ബാഹുബലി 2

By V.G.Nakul.07 May, 2017

imran-azhar

കാണണം ബാഹുബലിയെ...

 

"അതിഗംഭീരം .............." ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഒരേ സ്വരത്തില്‍ പറയുന്നതിത്രമാത്രം...... അതിനവര്‍ക്ക് നിരത്തുവാന്‍ കാരണങ്ങളേറെ. മൂന്ന് മണിക്കൂര്‍ തീയേറ്ററുകള്‍ക്കുള്ളില്‍ സാങ്കേതികത്തികവും, ആസ്വാദ്യകരവുമായ ഒരു ചലച്ചിത്ര വിസ്മയം കണ്ണിമ വെട്ടാതെ കണ്ടിരുന്നതിന്റെ ആവേശം...... 

 

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്...... ? ഈ ചോദ്യത്തിന്റെ ഉത്തരമെന്തെന്ന ആകാംഷയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷം ബാഹുബലി വണ്‍ ദ ബിഗിനിംഗിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരെ അക്ഷമരാക്കിയത്. എന്നാല്‍ അതിനോക്കെ മുകളില്‍ എസ്.എസ്. രാജമൗലി എന്ന സംവിധായകന്‍ തന്റെ സിനിമയെ എത്തിച്ചു. അതുകൊണ്ടു തന്നെ മേല്‍ വിവരിച്ച കൗതുകത്തിന് ഇനി മേല്‍ പ്രസക്തിയില്ല. അതൊരു മികച്ച പരസ്യമാര്‍ഗ്ഗമായി സിനിമയുടെ അണിയറക്കാര്‍ ഉപയോഗിക്കുകയും, അതിലവര്‍ വിജയിക്കുകയും ചെയ്തു എന്നതാണ് സത്യം.

 

ആദ്യ ഭാഗത്തിന്റെ കൃത്യമായ തുടര്‍ച്ചയും, വിശധീകരണവുമാണ് രണ്ടാം ഭാഗം. ആദ്യ ഭാഗത്തിന്റെ ചടുലതയില്‍ നിന്ന് രണ്ടാം ഭാഗരത്തിലേത്തുമ്പോള്‍ അതി നാടകീയത സിനിമയെയാകെ ബാധിക്കുന്നു. എങ്കിലും കഥയും, ആഖ്യാനവുമാവശ്യപ്പെടുന്ന വൈകാരതികത സൃഷ്ടിക്കുവാനതിനാകുന്നു. അമരേന്ദ്ര ബാഹുബലിയുടെ ജീവിതവും, പ്രണയവും, മരണവുമാണ് രണ്ടാം ഭാഗത്തില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. ചിത്രാന്ത്യത്തില്‍ മഹേന്ദ്ര ബാഹുബലിയുടെ വിജയവും, സ്ഥാനാരോഹണവും അതിനോടു ചേര്‍ത്തുപയോഗിച്ചിരിക്കുന്നു.

 

സാധാര പ്രേക്ഷകരെ സ്വാധീനിക്കുന്ന, അവരെ ആകര്‍ഷിക്കുന്ന തരം രംഗങ്ങള്‍ ചിത്രത്തിലെമ്പാടുമുണ്ട്. അതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. കഥയ്ക്കനുസൃതമായി ഒരു പക്ഷേ അതിനു മേലെ കാഴ്ചകളുടെ ഭംഗി പകരുവാനുള്ള ശ്രമം പ്രത്യേകം പറയേണ്ടതായുണ്ട്. മികച്ച സംവിധാനവും, എഡിറ്റിംഗും, ഛായാഗ്രാഹണവും സിനിമയെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നു എന്ന് നിസ്സംശയം പറയാം.

 

ആദ്യ പകുതിയിലെ ആദ്യ രംഗങ്ങള്‍ ജനപ്രിയ തെലുങ്ക് സിനിമയുടെ സമകാലിക രസങ്ങളെ കൃത്യമായി ഉപേയാഗിച്ചിരിക്കുന്നു. സിനിമയുടെ മൊത്തം ഉദ്ദേശശുദ്ധിയില്‍ അല്‍പ്പം അയവു വരുത്തുന്നുവെങ്കിലും ആസ്വാദ്യകരമാണത്. ചിത്രാന്ത്യത്തിലെ നായകന്‍ -  പ്രതിനായകന്‍ സംഘട്ടനവും അതേ പോലെ തന്നെ. എങ്കിലും മൂന്ന് യുദ്ധ രംഗങ്ങളിലും, കഥയുടെ ഗതിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാന സന്ദര്‍ഭങ്ങളിലും സിനിമ മികച്ച, അസാധാരണമായ വിനിമയം സാധ്യമാക്കുന്നു.

 

നായകനായ പ്രഭാസ് , നായികയായ അനുഷ്ക, പ്രതിനായക നിരയില്‍ റാണാ ദഗ്ഗുപതി, നാസര്‍, മുഖ്യ കഥാപാത്രങ്ങളായ സത്യരാജ്, രമ്യ കൃഷ്ണന്‍ എന്നിവര്‍ തങ്ങളുടെ വേഷം ഭംഗിയാക്കി. സ്‌പെഷ്യല്‍ എഫക്ടിലും, പശ്ചാത്തല സംഗീതത്തിലും പേരായ്മകളില്ല. പാട്ടുകള്‍ മെച്ചമല്ല.

 

ചുരുക്കത്തില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സുവ്യക്തമായ സ്ഥാനമടയാളപ്പെടുത്തുവാന്‍ ശേഷിയുള്ള, സിനിമയെന്നാല്‍ സാങ്കേിതക കലയാണെന്നതിനെ അരക്കിട്ടുറപ്പിക്കുന്ന ഇതിഹാസ സൃഷ്ടി തന്നെ ബാഹുബലി ടു ദ കണ്‍ക്ലൂഷന്‍.

OTHER SECTIONS