായിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ. ആരും തഴയുന്നത് കൊണ്ടല്ല മലയാളത്തില്‍ സജീവമാകാത്തതെന്നും കഴിവുള്ളവരെ മലയാള സിനിമ എന്നും സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും അനുപമ പറഞ്ഞു.

 

പ്രേമത്തിലാണ് എല്ലാത്തിന്റെയും തുടക്കം. ഞാൻ തിരക്കഥ തിരഞ്ഞെടുക്കുന്നതിനേക്കാൾ തിരക്കഥകൾ എന്നെയാണ് തിരഞ്ഞെടുത്തതെന്ന് പറയാം. അ ആയാണ് തെലുങ്കിലെ ആദ്യ സിനിമ. അതെന്റെ ചോയ്സ് ആയിരുന്നില്ല. ആ സിനിമയിൽ ഞാൻ കുറച്ച് നേരം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ എന്തുകൊണ്ടോ ആ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അത് കഴിഞ്ഞതിനുശേഷമാണ് തെലുങ്കിൽ നിന്നും ഓഫറുകൾ വരാൻ തുടങ്ങിയത്.

 

മലയാളത്തിൽ വരാതിരിക്കുന്നത് സമയം ഇല്ലാത്തതുകൊണ്ടല്ല. തിരക്കഥകൾ എന്നെ തിരഞ്ഞെടുക്കേണ്ടേ. നല്ല തിരക്കഥകൾ വരണമല്ലോ. ലോക്ഡൗൺ തുടങ്ങിയ സമയത്ത് ചില പ്രോജക്ടുകൾ വന്നെങ്കിലും അതൊക്കെ നീണ്ടുപോയി. അങ്ങനെ അതൊന്നും നടന്നില്ല.

 

മലയാള സിനിമ തഴയുന്ന പോലെ ഒന്നും തോന്നിയിട്ടില്ല, കാരണം പ്രേമം ഇറങ്ങിയ സമയത്ത് എന്നെ ഒരുപാട് സ്നേഹിച്ചതാണ് മലയാളി പ്രേക്ഷകര്‍. സിനിമാ രംഗത്ത് നിന്ന് വരെ ആ സ്നേഹം എനിക്ക് ലഭിച്ചതാണ്. മുടിയുള്ള കുട്ടി എന്ന രീതിയിലൊക്കെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. പക്ഷേ ഞാന്‍ പ്രേമം സിനിമയില്‍ കുറച്ച് ഭാഗത്തെ വരുന്നുള്ളു, അത് കൊണ്ട് എന്തിനാണ് ഇത്ര പ്രൊമോഷന്‍ ഒക്കെ കൊടുക്കുന്നത് എന്ന രീതിയില്‍ എല്ലാവരും ചിന്തിച്ച് കാണും. അങ്ങനെ ചിന്തിച്ചവരെ കുറ്റം പറയാനും പറ്റില്ല.

 

പിന്നെ ആ സമയത്ത് എനിക്ക് ആളുകളോട് എന്താണ് സംസാരിക്കേണ്ടത്, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പോലും അറിയില്ല. ഇപ്പോള്‍ കുറച്ച് ഫില്‍ട്ടര്‍ ചെയ്ത് സംസാരിക്കും , അന്ന് ഞാന്‍ ഒരു നോര്‍മല്‍ ഇരിഞ്ഞാലക്കുടക്കാരിയായിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് ഒക്കെ മാറ്റം വന്നിട്ടുണ്ട് കുറച്ച് ഇന്‍ഡസ്ട്രി അടവുകള്‍ പഠിച്ചു. അങ്ങനെ ഓരോന്ന് ഉണ്ടായി എന്നല്ലാതെ ഇന്‍ഡസ്ട്രി എന്നെ തഴയുന്ന പോലെ ഒന്നും തോന്നിയിട്ടില്ല. നല്ല ടാലന്റ് ഉള്ളവരെ മലയാള സിനിമ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനുള്ള ഒരു അവസരം അല്ലെങ്കില്‍ പ്ലാറ്റ് ഫോം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഒരു പക്ഷേ എനിക്ക് നാളെ അതിനുള്ള അവസരം കിട്ടിയാല്‍ എന്നെ അഭിനന്ദിക്കുമായിരിക്കും. അനുപമ പറഞ്ഞു.

 

ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നിവയാണ് അനുപമ മലയാളത്തില്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

OTHER SECTIONS