സി ഐ എ

By Dipin Mananthavady .07 May, 2017

imran-azhar

അമല്‍ നീരദ് സിനിമകളുടെ പൊതുസ്വഭാവത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ചിത്രമായ സിഐഎ പ്രണയത്തിനും സാഹസികതയ്ക്കും പ്രധാന്യം നല്‍കുന്ന ചിത്രമാണ്. ആദ്യപകുതിയില്‍ പ്രത്യക്ഷമായും രണ്ടാം പകുതിയില്‍ പരോക്ഷമായും രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ ചിത്രമായി സി.ഐ.എ അടയാളപ്പെടുത്താന്‍ സാധിക്കില്ല. ഇതിനിടയിലും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്റെ ശരങ്ങള്‍ കൂടി സിനിമയില്‍ പലയിടത്തായി കരുതിവച്ചിട്ടുണ്ട്. ഒന്നാം പകുതിയില്‍ ദുല്‍ഖറെന്ന നായകന്റെ മാസിനെയും രണ്ടാം പകുതിയില്‍ സംവിധായകന്റെയും ഛായാഗ്രാഹകന്റെയും ക്ലാസിനെയും സിനിമയുടെ ഹൈലൈറ്റാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല. ദുല്‍ഖര്‍ എന്ന നായകന്റെ മാനറിസങ്ങളും അമല്‍ നീരദിന്റെ ദൃശ്യഭാഷയുടെ ചാരുതയും ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വദിച്ച് കാണാന്‍ കഴിയുന്ന ചിത്രമാണ് സി.ഐ.എ.


സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ കെ.എം.മാണിയും ബാര്‍കോഴയുമെല്ലാം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സി.ഐ.എ.യിലെ പാലാക്കാരന്‍ കോരസാര്‍ പ്രതീകമാകുന്നുണ്ട്. അഴിമതിക്കാരനായ കോരസാറിനെതിരെ സമരം നയിക്കുന്ന യുവജന രാഷ്ട്രീയ പ്രവര്‍ത്തകനായ അജി മാത്യൂവിന്റെ സമരവീര്യത്തിലൂടെയാണ് പ്രേക്ഷകന്റെ സിനിമയിലേയ്ക്കുള്ള എന്‍ട്രി. ഇടതുയുവജന രാഷ്ട്രീയ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന വിധത്തില്‍ ദുല്‍ഖറിന്റെ മാസ് എന്‍ട്രി തന്നെയാണ് തുടക്കത്തില്‍ അമല്‍ നീരദ് സിനിമയില്‍ ഒരുക്കിയിരിക്കുന്നത്. പാലയിലെ കേരളകോണ്‍ഗ്രസുകാരുടെ പൊതുസ്വഭാവമെല്ലാമുള്ള മാത്യുച്ചായന്റെ മകനാണ് അജി മാത്യൂ. മകന്‍ പിന്തിരിപ്പനായ കമ്മ്യൂണിസ്റ്റാണെന്ന് വിമര്‍ശിക്കുമ്പോഴും അച്ഛന്‍ മകന്‍ ബന്ധത്തിലെ വൈകാരികത കുടുംബപ്രേക്ഷകര്‍ക്ക് സ്വീകാര്യമാകുന്നുണ്ട്. അച്ഛനും മകനുമായി ദുല്‍ഖറും-സിദ്ധിഖും വരുമ്പോള്‍ ഉണ്ടാകുന്ന കെമിസ്ട്രി ഉസ്താദ് ഹോട്ടലിനെ അനുസ്മരിപ്പിക്കുന്നുണ്ട്. സമരവും സംഘര്‍ഷവുമായി നടക്കുമ്പോഴും അജിയുടെ ജീവിതത്തിലേയ്ക്ക് പ്രണയം കടന്നു വരികയാണ്.


പ്രണയ വിജയത്തിനായി അജി മാത്യു അമേരിക്കയിലേയ്ക്ക് നടത്തുന്ന സാഹസിക യാത്രയാണ് രണ്ടാം പകുതിയെ ത്രില്ലടിപ്പിക്കുന്നത്. ലാറ്റിനമേരിക്കന്‍ വിപ്ലവഭൂമികയിലൂടെ അജി അമേരിക്കയിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ ചെഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറീസിന്റെ ഓര്‍മ്മ ഉയരുന്നുണ്ട്. ശ്രീലങ്കന്‍, പാക്കിസ്ഥാന്‍, ചൈന പാലസ്തീന്‍ സ്വദേശികളും അമേരിക്കയെന്ന സ്വപ്‌നഭൂമികയിലേയ്ക്ക് ഭാഗ്യം തേടി അജിയ്‌ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയം കൂടി സാഹസിക യാത്രയില്‍ കണ്ണിചേരുമ്പോള്‍ പ്രത്യക്ഷമായി രണ്ടാം പകുതിയിലും അമല്‍ നീരദിന് രാഷ്ട്രീയവുമായി സിനിമയെ കണ്ണിചേര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിര്‍ത്തിയാണ് രണ്ടാം പകുതിയിലൂടെ സിനിമ സഞ്ചരിക്കുന്നത്. മാണിയുടെ പാലായില്‍ നിന്നും ആരംഭിച്ച് ട്രംപിന്റെ അമേരിക്കയില്‍ സിനിമ അവസാനിപ്പിക്കുമ്പോള്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തെ അതിര്‍ത്തികള്‍ അപ്രസക്തമാക്കി സിനിമയില്‍ കൊണ്ടുവരാനുള്ള ശ്രമം അമല്‍ നീരദ് നടത്തിയിട്ടുണ്ട്. കെട്ടുറപ്പില്ലാത്ത തിരക്കഥ പക്ഷെ ശ്രമത്തിന്റെ മാറ്റും തീവ്രതയും ചെറുതായി ചോര്‍ത്തി കളഞ്ഞിട്ടുണ്ട്. തിരക്കഥ കൂടി മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ അടയാളപ്പെടുത്തേണ്ട സിനിമയായി സി.ഐ.എ മാറിയേനെ.


ദുല്‍ഖറും സിദ്ധിഖും മനസ്സില്‍ പതിയുമ്പോള്‍ തമിഴ് നടന്‍ ജോണ്‍ വിജയയുടെ പ്രകടനവും ഹൃദയത്തില്‍ ഇടം നേടുന്നുണ്ട്. ആദ്യപകുതിയില്‍ സിനിമയ്ക്ക് ചിരിയുടെ അന്തരീക്ഷം ഒരുക്കുന്നതില്‍ ദിലീഷ് പോത്തന്‍- സൗബിന്‍ ഷാ കൂട്ടുകെട്ട് പലയിടത്തും കൈയ്യടി സ്വന്തമാക്കിയിട്ടുണ്ട്. ആദ്യപകുതിയില്‍
നായികയായി വരുന്ന കാര്‍ത്തിക മുരളിയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. രണ്ടാം പകുതിയില്‍ എത്തുന്ന അനാമികയ്ക്ക് സ്വന്തം കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.


മലയാളി ഇതുവരെ കാണാത്ത ലാറ്റിനമേരിക്കന്‍ ഭൂമികകളിലൂടെയാണ് രണ്ടാം പകുതിയില്‍ സിനിമ പുരോഗമിക്കുന്നത്. അമല്‍ നീരദിന്റെ മാസ്റ്റര്‍ പീസായ ദൃശ്യഭാഷയ്ക്ക് പുതുമയും ആകര്‍ഷണവും സമ്മാനിക്കുന്ന ലൊക്കേഷനുകള്‍ സി.ഐ.എയെ നിര്‍ബന്ധമായും കാണേണ്ട ചിത്രമാക്കി മാറ്റുന്നു. ലാറ്റിനമേരിക്കന്‍ സിനിമകളുടെ കളര്‍ടോണിനെ അനുസ്മരിപ്പിച്ചാണ് ചിത്രത്തില്‍ ലാറ്റിനമേരിക്കന്‍ ഭൂമിക കടന്നു വരുന്നത്. ഛായാഗ്രാഹകന്‍ രണദിവെയ്ക്ക് സിനിമയുടെ മൂഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗോപി സുന്ദറും മോശമാക്കിയിട്ടില്ല.


തിരക്കഥയില്‍ കൂടി സൂക്ഷ്മത പുലര്‍ത്തിയിരുന്നെങ്കില്‍ ഗംഭീര സിനിമയായി മാറേണ്ട ചിത്രമായിരുന്ന സി.ഐ.എ. ദുല്‍ഖര്‍ ആരാധകര്‍ക്ക് മടുക്കാതെ തീയറ്ററിലെത്തി കാണാന്‍ സാധിക്കുന്ന സിനിമയെന്ന നിലയില്‍ സി.ഐ.എ തീയറ്റുകളില്‍ ചലനം സൃഷ്ടിക്കുന്നുണ്ട്.

loading...