ബോളിവുഡില്‍ അടുത്ത വിവാഹ മോചനം: അര്‍ജുന്‍ രാംപാലും ഭാര്യയും വേര്‍പിരിഞ്ഞു

By Shyma Mohan.28 May, 2018

imran-azhar


    വിവാഹ മോചന വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത ബോളിവുഡില്‍ നിന്ന് മറ്റൊരു വിവാഹ മോചന വാര്‍ത്ത കൂടി. ബോളിവുഡ് താരം അര്‍ജുന്‍ രാംപാലും ഭാര്യ മെഹര്‍ ജെസിയയുമാണ് ഇത്തവണ വിവാഹ മോചന വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മോഡലിംഗില്‍ ഇരുവരും പ്രശസ്തിയാര്‍ജ്ജിച്ച വേളയിലായിരുന്നു അര്‍ജുന്‍ രാംപാല്‍ ബോളിവുഡില്‍ ചുവടുറപ്പിക്കുന്നതും മെഹറിനെ വിവാഹം ചെയ്യുന്നതും. 1998ല്‍ വിവാഹിതരായ ഇരുവരും 20 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് രണ്ടുവഴിക്ക് പിരിയുന്നത്.
    ഇതുസംബന്ധിച്ച് ഇരുവരും സംയുക്ത വാര്‍ത്താക്കുറിപ്പ് ഇറക്കി. 20 വര്‍ഷം നീണ്ട യാത്രയില്‍ സ്‌നേഹനിര്‍ഭരവും മനോഹരമായ ഓര്‍മകളുണ്ടെന്നും എല്ലാ യാത്രകള്‍ക്കും വ്യത്യസ്തങ്ങളായ വഴികളുണ്ടെന്നും രണ്ട് ലക്ഷ്യങ്ങളിലേക്ക് മാറാന്‍ സമയമായെന്ന് തങ്ങള്‍ക്ക് തോന്നുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നു. ജീവിതത്തില്‍ സ്വകാര്യത ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ ഇരുവരും. ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതില്‍ വിഷമമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയാണ്. ഞങ്ങള്‍ ഒരു കുടുംബമാണ്. ഞങ്ങള്‍ക്കിടയിലെ സ്‌നേഹം എക്കാലത്തും നില്‍ക്കുമെന്നും പ്രിയപ്പെട്ട മക്കളായ മഹികക്കും മിറക്കും എപ്പോഴും ഞങ്ങളുണ്ടാകുമെന്നും കുറിപ്പില്‍ അറിയിച്ചു. ഞങ്ങളുടെ സ്വകാര്യതയെ പരസ്പരം മാനിക്കും. എല്ലാ പിന്തുണക്കും നന്ദി. ബന്ധങ്ങള്‍ അവസാനിക്കാം. എന്നാല്‍ സ്‌നേഹം ജീവിക്കുമെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണമുണ്ടാകില്ലെന്നും കുറിപ്പില്‍ ഇരുവരും വ്യക്തമാക്കി. മഹിക(16), മിറ(13)യുമാണ് ഇരുവരുടെയും മക്കള്‍.  
OTHER SECTIONS